ചില സുഹൃത്തുക്കളോടൊപ്പം ഒരു വാട്ടർ പാർക്കിൽ ആയിരിക്കുമ്പോൾ, ഞങ്ങൾ ഊതിവീർപ്പിക്കാവുന്ന പ്ലാറ്റ്‌ഫോമുകളിൽ ഫ്‌ളോട്ടിംഗ് ഒബ്സ്റ്റക്കിൾ കോഴ്‌സ് ചെയ്യാൻ ശ്രമിച്ചു. തെറിക്കുന്നതും വഴുവഴുപ്പുള്ളതുമായ പ്ലാറ്റ്‌ഫോമുകൾ നേരെയുള്ള നടത്തം മിക്കവാറും അസാധ്യമാക്കി. വളവുകൾ, പാറക്കെട്ടുകൾ, പാലങ്ങൾ എന്നിവയിലൂടെ ഞങ്ങൾ ആടിയുലഞ്ഞു നടക്കുമ്പോൾ, അപ്രതീക്ഷിതമായി വെള്ളത്തിലേക്ക് വീണു. ഒരു കോഴ്‌സ് പൂർത്തിയാക്കിയ ശേഷം, പൂർണ്ണമായും തളർന്നുപോയ എന്റെ സുഹൃത്ത് അവളുടെ ശ്വാസം പിടിക്കാൻ ”ടവറുകളിൽ” ഒന്നിലേക്ക് ചാഞ്ഞു. നിമിഷത്തിനുള്ളിൽ അത് അവളുടെ ഭാരം നിമിത്തം വെള്ളത്തിലേക്കു മറിഞ്ഞു.

വാട്ടർ പാർക്കിലെ ദുർബലമായ ഗോപുരങ്ങളിൽനിന്നു വ്യത്യസ്തമായി, ബൈബിൾ കാലങ്ങളിൽ ഒരു ഗോപുരം പ്രതിരോധത്തിനും സംരക്ഷണത്തിനുമുള്ള ഒരു കോട്ടയായിരുന്നു. നഗരത്തിന് നേരെയുള്ള അബിമേലെക്കിന്റെ ആക്രമണത്തിൽ നിന്ന് ഒളിച്ചോടാൻ തേബെസിലെ ജനങ്ങൾ എങ്ങനെയാണ് “ഉറപ്പുള്ള ഒരു ഗോപുര’’ത്തിലേക്ക് ഓടിപ്പോയതെന്ന് ന്യായാധിപന്മാർ 9:50-51 വിവരിക്കുന്നു. സദൃശവാക്യങ്ങൾ 18:10-ൽ, ദൈവം ആരാണെന്ന് വിശദീകരിക്കാൻ എഴുത്തുകാരൻ ശക്തമായ ഒരു ഗോപുരത്തിന്റെ ചിത്രം ഉപയോഗിച്ചു-അവനിൽ അഭയം പ്രാപിക്കുന്നവരെ രക്ഷിക്കുന്നവൻ.

എന്നിരുന്നാലും, ചിലപ്പോൾ, തളർന്നിരിക്കുമ്പോഴോ അടിക്കടി വീഴുമ്പോഴോ ദൈവത്തിന്റെ ശക്തമായ ഗോപുരത്തിൽ ചാരിനിൽക്കുന്നതിനുപകരം, സുരക്ഷിതത്വത്തിനും പിന്തുണയ്ക്കുമായി നാം മറ്റ് കാര്യങ്ങൾ തേടുന്നു – ഒരു തൊഴിൽ, ബന്ധങ്ങൾ അല്ലെങ്കിൽ ശാരീരിക സുഖങ്ങൾ. തന്റെ സമ്പത്തിൽ ശക്തി തേടുന്ന ധനികനിൽ നിന്ന് നാം വ്യത്യസ്തരല്ല (വാ. 11). പക്ഷേ, ഊതിവീർപ്പിക്കുന്ന ടവറിന് എന്റെ സുഹൃത്തിനെ താങ്ങാൻ കഴിയാത്തതുപോലെ, നമുക്ക് ശരിക്കും ആവശ്യമുള്ളത് നൽകാൻ ഈ കാര്യങ്ങൾക്ക് കഴിയില്ല. ദൈവം-സർവ്വശക്തനും എല്ലാ സാഹചര്യങ്ങളെയും നിയന്ത്രിക്കുന്നവനും-യഥാർത്ഥ ആശ്വാസവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നു.