2022 സെപ്റ്റംബറിൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി അന്തരിച്ചപ്പോൾ, ശവസംസ്കാര ഘോഷയാത്രയിൽ മാർച്ച് ചെയ്യാൻ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിരുന്നു. വലിയ ജനക്കൂട്ടത്തിൽ അവരുടെ വ്യക്തിഗത വേഷങ്ങൾ ഏറെക്കുറെ ശ്രദ്ധിക്കപ്പെടാത്തതായിരുന്നു, പക്ഷേ പലരും അതിനെ ഏറ്റവും വലിയ ബഹുമതിയായി കണ്ടു. “അവരുടെ ബഹുമാനത്തിനായി ഞങ്ങളുടെ അവസാന കടമ നിർവഹിക്കാനുള്ള അവസരമാണിത്,” ഒരു സൈനികൻ പറഞ്ഞു. അവനെ സംബന്ധിച്ചിടത്തോളം, അവൻ എന്തുചെയ്യുന്നു എന്നതല്ല, ആർക്കുവേണ്ടി അത് ചെയ്യുന്നു എന്നതാണ് അതിനെ ഒരു പ്രധാന ജോലിയാക്കി മാറ്റിയത്.
സമാഗമനകൂടാരത്തിലെ ഉപകരണങ്ങൾ പരിപാലിക്കാൻ നിയോഗിക്കപ്പെട്ട ലേവ്യർക്കും സമാനമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. പുരോഹിതന്മാരിൽ നിന്ന് വ്യത്യസ്തമായി, ഗെർശോന്യർ, കൊഹാത്യർ, മെരാര്യർ എന്നിവർക്ക് ഭൗതികമെന്നു തോന്നുന്ന ജോലികൾ ഏൽപ്പിക്കപ്പെട്ടിരുന്നു: ഉപകരണങ്ങൾ, വിളക്കുകൾ, തിരശ്ശീലകൾ, തൂണുകൾ, കൂടാരക്കുറ്റികൾ, കയറുകൾ എന്നിവ വൃത്തിയാക്കൽ (സംഖ്യാ. 3:25-26, 28, 31, 36-37). എന്നിട്ടും അവരുടെ ജോലികളെ ദൈവം പ്രത്യേകമായി “കൂടാരത്തിന്റെ വേല” (വാ. 8) എന്നു നിർവചിച്ചു നൽകി.
എന്തൊരു പ്രോത്സാഹജനകമായ ചിന്ത! ഇന്ന്, ജോലിസ്ഥലത്തോ വീട്ടിലോ സഭയിലോ നമ്മളിൽ പലരും ചെയ്യുന്ന കാര്യങ്ങൾ പദവികൾക്കും ശമ്പളത്തിനും പ്രാധാന്യം നൽകുന്ന ഒരു ലോകത്തിന് നിസ്സാരമായി തോന്നിയേക്കാം. എന്നാൽ ദൈവം അതിനെ മറ്റൊരു തരത്തിൽ കാണുന്നു. നാം അവന്റെ നിമിത്തം പ്രവർത്തിക്കുകയും സേവിക്കുകയും ചെയ്യുന്നുവെങ്കിൽ – ശ്രേഷ്ഠത തേടുകയും അവന്റെ ബഹുമാനത്തിനായി അങ്ങനെ ചെയ്യുകയും ചെയ്യുന്നുവെങ്കിൽ, ഏറ്റവും ചെറിയ ജോലിയിൽ പോലും – നമ്മുടെ മഹത്തായ ദൈവത്തെ സേവിക്കുന്നതിനാൽ നമ്മുടെ ജോലി പ്രധാനമാണ്.
നിങ്ങൾ ആത്യന്തികമായി ദൈവത്തെ സേവിക്കുകയാണെന്ന് അറിയുന്നത് നിങ്ങളുടെ ജോലിയുടെ രീതിയെ എങ്ങനെയാണ് മാറ്റിമറിക്കുന്നത്? അവന്റെ നിമിത്തം അഭിമാനത്തോടെയും മികവോടെയും നിങ്ങൾക്കത് എങ്ങനെ ചെയ്യാൻ കഴിയും?
പിതാവേ, അങ്ങയെ സേവിക്കാൻ എനിക്ക് ഈ അവസരം നൽകിയതിന് നന്ദി. അങ്ങേയ്ക്കായി പ്രവർത്തിക്കാൻ അങ്ങ് എനിക്ക് നൽകിയ കഴിവുകളോടും ശക്തിയോടും വിശ്വസ്തനായിരിക്കാൻ എന്നെ സഹായിക്കണമേ.