അമേരിക്കൻ എഴുത്തുകാരനായ ഒ. ഹെൻറി 1905-ലെ തന്റെ പ്രിയപ്പെട്ട ക്രിസ്തുമസ് കഥ ദ ഗിഫ്റ്റ് ഓഫ് ദി മാഗി എഴുതിയപ്പോൾ വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ അദ്ദേഹം പാടുപെടുകയായിരുന്നു. എന്നിട്ടും, അദ്ദേഹം ഒരു പ്രചോദനാത്മക കഥ രചിച്ചു, അത് മനോഹരമായ, ക്രിസ്തുതുല്യമായ ത്യാഗം എന്ന സ്വഭാവ സവിശേഷതയെ എടുത്തുകാണിക്കുന്നു. കഥയിൽ, ദരിദ്രയായ ഒരു ഭാര്യ ക്രിസ്മസ് തലേന്ന് തന്റെ ഭർത്താവിന് സ്വർണ്ണ പോക്കറ്റ് വാച്ച് ചെയിൻ വാങ്ങുന്നതിനായി തന്റെ മനോഹരമായ നീളമുള്ള മുടി വിൽക്കുന്നു. അതറിയാതെ, അവളുടെ സുന്ദരമായ മുടിക്കുവേണ്ടി ഒരു സെറ്റ് ചീപ്പുകൾ വാങ്ങാൻ അവളുടെ ഭർത്താവ് തന്റെ പോക്കറ്റ് വാച്ച് വിറ്റു.
അവർ പരസ്പരം നൽകിയ ഏറ്റവും വലിയ സമ്മാനം? ത്യാഗം. ഓരോരുത്തരുടെയും പ്രവൃത്തി ഏറ്റവും വലിയ സ്നേഹത്തിന്റെ പ്രകടനമായിരുന്നു.
ആ രീതിയിൽ, ക്രിസ്തുവിന്റെ ജനനത്തിനു ശേഷം വിദ്വാന്മാർ (ജ്ഞാനികൾ) ശിശുവിനു നൽകിയ സ്നേഹദാനങ്ങളെ ഈ കഥ പ്രതിനിധീകരിക്കുന്നു (മത്തായി 2:1,11 കാണുക). എന്നിരുന്നാലും, ആ സമ്മാനങ്ങളേക്കാളുപരിയായി, ശിശുവായ യേശു വളർന്ന്, ഒരു ദിവസം ലോകത്തിനു മുഴുവൻ തന്റെ ജീവൻ നൽകും.
നമ്മുടെ ദൈനംദിന ജീവിതത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന നമുക്ക് നമ്മുടെ സമയം, സമ്പത്ത്, സ്നേഹത്തിന്റെ പ്രദർശനമായ മറ്റെല്ലാം മറ്റുള്ളവർക്ക് നൽകിക്കൊണ്ട് അവന്റെ മഹത്തായ സമ്മാനം എടുത്തുകാണിക്കാൻ കഴിയും. അപ്പൊസ്തലനായ പൗലൊസ് എഴുതിയതുപോലെ, “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ’’ (റോമർ 12:1). യേശുവിന്റെ സ്നേഹത്തിലൂടെ മറ്റുള്ളവർക്കുവേണ്ടി ത്യാഗം ചെയ്യുന്നതിനേക്കാൾ മികച്ച ദാനം മറ്റൊന്നില്ല.
ക്രിസ്തുവിന്റെ സ്നേഹം പ്രകടമാക്കിയ ഒരാളിൽ നിന്ന് നിങ്ങൾക്ക് എന്ത് ത്യാഗസമ്മാനമാണ് ലഭിച്ചിട്ടുള്ളത്? മറ്റുള്ളവർക്ക് എന്ത് ത്യാഗസമ്മാനമാണ് നിങ്ങൾക്ക് നൽകാനാകുക?
പ്രിയപ്പെട്ട ദൈവമേ, എന്റെ ദൈനംദിന ജീവിതത്തിൽ, മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി എന്റെ ആവശ്യങ്ങൾ ത്യാഗം ചെയ്തുകൊണ്ട് ഞാൻ യേശുവിനെ വെളിപ്പെടുത്തട്ടെ.