ഫെയ് അവളുടെ വയറിലെ മുറിപ്പാടുകളിൽ തൊട്ടു. അന്നനാള-ആമാശയ ക്യാൻസർ നീക്കം ചെയ്യാനുള്ള മറ്റൊരു ശസ്ത്രക്രിയയിലൂടെ അവൾ കടന്നുപോയി. ഈ സമയം ഡോക്ടർമാർ അവളുടെ വയറിന്റെ ഒരു ഭാഗം നീക്കം ചെയ്യുകയും അവരുടെ ജോലിയുടെ വ്യാപ്തി വെളിപ്പെടുത്തുന്ന ഒരു വലിയ മുറിപ്പാട് അവശേഷിപ്പിക്കുകയും ചെയ്തു. അവൾ തന്റെ ഭർത്താവിനോട് പറഞ്ഞു, ”മുറിപ്പാടുകൾ ക്യാൻസറിന്റെ വേദനയെ അല്ലെങ്കിൽ രോഗശാന്തിയുടെ തുടക്കത്തെ പ്രതിനിധീകരിക്കുന്നു. രോഗശാന്തിയുടെ പ്രതീകമായി ഞാൻ എന്റെ പാടുകളെ തിരഞ്ഞെടുക്കുന്നു.’’

ദൈവവുമായി രാത്രി മുഴുവൻ മല്പിടുത്തം നടത്തിയതിനുശേഷം യാക്കോബ് സമാനമായ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. സ്വർഗ്ഗീയ എതിരാളി യാക്കോബിന്റെ തുടയുടെ തടത്തിൽ ഇടിക്കുകയും, അതിൽ തളർന്നുപോയ യാക്കോബ് തോൽവി സമ്മതിക്കുകയും ചെയ്തു, പക്ഷേ ഒരു മുടന്ത് അവശേഷിച്ചു. മാസങ്ങൾക്ക് ശേഷം, യാക്കോബ് തന്റെ ഇടുപ്പിൽ തലോടിയപ്പോൾ അവൻ എന്തായിരിക്കും ചിന്തിച്ചതെന്ന് ഞാൻ അത്ഭുതപ്പെടുന്നു.

ഈ നിർഭാഗ്യകരമായ പോരാട്ടത്തിന് നിർബന്ധിതമായ തന്റെ വഞ്ചനയുടെ വർഷങ്ങളെക്കുറിച്ച് യാക്കോബ് ഖേദിച്ചിരുന്നുവോ? ആരാണെന്ന് സമ്മതിക്കുന്നതുവരെ അവനെ അനുഗ്രഹിക്കാൻ വിസമ്മതിച്ചുകൊണ്ട് ദൈവദൂതൻ അവനിൽ നിന്ന് സത്യം പുറത്തുകൊണ്ടുവരാൻ പോരാടി. “കുതികാൽ പിടിച്ചവൻ’’ താൻ ആണെന്ന് യാക്കോബ് സമ്മതിച്ചു (ഉല്പത്തി 25:26 കാണുക). അവൻ തന്റെ സഹോദരൻ ഏശാവിന്റെയും അമ്മായിയപ്പൻ ലാബാന്റെയും നേരെ തന്ത്രങ്ങൾ പ്രയോഗിച്ചു, അവരിൽനിന്നു നേട്ടം കൊയ്യാൻ ശ്രമിച്ചു. സ്വർഗ്ഗീയ മല്പിടുത്തക്കാരൻ പറഞ്ഞു, “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും” (വാ. 28).

യാക്കോബിന്റെ മുടന്ത് അവന്റെ പഴയ വഞ്ചനാ ജീവിതത്തിന്റെ മരണത്തെയും ദൈവത്തോടൊപ്പമുള്ള അവന്റെ പുതിയ ജീവിതത്തിന്റെ തുടക്കത്തെയും പ്രതിനിധീകരിക്കുന്നു. യാക്കോബിന്റെ അവസാനവും യിസ്രായേലിന്റെ തുടക്കവും ആയിരുന്നു അത്. അവന്റെ തളർച്ച അവനെ ദൈവത്തിൽ ആശ്രയിക്കാൻ പ്രേരിപ്പിച്ചു, അവൻ ഇപ്പോൾ ദൈവത്തിലും ദൈവത്തിലൂടെയും ശക്തമായി മുന്നേറി.