ചാർലിയുടെയും ജാന്റെയും അമ്പതാം വിവാഹ വാർഷികത്തിൽ, അവർ തങ്ങളുടെ മകൻ ജോണിനൊപ്പം ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ചു. അന്ന് ആ റസ്റ്റോറന്റിൽ ഒരു മാനേജരും, പാചകക്കാരിയും, അവരോടൊപ്പം, ആതിഥേയയും വിളമ്പുകാരിയും തൂപ്പുകാരിയും ആയി ജോലി ചെയ്യുന്ന ഒരു കൗമാരക്കാരിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവർ പ്രഭാതഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ, ചാർലി തന്റെ ഭാര്യയോടും മകനോടും പറഞ്ഞു, “ഇനി ഉടനെ നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യമുണ്ടോ?” അവർക്ക് ഒന്നും ഇല്ലായിരുന്നു.
അതിനാൽ, മാനേജരുടെ അനുമതിയോടെ, ചാർലിയും ജാനും ഭക്ഷണശാലയുടെ പിൻഭാഗത്ത് പാത്രങ്ങൾ കഴുകാൻ തുടങ്ങി. ജോൺ അലങ്കോലമായ മേശകൾ വൃത്തിയാക്കാനും തുടങ്ങി. ജോണിന്റെ അഭിപ്രായത്തിൽ, അന്ന് സംഭവിച്ചത് ശരിക്കും അസാധാരണമായിരുന്നില്ല. ശുശ്രൂഷ ചെയ്യിക്കുവാനല്ല, ശുശ്രൂഷിക്കുവാനായി (മർക്കോസ് 10:45) വന്ന യേശുവിനെ അവന്റെ മാതാപിതാക്കൾ എപ്പോഴും മാതൃകയാക്കിയിരുന്നു.
യോഹന്നാൻ 13-ൽ ക്രിസ്തു തന്റെ ശിഷ്യന്മാരുമായി പങ്കുവെച്ച അവസാനത്തെ ഭക്ഷണത്തെക്കുറിച്ച് നാം വായിക്കുന്നു. അന്നു രാത്രി, ആ ഗുരു അവരുടെ അഴുക്കുപുരണ്ട കാലുകൾ കഴുകികൊണ്ട് താഴ്മയോടെ സേവിക്കുവാൻ അവരെ പഠിപ്പിച്ചു (വാ. 14-15). പന്ത്രണ്ട് പേരുടെ പാദങ്ങൾ കഴുകുന്ന താഴ്ന്ന ജോലി ചെയ്യാൻ അവൻ തയ്യാറായെങ്കിൽ, അവരും സന്തോഷത്തോടെ മറ്റുള്ളവരെ സേവിക്കണം.
സേവനത്തിനായി നമുക്ക് ലഭിക്കുന്ന അവസരങ്ങൾ വ്യത്യസ്തങ്ങൾ ആയിരിക്കാം. എന്നാൽ അതിന്റെ ഫലം എപ്പോഴും ഒന്നാണ്: സേവിക്കുന്നത് വളരെ സന്തോഷം നൽകുന്നു. സേവനം ചെയ്യുന്നവരെ സ്തുതിക്കുക എന്നല്ല, മറിച്ച് എല്ലാ സ്തുതികളും നമ്മുടെ താഴ്മയുള്ള, ആത്മത്യാഗിയായ ദൈവത്തിന് അർപ്പിക്കുക എന്നതാണ് സേവനത്തിന്റെ ലക്ഷ്യം.
ബുദ്ധിമുട്ടുള്ള ഒരു ജോലി ചെയ്യാൻ ആരെങ്കിലും അപ്രതീക്ഷിതമായി നിങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തത് എപ്പോഴാണ്? മറ്റുള്ളവരെ സേവിക്കുന്നതിൽ താഴ്മയ്ക്ക് പ്രാധാന്യമുള്ളത് എന്തുകൊണ്ടാണ്?
സ്നേഹനിധിയായ രക്ഷിതാവേ, ഒരു ദാസനാകുന്നത് എങ്ങനെയെന്ന് കാണിച്ചുതന്നതിന് നന്ദി.