5 കി.മീ. (ഏതാണ്ട് 3 മൈൽ) ഓട്ടത്തിൽ താൻ പിന്തള്ളപ്പെടുമോ എന്ന് പന്ത്രണ്ടുകാരിയായ ലീഅഡിയാൻസ് റോഡ്രിഗസ്-എസ്പാഡ ആശങ്കാകുലയായിരുന്നു. അവളുടെ ഉത്കണ്ഠ നിമിത്തം ശ്രദ്ധിക്കാതെ, തന്റെ മത്സരം ആരംഭിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ് പുറപ്പെട്ട, ഹാഫ് മാരത്തണിൽ (13 മൈലിലധികം!) പങ്കെടുക്കുന്ന ഒരു കൂട്ടം ഓട്ടക്കാരോടൊപ്പം അവൾ ഓടിത്തുടങ്ങി. ലീഅഡിയാൻസ മറ്റ് ഓട്ടക്കാർക്കൊപ്പം കാൽ നീട്ടിവലിച്ച് ഓടി. നാലു മൈൽ പിന്നിട്ടിട്ടും, ഫിനിഷിംഗ് ലൈൻ എവിടെയും കാണാത്തതിനാൽ, താൻ ദീർഘവും കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ ഓട്ടത്തിലാണെന്ന് അവൾ മനസ്സിലാക്കി. പിന്മാറുന്നതിനു പകരം അവൾ ഓടിക്കൊണ്ടേയിരുന്നു. ആകസ്മികമായ ഹാഫ് മാരത്തണർ തന്റെ 13.1 മൈൽ ഓട്ടം പൂർത്തിയാക്കി 2,111 ഫിനിഷർമാരിൽ 1,885-ആം സ്ഥാനത്തെത്തി. അതാണ് സ്ഥിരോത്സാഹം!
പീഡനത്തിനിരയായപ്പോൾ, ഒന്നാം നൂറ്റാണ്ടിലെ പല ക്രിസ്തു വിശ്വാസികളും ക്രിസ്തുവിനുവേണ്ടിയുള്ള ഓട്ടത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിച്ചു, എന്നാൽ ഓടിക്കൊണ്ടിരിക്കാൻ യാക്കോബ് അവരെ പ്രോത്സാഹിപ്പിച്ചു. അവർ ക്ഷമയോടെ പരിശോധനകൾ സഹിച്ചാൽ, ദൈവം ഇരട്ടിയായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നോർമ്മിപ്പിച്ചു (യാക്കോബ് 1:4, 12). ഒന്നാമതായി, “അവർ സ്ഥിരത ഉള്ളവരാകും’’ അങ്ങനെ അവർ “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും’’ (വാ. 4) ആകും. രണ്ടാമതായി, ദൈവം അവർക്ക് “ജീവ കിരീടം’’ നൽകും – ഭൂമിയിലെ യേശുവിലുള്ള ജീവിതവും വരാനിരിക്കുന്ന ജീവിതത്തിൽ അവന്റെ സാന്നിധ്യത്തിലായിരിക്കുമെന്ന വാഗ്ദത്തവും (വാ. 12).
ചില ദിവസങ്ങളിൽ, ക്രിസ്തീയ ഓട്ടം നാം പേരുകൊടുത്ത ഒന്നല്ലെന്ന് തോന്നിപ്പോകാറുണ്ട് – അത് നാം പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയതും കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ കാര്യമായി തോന്നും. എന്നാൽ ദൈവം നമുക്കാവശ്യമായത് പ്രദാനം ചെയ്യുന്നതിനാൽ നമുക്ക് സ്ഥിരോത്സാഹത്തോടെ ഓടാൻ കഴിയും.
എന്ത് ബുദ്ധിമുട്ടാണ് നിങ്ങൾ ഇപ്പോൾ സഹിക്കുന്നത്? പരിശോധനകൾ നേരിടുമ്പോൾ ദൈവത്തോട് വിശ്വസ്തരായി നിലകൊള്ളാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
പ്രിയ ദൈവമേ, എന്റെ കാലുകൾ തളർന്നിരിക്കുന്നു, എനിക്ക് പിന്മാറാൻ തോന്നുന്നു. ദയവായി എന്നെ ശക്തിപ്പെടുത്തണമേ.