ഫിലിപ്പിന്റെ പിതാവ് കടുത്ത മാനസിക രോഗത്തെത്തുടർന്ന് വീട് വിട്ട് തെരുവിൽ അലഞ്ഞു നടന്നു. സിൻഡിയും അവളുടെ ഇളയ മകൻ ഫിലിപ്പും അയാളെ അന്വേഷിച്ച് ഒരു ദിവസം ചെലവഴിച്ചതിന് ശേഷം, ഫിലിപ്പ് പിതാവിന്റെ ക്ഷേമത്തിൽ ഉത്ക്കണ്ഠാകുലനായി. പിതാവും വീടില്ലാത്ത മറ്റുള്ളവരും സുരക്ഷിതരാണോ എന്ന് അവൻ അമ്മയോട് ചോദിച്ചു. പ്രതികരണമായി, പ്രദേശത്തെ ഭവനരഹിതരായ ആളുകൾക്ക് പുതപ്പുകളും മറ്റുപകരണങ്ങളും ശേഖരിക്കാനും വിതരണം ചെയ്യാനും അവർ ശ്രമം ആരംഭിച്ചു. ഒരു ദശാബ്ദത്തിലേറെയായി, സിൻഡി ഇത് തന്റെ ജീവിത ദൗത്യമായി കണക്കാക്കുന്നു, ഉറങ്ങാൻ സുരക്ഷിതമായ ഇടമില്ലാത്തതിന്റെ ബുദ്ധിമുട്ടിലേക്ക് അവളെ ഉണർത്തുന്നതിന് മകനും ദൈവത്തിലുള്ള അവളുടെ അഗാധമായ വിശ്വാസവും കാരണമായി.
മറ്റുള്ളവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ ബൈബിൾ പണ്ടേ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പുറപ്പാട് പുസ്തകത്തിൽ, ദരിദ്രരായ ആളുകളുമായി നമ്മുടെ സമൃദ്ധി പങ്കുവയ്ക്കുന്നതിന് മോശെ ഒരു കൂട്ടം തത്ത്വങ്ങൾ രേഖപ്പെടുത്തുന്നു. മറ്റൊരാളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നാം പ്രേരിപ്പിക്കപ്പെടുമ്പോൾ, നമ്മൾ “അതിനെ ഒരു ബിസിനസ്സ് ഇടപാടായി കണക്കാക്കരുത്’’ കൂടാതെ അതിൽ നിന്ന് ലാഭമോ നേട്ടമോ ഉണ്ടാക്കരുത് (പുറപ്പാട് 22:25). ഒരു വ്യക്തിയുടെ വസ്ത്രം പണയമായി എടുത്താൽ, അത് സൂര്യാസ്തമയത്തോടെ തിരികെ നൽകണം, കാരണം നിങ്ങളുടെ അയൽക്കാരന്റെ ഒരേയൊരു പുതപ്പ് ആ മേലങ്കിയാണ്. അവർക്ക് മറ്റെന്താണ് പുതച്ച് ഉറങ്ങാൻ കഴിയുക? (വാ. 27).
ദുരിതമനുഭവിക്കുന്നവരുടെ വേദന എങ്ങനെ ലഘൂകരിക്കാമെന്ന് കാണാൻ നമ്മുടെ കണ്ണും ഹൃദയവും തുറക്കാൻ നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. പലരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ നാം ആഗ്രഹിച്ചാലും – സിൻഡിയും ഫിലിപ്പയും ചെയ്തതുപോലെ – അല്ലെങ്കിൽ ഒരു വ്യക്തിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ നാം ശ്രമിച്ചാലും, അവരോട് മാന്യമായും കരുതലോടെയും പെരുമാറുന്നതിലൂടെ നാം ദൈവത്തെ ബഹുമാനിക്കുന്നു.
ദൈവം നിങ്ങളുടെ ആവശ്യങ്ങൾ മറ്റുള്ളവരിലൂടെ എങ്ങനെയാണ് നിറവേറ്റിയത്? ആരുടെ ആവശ്യങ്ങൾ നിറവേറ്റാനാണ് നിങ്ങൾക്ക് കഴിയുക?
സ്വർഗ്ഗസ്ഥനായ പിതാവേ, മറ്റുള്ളവരുടെ ആവശ്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ.