എന്റെ പ്രഭാത നടത്തത്തിനിടയിൽ, അതിശയകരമായ ഒരു കാഴ്ച സൃഷ്ടിച്ചുകൊണ്ട് സൂര്യൻ തടാകത്തിലെ വെള്ളത്തിന്റെ ഒരു കോണിൽ തെളിഞ്ഞു. ഒരു ചിത്രമെടുക്കാൻ ക്യാമറ ഫോക്കസ് ചെയ്തുകൊണ്ട് ഞാൻ എന്റെ സുഹൃത്തിനോട് നിൽക്കാൻ ആവശ്യപ്പെട്ടു. സൂര്യന്റെ സ്ഥാനം കാരണം, ഷോട്ട് എടുക്കുന്നതിന് മുമ്പ് എനിക്ക് എന്റെ ഫോണിന്റെ സ്ക്രീനിൽ ചിത്രം കാണാൻ കഴിഞ്ഞില്ല. എന്നാൽ ഇത് മുമ്പ് ചെയ്തിട്ടുള്ളതിനാൽ, ഇതൊരു മികച്ച ചിത്രമാണെന്ന് എനിക്ക് തോന്നി. ഞാൻ സുഹൃത്തിനോട് പറഞ്ഞു, ”നമുക്ക് ഇത് ഇപ്പോൾ കാണാൻ കഴിയില്ല, പക്ഷേ ഇതുപോലുള്ള ചിത്രങ്ങൾ എല്ലായ്പ്പോഴും നന്നായി വരാറുണ്ട്.”
ഈ ജീവിതത്തിലൂടെ വിശ്വാസത്താൽ നടക്കുന്നത് പലപ്പോഴും ഒരു ചിത്രം എടുക്കുന്നതുപോലെയാണ്. നിങ്ങൾക്ക് എല്ലായ്പ്പോഴും സ്ക്രീനിൽ വിശദാംശങ്ങൾ കാണാൻ കഴിയില്ല, എന്നാൽ അതിശയകരമായ ചിത്രം അവിടെ ഇല്ലെന്ന് അതിനർത്ഥമില്ല. ദൈവം എപ്പോഴും പ്രവർത്തിക്കുന്നത് നിങ്ങൾ കാണുന്നില്ല, എന്നാൽ അവൻ അവിടെ ഉണ്ടെന്ന് നിങ്ങൾക്കു വിശ്വസിക്കാം. എബ്രായലേഖനത്തിന്റെ എഴുത്തുകാരൻ എഴുതിയതുപോലെ, “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” (11:1). വിശ്വാസത്താൽ നാം നമ്മുടെ ആശ്രയവും ഉറപ്പും ദൈവത്തിൽ അർപ്പിക്കുന്നു-പ്രത്യേകിച്ചും അവൻ ചെയ്യുന്നത് കാണാനോ മനസ്സിലാക്കാനോ കഴിയാത്തപ്പോൾ.
വിശ്വാസത്തോടെ, കാണാത്തത് “ഷോട്ട് എടുക്കുന്നതിൽ” നിന്ന് നമ്മെ തടയില്ല. അത് നമ്മെ കൂടുതൽ പ്രാർത്ഥിക്കാനും ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം തേടാനും പ്രേരിപ്പിച്ചേക്കാം. മറ്റുള്ളവർ വിശ്വാസത്താൽ നടന്നപ്പോൾ എന്തു സംഭവിച്ചു എന്നും (വാ. 4-12) നമ്മുടെ സ്വന്തം അനുഭവത്തിൽ എന്തു സംഭവിച്ചു എന്നും അറിയുന്നതിനാൽ നമുക്ക് ദൈവത്തിൽ ആശ്രയിക്കാം. ദൈവം മുമ്പ് ചെയ്തത്, അവനു വീണ്ടും ചെയ്യാൻ കഴിയും.
നിങ്ങൾ ഇപ്പോൾ അത് വ്യക്തമായി കാണുന്നില്ലെങ്കിലും ദൈവം ചെയ്യുമെന്നു നിങ്ങൾ വിശ്വസിക്കുന്ന കാര്യം എന്താണ്? എങ്ങനെയാണ് അവൻ നിങ്ങളെയോ നിങ്ങളുടെ കുടുംബത്തെയോ മുൻകാലങ്ങളിൽ വിടുവിച്ചത്?
സ്വർഗ്ഗീയ പിതാവേ, ഭൂതകാലത്തിൽ അങ്ങ് എന്നെ നടത്തിയ എല്ലാ വഴികൾക്കും നന്ദി. അങ്ങ് ചെയ്യുന്നതെല്ലാം കാണാൻ കഴിയുന്നില്ലെങ്കിലും വിശ്വാസത്താൽ നടക്കാൻ എന്നെ സഹായിക്കേണമേ.