ഞാൻ ആദ്യം അവനെ ശ്രദ്ധിച്ചില്ല. ഞാൻ എന്റെ ഹോട്ടലിൽ പ്രഭാതഭക്ഷണത്തിനായി വന്നതാണ്. ഡൈനിംഗ് റൂമിലെ എല്ലാം വൃത്തിയുള്ളതായിരുന്നു. ബുഫെ മേശയും ഫ്രിഡ്ജും നിറഞ്ഞിരുന്നു. പാത്രങ്ങൾ എല്ലാം തയ്യാറായിരുന്നു. എല്ലാം നല്ലതായിരുന്നു.
അപ്പോൾ ഞാൻ അയാളെ കണ്ടു. ഞാനെന്ന ഭാവമില്ലാത്ത അയാൾ ചില പാത്രങ്ങൾ നിറച്ചു, ചിലത് തുടച്ചു. താൻ ആളാകാൻ അയാൾ ശ്രമിച്ചില്ല. പക്ഷേ, കൂടുതൽ നേരം ഇരിക്കുന്തോറും എന്റെ അത്ഭുതം വർദ്ധിച്ചുവന്നു. എല്ലാം ശ്രദ്ധിച്ചുകൊണ്ട്, ആർക്കെങ്കിലും എന്തെങ്കിലും കുറവുണ്ടാകുന്നതിന് മുമ്പ് എല്ലാം വീണ്ടും നിറച്ചുകൊണ്ട്, ആ മനുഷ്യൻ വളരെ വേഗത്തിൽ ജോലി ചെയ്തുകൊണ്ടിരുന്നു. ഭക്ഷ്യസേവന രംഗത്തെ വിദഗ്ദ്ധനായ ഞാൻ, ഓരോ കാര്യങ്ങളും അയാൾ സൂക്ഷമയോടെ ചെയ്യുന്നത് ശ്രദ്ധിച്ചു. ആരും ശ്രദ്ധിച്ചില്ലെങ്കിൽ പോലും ആ മനുഷ്യൻ വിശ്വസ്തതയോടെ പ്രവർത്തിക്കുന്നതിനാൽ അവിടെ ഒന്നിനും കുറവുണ്ടായിരുന്നില്ല.
ആ മനുഷ്യൻ വളരെ ശ്രദ്ധയോടെ പ്രവർത്തിക്കുന്നത് കണ്ടപ്പോൾ, തെസ്സലോനിക്യർക്കുള്ള പൗലോസിന്റെ വാക്കുകൾ ഞാൻ ഓർത്തു: “പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു..” (1 തെസ്സലൊനീക്യർ 4:11-12). വിശ്വസ്തനായ ഒരു തൊഴിലാളിക്ക് മറ്റുള്ളവരുടെ ബഹുമാനം എങ്ങനെ നേടാനാകുമെന്ന് പൗലോസിന് മനസ്സിലായി. ചെറിയ സേവനങ്ങൾ പോലും, അന്തസ്സോടെയും ഉത്സാഹത്തോടെയും ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുവാൻ സുവിശേഷത്തിന് എങ്ങനെ സാധിക്കും എന്നത് പൗലോസ് സാക്ഷ്യപ്പെടുത്തുന്നു.
അന്ന് ഞാൻ കണ്ട മനുഷ്യൻ യേശുവിൽ വിശ്വസിച്ചിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷെ, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് വിശ്വസ്തതയോടെ ജീവിക്കുവാൻ അയാളുടെ പ്രവർത്തനം എന്നെ പ്രേരിപ്പിച്ചു. അതിന് ഞാൻ നന്ദിയുള്ളവനാണ്.
നിങ്ങളുടെ വിശ്വാസം നിങ്ങളുടെ ജോലിയിൽ എങ്ങനെ പ്രതിഫലിക്കണം? വിശ്വസ്തനായ ഒരു വേലക്കാരനായിരിക്കുക എന്നതിലൂടെ എങ്ങനെ സാക്ഷ്യം പുലർത്തുവാൻ സാധിക്കും?
പിതാവേ, അങ്ങയുടെ രാജ്യത്തിൽ ചെറിയ ജോലികളൊന്നുമില്ലെന്ന് ഓർക്കാനും അങ്ങയുടെ സാമീപ്യബോധത്തോടെ ഓരോ ദിവസവും അങ്ങയെ വിശ്വസ്തതയോടെ സേവിക്കാനും എന്നെ സഹായിക്കണമേ.