ക്യാൻസർ കെയർ സെന്ററിലെ കട്ടിലിനരികിൽ അമ്മയുടെ തിളങ്ങുന്ന ചുവന്ന കുരിശ് തൂക്കിയിടേണ്ടതായിരുന്നു. അമ്മയുടെ ചികിത്സാ ക്രമീകരണങ്ങൾക്കിടയിൽ ക്രമീകരിച്ച അവധിക്കാല സന്ദർശനങ്ങൾക്കായി ഞാൻ തയ്യാറെടുക്കേണ്ടതായിരുന്നു. ക്രിസ്മസിന് ഞാൻ ആഗ്രഹിച്ചത് എന്റെ അമ്മയോടൊപ്പം മറ്റൊരു ദിവസം മാത്രമാണ്. പകരം ഞാൻ വീട്ടിലായിരുന്നു. . . അമ്മയുടെ കുരിശ് ഒരു ക്രിസ്തുമസ് ട്രീയിൽ തൂക്കിയിരിക്കുന്നു.

എന്റെ മകൻ സേവ്യർ ലൈറ്റ് ഇട്ടപ്പോൾ ഞാൻ മന്ത്രിച്ചു, “താങ്ക്‌സ്.’’ അവൻ പറഞ്ഞു, “യു ആർ വെൽകം.’’ മിന്നുന്ന ബൾബുകൾ ഉപയോഗിച്ച് എന്റെ കണ്ണുകളെ പ്രത്യാശയുടെ എക്കാലവും നിലനിൽക്കുന്ന വെളിച്ചത്തിലേക്ക് – യേശുവിലേക്ക് – തിരിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുകയാണെന്ന് എന്റെ മകന് അറിയില്ലായിരുന്നു.

42-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ തന്റെ സ്വാഭാവിക വികാരങ്ങളെ ദൈവത്തോട് പ്രകടിപ്പിച്ചു (വാ. 1-4). വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പ് അവൻ തന്റെ “തളർന്നതും വിഷാദിച്ചതുമായ’’ ആത്മാവിനെ അംഗീകരിച്ചു: “ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു’’ (വാ. 5). അവൻ ദുഃഖത്തിന്റെയും കഷ്ടപ്പാടുകളുടെയും തിരമാലകളാൽ കീഴടക്കപ്പെട്ടെങ്കിലും, സങ്കീർത്തനക്കാരന്റെ പ്രത്യാശ ദൈവത്തിന്റെ ഭൂതകാല വിശ്വസ്തതയുടെ സ്മരണയിലൂടെ പ്രകാശിച്ചു (വാ. 6-10). തന്റെ സംശയങ്ങളെ ചോദ്യം ചെയ്തുകൊണ്ടും തന്റെ ശുദ്ധീകരിക്കപ്പെട്ട വിശ്വാസത്തിന്റെ ദൃഢത ഉറപ്പിച്ചുകൊണ്ടും അവൻ അവസാനിപ്പിച്ചു: “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും” (വാ. 11).

നമ്മിൽ പലർക്കും, ക്രിസ്തുമസ് സീസൺ സന്തോഷവും സങ്കടവും ഉണർത്തുന്നു. സന്തോഷകരമെന്നു പറയട്ടെ, പ്രത്യാശയുടെ യഥാർത്ഥ വെളിച്ചമായ യേശുവിന്റെ വാഗ്ദത്തങ്ങളിലൂടെ ഈ സമ്മിശ്ര വികാരങ്ങൾ പോലും നിരപ്പിക്കാനും വീണ്ടെടുക്കാനും നമുക്കു കഴിയും.