മദ്ധ്യപൂർവ്വ ദേശത്തെ ഒരു അഭയാർത്ഥി ക്യാമ്പിൽ, റേസയ്ക്ക് ഒരു ബൈബിൾ ലഭിച്ചപ്പോൾ, അവൻ യേശുവിനെ അറിയുകയും വിശ്വസിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ നാമത്തിലുള്ള അവന്റെ ആദ്യ പ്രാർത്ഥന, “എന്നെ അങ്ങയുടെ വേലക്കാരനായി ഉപയോഗിക്കേണമേ” എന്നായിരുന്നു. പിന്നീട്, ക്യാമ്പ് വിട്ടശേഷം, അപ്രതീക്ഷിതമായി ഒരു ദുരിതാശ്വാസ ഏജൻസിയിൽ ജോലി ലഭിച്ച്, താൻ അറിയുന്നവരും സ്നേഹിക്കുന്നവരുമായ ആളുകളെ സേവിക്കാൻ ക്യാമ്പിലേക്ക് മടങ്ങിയപ്പോൾ ദൈവം ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി. സ്പോർട്സ് ക്ലബ്ബുകൾ, ഭാഷാ ക്ലാസുകൾ, നിയമോപദേശം—“ആളുകൾക്ക് പ്രതീക്ഷ നൽകുന്ന എന്തും” അവൻ സംഘടിപ്പിച്ചു. മറ്റുള്ളവരെ സേവിക്കുന്നതിനും, ദൈവത്തിന്റെ ജ്ഞാനവും സ്നേഹവും പങ്കിടുന്നതിനുമുള്ള ഒരു മാർഗ്ഗമായാണ് അവൻ ഈ പരിപാടികളെ കാണുന്നത്.
തന്റെ ബൈബിൾ വായിക്കുമ്പോൾ, ഉല്പത്തിയിലെ യോസേഫിന്റെ കഥയുമായി റേസയ്ക്ക് ഒരു ബന്ധം തോന്നി. ജയിലിൽ ആയിരുന്നപ്പോൾ ദൈവം യോസേഫിനെ തന്റെ ജോലി തുടരാൻ ഉപയോഗിച്ചതെങ്ങനെയെന്ന് അവൻ ശ്രദ്ധിച്ചു. ദൈവം യോസേഫിനോടൊപ്പം ഉണ്ടായിരുന്നതിനാൽ, അവൻ അവനോട് ദയ കാണിക്കുകയും അവന് കൃപ നൽകുകയും ചെയ്തു. കാരാഗൃഹപ്രമാണി യോസേഫിനെ വിചാരകനാക്കി. ദൈവം യോസേഫിന് “അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട്” കാരാഗൃഹപ്രമാണിക്ക് അവിടത്തെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വന്നില്ല. (ഉല്പത്തി 39:23).
ദൈവം നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. നാം യാഥാർത്ഥത്തിലോ, മാനസികമായോ ജയിൽവാസം അഭിമുഖീകരിക്കുകയാണെങ്കിലും—ഞെരുക്കമോ, ഏകാന്തയോ, ഹൃദയവേദനയോ, ദുഃഖമോ എന്തുമാകട്ടെ, അവൻ നമ്മെ വിട്ടുപോകില്ലെന്ന് നമുക്ക് വിശ്വസിക്കാം. ക്യാമ്പിലുള്ളവരെ സേവിക്കാൻ റേസയെയും, കാരാഗൃഹത്തിൽ പ്രവർത്തിക്കാൻ യോസേഫിനെയും ശക്തിപ്പെടുത്തിയതുപോലെ,, അവൻ എപ്പോഴും നമ്മോട് ചേർന്നുനിൽക്കും.
റേസയെയും ജോസഫിനെയും പോലെ ദൈവത്തിന്റെ വീണ്ടെടുപ്പു പ്രവൃത്തി നിങ്ങൾ എപ്പോഴാണ് അനുഭവിച്ചത്? ദൈവത്തെ കൂടുതൽ വിശ്വസിക്കാൻ യോസേഫിന്റെ കഥ നിങ്ങളെ സഹായിക്കുന്നതെങ്ങനെ?
രക്ഷിക്കുന്ന ദൈവമേ, ഞാൻ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുമ്പോഴും അങ്ങ് എന്നെ ഒരിക്കലും ഉപേക്ഷിക്കുന്നില്ല. എന്റെ ജീവിതത്തിൽ അങ്ങയുടെ പ്രവൃത്തി കാണാനുള്ള കണ്ണുകൾ എനിക്ക് നൽകേണമേ.