1961 മുതൽ, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബർലിൻ മതിൽ വേർപെടുത്തി. കിഴക്കൻ ജർമ്മൻ ഗവൺമെന്റ് ആ വർഷം സ്ഥാപിച്ച ഈ തടസ്സം അതിന്റെ പൗരന്മാരെ പശ്ചിമ ജർമ്മനിയിലേക്ക് പലായനം ചെയ്യുന്നതിൽ നിന്ന് തടഞ്ഞു. വാസ്തവത്തിൽ, 1949 മുതൽ ഈ മതിൽ നിർമ്മിക്കപ്പെട്ട ദിവസം വരെ, 2.5 ദശലക്ഷത്തിലധികം കിഴക്കൻ ജർമ്മൻകാർ പടിഞ്ഞാറോട്ട് കുടിയേറിയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987-ൽ മതിലിനു സമീപം നിന്നുകൊണ്ട് പ്രസിദ്ധമായ ഈ വാക്കുകൾ പറഞ്ഞു, “ഈ മതിൽ പൊളിക്കുക.” 1989-ൽ മതിൽ പൊളിച്ചതോടെ ഈ വാക്കുകൾ യാഥാർത്ഥ്യമായി. ജർമ്മനിയുടെ ആഹ്ലാദകരമായ പുനരേകീകരണത്തിലേക്ക് നയിച്ച മാറ്റത്തിന്റെ അടിസ്ഥാനത്തെ അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിഫലിപ്പിച്ചു.

യേശു തകർത്ത ഒരു “വിദ്വേഷത്തിന്റെ മതിലിനെ’’ കുറിച്ച് പൗലൊസ് എഴുതി (എഫെസ്യർ 2:14). യെഹൂദന്മാർക്കും (ദൈവം തിരഞ്ഞെടുത്ത ആളുകൾ) വിജാതീയർക്കും (മറ്റെല്ലാ ആളുകൾക്കും) ഇടയിലാണ് മതിൽ നിലനിന്നിരുന്നത്. യെരൂശലേമിൽ വലിയ ഹെരോദാവ് സ്ഥാപിച്ച പുരാതന ആലയത്തിലെ വിഭജന മതിൽ (സോറെഗ്) അതിനെ പ്രതീകപ്പെടുത്തുന്നു. അകത്തെ പ്രാകാരങ്ങൾ കാണാൻ കഴിയുമെങ്കിലും, അത് വിജാതീയരെ ആലയത്തിന്റെ പുറത്തെ പ്രാകാരങ്ങൾക്കപ്പുറത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. എന്നാൽ യേശു യെഹൂദന്മാർക്കും വിജാതീയർക്കും ഇടയിലും ദൈവത്തിനും എല്ലാ മനുഷ്യർക്കും ഇടയിൽ “സമാധാനവും’’ അനുരഞ്ജനവും കൊണ്ടുവന്നു. അവൻ അങ്ങനെ ചെയ്തത് “ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ” (വാ. 14, 16). “അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. … നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു” (വാ. 17-18).

ഇന്ന് പല കാര്യങ്ങളും നമ്മെ ഭിന്നിപ്പിച്ചേക്കാം. നമുക്ക് ആവശ്യമുള്ളത് ദൈവം നൽകുന്നതിനാൽ, യേശുവിൽ കണ്ടെത്തിയ സമാധാനവും ഐക്യവും അനുസരിച്ചു ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം (വാ. 19-22).