പവിഴപ്പുറ്റുകളുടെ ശോഷണം നേരിട്ടു കണ്ടിട്ടുള്ള സമുദ്രശാസ്ത്രജ്ഞയാണ് സിൽവിയ എർലെ. ആഗോള “പ്രത്യാശാ ബിന്ദുക്കളുടെ” വികസനത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു സംഘടനയായ ‘മിഷൻ ബ്ലൂ’ അവർ സ്ഥാപിച്ചു. ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകൾ “സമുദ്രത്തിന്റെ ആരോഗ്യത്തിന് നിർണായകമാണ്”, അത് ഭൂമിയിലെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. ഈ പ്രദേശങ്ങളുടെ മനഃപൂർവമായ പരിചരണത്തിലൂടെ, വെള്ളത്തിനടിയിലുള്ള ജീവസമൂഹങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ജീവൻ സംരക്ഷിക്കപ്പെടുന്നതും ശാസ്ത്രജ്ഞർ കണ്ടു.
സങ്കീർത്തനം 33-ൽ, ദൈവം എല്ലാം വാക്കിനാൽ ഉളവാക്കുകയും താൻ സൃഷ്ടിച്ചതെല്ലാം ഉറച്ചുനിൽക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് സങ്കീർത്തനക്കാരൻ അംഗീകരിക്കുന്നു. (വാ. 6-9). ദൈവം തലമുറകളുടെയും രാഷ്ട്രങ്ങളുടെയും മേൽ വാഴുമ്പോൾ (വാ. 11-19), അവൻ മാത്രം ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നു, ജീവൻ രക്ഷിക്കുന്നു, പ്രത്യാശ പുനരുജ്ജീവിപ്പിക്കുന്നു. എന്നിരുന്നാലും, ലോകത്തെയും അവൻ സൃഷ്ടിച്ച ആളുകളെയും പരിപാലിക്കുന്നതിൽ അവനോടൊപ്പം ചേരാൻ ദൈവം നമ്മെ ക്ഷണിക്കുന്നു.
മേഘാവൃതമായ ആകാശത്ത് മിന്നുന്ന മഴവില്ലും, പാറക്കെട്ടുകളിൽ പതിക്കുന്ന സമുദ്രത്തിലെ തിളങ്ങുന്ന തിരമാലകളും കണ്ട് ഓരോ തവണയും നാം ദൈവത്തെ സ്തുതിക്കുമ്പോൾ, അവനിൽ “നമ്മുടെ പ്രത്യാശ” വച്ചുകൊണ്ട് നമുക്ക് അവന്റെ “അചഞ്ചലമായ സ്നേഹവും” സാന്നിധ്യവും പ്രഖ്യാപിക്കാം. (വാ. 22).
ലോകത്തിന്റെ നിലവിലെ അവസ്ഥ കണ്ട് നാം നിരുത്സാഹപ്പെടുമ്പോൾ, നമുക്ക് ഒരു മാറ്റവും വരുത്താൻ കഴിയില്ലെന്ന് നാം വിശ്വസിക്കാൻ തുടങ്ങിയേക്കാം. എന്നിരുന്നാലും, ദൈവത്തിന്റെ സന്നദ്ധ സേവകരെന്ന നിലയിൽ നാം നമ്മുടെ പങ്ക് നിർവഹിക്കുമ്പോൾ, സൃഷ്ടാവ് എന്ന നിലയിൽ അവനെ ബഹുമാനിക്കാനും, മറ്റുള്ളവർ യേശുവിൽ പ്രത്യാശ കണ്ടെത്താൻ അവരെ സഹായിക്കാനും കഴിയും.
പ്രകൃതിയിലേക്ക് നോക്കുമ്പോൾ ദൈവത്തിലുള്ള പ്രത്യാശ എങ്ങനെ വര്ദ്ധിക്കുന്നു? അവന്റെ സന്നദ്ധസേവകരായി നിങ്ങൾക്ക് എങ്ങനെ സേവനം ചെയ്യാം?
സ്നേഹമുള്ള സൃഷ്ടാവേ, പ്രത്യാശ പരത്തുന്ന സന്നദ്ധസേവകരിൽ ഒരാളാകാൻ എന്നെ സഹായിക്കേണമേ.