മുപ്പത് വർഷത്തിലേറെയായി, അദ്ധ്യാപികയായ ലൂർദസ് വിദ്യാർത്ഥികളെ അഭിമുഖമായി പഠിപ്പിച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താൻ ആവശ്യപ്പെട്ടപ്പോൾ അവൾ വിഷമിച്ചു. ”എനിക്ക് കംപ്യൂട്ടറുകളൊന്നും നന്നായി ഉപയോഗിക്കാനറിയില്ല,” അവൾ ചിന്തിച്ചു. “എന്റെ ലാപ്ടോപ്പ് പഴയതാണ്, വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമുകൾ എനിക്ക് പരിചിതമല്ല.’’
ചിലർക്ക് ഇത് ഒരു ചെറിയ കാര്യമായി തോന്നുമെങ്കിലും, അത് അവൾക്ക് ഒരു യഥാർത്ഥ സമ്മർദ്ദമായിരുന്നു. ”ഞാൻ തനിച്ചാണ് താമസിക്കുന്നത്, അതിനാൽ സഹായിക്കാൻ ആരുമില്ല,” അവൾ പറഞ്ഞു. “എന്റെ വിദ്യാർത്ഥികൾ ക്ലാസ് ഉപേക്ഷിക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്, എനിക്ക് വരുമാനം ആവശ്യമാണ്.’
ഓരോ ക്ലാസിനുമുമ്പും ലൂർദസ് തന്റെ ലാപ്ടോപ്പ് ശരിയായി പ്രവർത്തിക്കാൻ പ്രാർത്ഥിക്കുമായിരുന്നു. ”ഫിലിപ്പിയർ 4:5-6 എന്റെ സ്ക്രീനിലെ വാൾപേപ്പറായിരുന്നു,” അവൾ പറഞ്ഞു. “ഞാൻ അത്രത്തോളം ആ വാക്കുകളെ മുറുകെപ്പിടിച്ചു.’’
”കർത്താവ് സമീപസ്ഥനായതിനാൽ” (ഫിലിപ്പിയർ 4:5) ഒന്നിനെക്കുറിച്ചും ആകുലരാകരുതെന്ന് പൗലൊസ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. അവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തം മുറുകെ പിടിക്കാനുള്ളതാണ്. നാം അവന്റെ സാമീപ്യത്തിൽ വിശ്രമിക്കുകയും പ്രാർത്ഥനയിൽ അവനോട് – ചെറുതും വലുതുമായ – എല്ലാ കാര്യങ്ങളും സമർപ്പിക്കുകയും ചെയ്യുമ്പോൾ അവന്റെ സമാധാനം നമ്മുടെ “ഹൃദയങ്ങളെയും നിനവുകളെയും . . . ക്രിസ്തുയേശുവിൽ കാക്കും” (വാ. 7).
“കമ്പ്യൂട്ടർ തകരാറുകൾ പരിഹരിക്കുന്നതിനെക്കുറിച്ചുള്ള വെബ്സൈറ്റുകളിലേക്ക് ദൈവം എന്നെ നയിച്ചു,” ലൂർദസ് പറഞ്ഞു. “എന്റെ സാങ്കേതിക പരിമിതികൾ മനസ്സിലാക്കിയ ക്ഷമാശീലരായ വിദ്യാർത്ഥികളെയും ദൈവം എനിക്ക് നൽകി.’’ നമ്മുടെ ജീവിതത്തിന്റെ എല്ലാ ദിവസങ്ങളിലും ദൈവത്തെ അനുഗമിക്കാൻ ശ്രമിക്കുമ്പോൾ ദൈവത്തിന്റെ സാന്നിധ്യവും സഹായവും സമാധാനവും നമുക്ക് ആസ്വദിക്കാം. നമുക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും: ”കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു!’’ (വാ. 4).
ദൈവം സമീപസ്ഥനാണെന്ന് അറിയുന്നത്, ഉത്കണ്ഠപ്പെടുന്നതിൽനിന്ന് സമാധാനത്തിലേക്കു നിങ്ങളെ എങ്ങനെ മാറ്റും? നിങ്ങൾക്ക് ദൈവസന്നിധിയിൽ എന്ത് പ്രത്യേക അപേക്ഷകൾ സമർപ്പിക്കാൻ കഴിയും?
പ്രിയ ദൈവമേ, എന്റെ അടുത്തുണ്ടായിരിക്കുന്നതിന് നന്ദി. അങ്ങയുടെ സ്നേഹ സാന്നിദ്ധ്യവും സഹായവും സമാധാനവും നിമിത്തം എനിക്ക് ആകുലപ്പെടേണ്ടതില്ല.