ഒരു കുട്ടിയായിരുന്നപ്പോൾ, ജീവൻ തന്റെ പിതാവിനെ പരുഷസ്വഭാവമുള്ളവനും അകന്നവനുമായി കണ്ടു. ജീവന് അസുഖം ബാധിച്ച് ശിശുരോഗ വിദഗ്ദ്ധനെ കാണേണ്ടി വന്നപ്പോഴും പിതാവ് പിറുപിറുത്തു. ഒരിക്കൽ, പിതാവും മാതാവുമായുണ്ടായ ഒരു വഴക്കിനിടയിൽ, തന്നെ ഗർഭച്ഛിദ്രം ചെയ്യണമെന്ന് പിതാവ് ആഗ്രഹിച്ചിരുുന്നുവെന്ന് പിതാവ് പറയുന്നത് അവൻ കേട്ടു. ആവശ്യമില്ലാത്ത കുട്ടിയാണെന്ന തോന്നൽ പ്രായപൂർത്തിയായപ്പോഴും അവനെ പിന്തുടർന്നു. ജീവൻ യേശുവിൽ വിശ്വസിച്ചപ്പോൾ, ദൈവത്തെ തന്റെ ജീവിതത്തിന്റെ കർത്താവായി അറിയാമായിരുന്നിട്ടും, പിതാവെന്ന നിലയിൽ ദൈവവുമായി ബന്ധപ്പെടാൻ അയാൾക്ക് ബുദ്ധിമുട്ടുണ്ടായി.
ജീവനെപ്പോലെ, നമ്മുടെ ഭൗമിക പിതാക്കന്മാർ നമ്മെ സ്നേഹിക്കുന്നതായി തോന്നിയിട്ടില്ലെങ്കിൽ, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സമാനമായ സംശയങ്ങൾ നമുക്കും നേരിടേണ്ടി വന്നേക്കാം. ഞാൻ അവന് ഒരു ഭാരമാണോ എന്ന് നാം ചിന്തിച്ചേക്കാം. അവൻ എന്നെ കരുതുന്നുണ്ടോ? എന്നാൽ നമ്മുടെ ഭൗമിക പിതാക്കന്മാർ നിശ്ശബ്ദരും അകന്നവരുമായിരിക്കുമ്പോൾ, നമ്മുടെ സ്വർഗ്ഗീയ പിതാവായ ദൈവം അടുത്തുവന്ന് പറയുന്നു, “ഞാൻ നിന്നെ സ്നേഹിക്കുന്നു” (യെശയ്യാവ് 43:4).
യെശയ്യാവ് 43-ൽ ദൈവം നമ്മുടെ സ്രഷ്ടാവായും പിതാവായും സംസാരിക്കുന്നു. നിങ്ങൾ അവന്റെ കുടുംബത്തിന്റെ ഭാഗമായി അവന്റെ സംരക്ഷണയിൽ ജീവിക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നെങ്കിൽ, അവൻ തന്റെ ജനത്തോട് പറഞ്ഞത് ശ്രദ്ധിക്കുക: “ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിക്കും” (വാ. 6, 7). നിങ്ങൾ അവന് എത്രമാത്രം വിലയുള്ളവരാണെന്ന് ആശ്ചര്യപ്പെടുന്നെങ്കിൽ, അവന്റെ സ്ഥിരീകരണം കേൾക്കുക: “നീ എനിക്കു വില ഏറിയവനും മാന്യനും ആകുന്നു” (വാ. 4).
ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നതിനാൽ നമ്മുടെ പാപത്തിന്റെ ശിക്ഷ നൽകാൻ യേശുവിനെ അയച്ചു, അങ്ങനെ അവനിൽ വിശ്വസിക്കുന്ന നമുക്ക് അവനോടൊപ്പം എന്നേക്കും ആയിരിക്കാൻ കഴിയും (യോഹന്നാൻ 3:16). അവൻ പറയുന്നതും അവൻ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതും കാരണം, അവൻ നമ്മെ ആഗ്രഹിക്കുന്നുവെന്നും നമ്മെ സ്നേഹിക്കുന്നുവെന്നും ഉള്ള പൂർണ്ണ ആത്മവിശ്വാസം നമുക്കുണ്ടായിരിക്കാൻ കഴിയും.
ഒരു പിതാവെന്ന നിലയിൽ ദൈവവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവം എന്താണ്? നിങ്ങൾ അവനു വിലപ്പെട്ടവരാണെന്ന് എങ്ങനെ സ്വയം ഓർമ്മിപ്പിക്കാനാകും?
പിതാവേ, അങ്ങയുടെ സന്നിധിയിൽ വിലയേറിയവനും ആദരണീയനുമായ അങ്ങയുടെ പൈതലായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.