ഹൈപ്പർതൈമേഷ്യ എന്ന അവസ്ഥയോടെയാണ് ജിൽ പ്രൈസ് ജനിച്ചത്: തനിക്ക് സംഭവിച്ചതെല്ലാം അസാധാരണമാം വിധം വിശദമായി ഓർമ്മിക്കാനുള്ള കഴിവ്. അവളുടെ ജീവിതകാലത്ത് അവൾ അനുഭവിച്ച ഏതൊരു സംഭവത്തിന്റെയും കൃത്യമായ വിവരങ്ങൾ അവളുടെ മനസ്സിൽ ആവർത്തിക്കാനാകും.

അൺഫോർഗെറ്റബിൾ എന്ന ടിവി ഷോ ഹൈപ്പർതൈമേഷ്യ ബാധിച്ച ഒരു വനിതാ പോലീസ് ഓഫീസറെ മുൻനിർത്തിയായിരുന്നു-അവർക്ക് ട്രിവിയ ഗെയിമുകളിലും കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിലും അതു വലിയ നേട്ടമായിരുന്നു. ജിൽ പ്രൈസിനെ സംബന്ധിച്ചിടത്തോളം, ഈ അവസ്ഥ അത്ര രസകരമല്ല. വിമർശിക്കപ്പെടുകയോ, നഷ്ടം അനുഭവിക്കുകയോ, അഗാധമായി പശ്ചാത്തപിക്കുന്ന എന്തെങ്കിലും ചെയ്യുകയോ ചെയ്ത ജീവിതത്തിലെ നിമിഷങ്ങൾ അവൾക്ക് മറക്കാൻ കഴിയുമായിരുന്നില്ല. അവൾ വീണ്ടും വീണ്ടും ആ രംഗങ്ങൾ അവളുടെ തലയിൽ വീണ്ടും ആവർത്തിക്കുന്നു.

നമ്മുടെ ദൈവം സർവ്വജ്ഞാനിയാണ് (ഒരുപക്ഷേ ഒരുതരം ദിവ്യമായ ഹൈപ്പർതൈമേഷ്യ): അവന്റെ ജ്ഞാനത്തിന് പരിധിയില്ലെന്ന് ബൈബിൾ നമ്മോട് പറയുന്നു. എന്നിട്ടും യെശയ്യാവിൽ ഏറ്റവും ആശ്വാസദായകമായ ഒരു കാര്യം നാം കണ്ടെത്തുന്നു: ”ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല” (43:25). എബ്രായലേഖനം ഇതിനെ ബലപ്പെടുത്തുന്നു: ”ആ ഇഷ്ടത്തിൽ നാം, യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു … [നമ്മുടെ] പാപങ്ങളെയും അകൃത്യങ്ങളെയും [ദൈവം] ഇനി ഓർക്കയുമില്ല” (എബ്രായർ 10:10, 17).

നമ്മുടെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുമ്പോൾ, നമ്മുടെ മനസ്സിൽ അവ വീണ്ടും വീണ്ടും ഓർക്കുന്നത് നിർത്താം. അവൻ ചെയ്യുന്നതുപോലെ നാം അവയെ വിട്ടുകളയേണ്ടതുണ്ട്: ”മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ” (യെശയ്യാവ് 43:18). അവന്റെ മഹത്തായ സ്‌നേഹത്തിൽ, നമുക്കെതിരെയുള്ള നമ്മുടെ പാപങ്ങൾ ഓർക്കാതിരിക്കാൻ ദൈവം തിരഞ്ഞെടുക്കുന്നു. അത് നമുക്ക് ഓർക്കാം.