ഒരു വേനൽക്കാല രാത്രിയിൽ, ഞങ്ങളുടെ വീടിനടുത്തുള്ള പക്ഷികൾ പെട്ടെന്ന് കലപില ശബ്ദം ഉണ്ടാക്കുവാൻ തുടങ്ങി. വൃക്ഷങ്ങളിൽ നിന്ന് പക്ഷികളുടെ കരച്ചിൽ കൂടുതൽ കൂടുതൽ ഉച്ചത്തിലായി. അതിന്റെ കാരണം ഞങ്ങൾ ഒടുവിൽ മനസ്സിലാക്കി. സൂര്യൻ അസ്തമിച്ചപ്പോൾ, ഒരു വലിയ പ്രാപ്പിടിയൻ ഒരു മരത്തിൽ നിന്ന് പറന്നുവന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ പരിഭ്രമത്തോടെ കറകറശബ്ദം ഉണ്ടാക്കിക്കൊണ്ട് പക്ഷികൾ പറന്നകന്നു.
നമ്മുടെ ജീവിതത്തിൽ, തിരുവെഴുത്തുകളിലുടനീളം ആത്മീയ മുന്നറിയിപ്പുകൾ കേൾക്കാൻ കഴിയും— ഉദാഹരണത്തിന് തെറ്റായ പഠിപ്പിക്കലുകൾക്കെതിരായ മുന്നറിയിപ്പ്. നമ്മോടുള്ള അവന്റെ സ്നേഹം നിമിത്തം, നമ്മുടെ സ്വർഗീയ പിതാവ് അത്തരം ആത്മീയ അപകടങ്ങൾ നമുക്ക് തിരുവെഴുത്തുകളിലൂടെ വ്യക്തമാക്കിത്തരുന്നു.
യേശു പഠിപ്പിച്ചു, “കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.” (മത്തായി 7:15). അവൻ തുടർന്നു, “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം. . . . നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു.” അവൻ നമുക്ക് മുന്നറിയിപ്പ് നൽകി, “അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും” (വാ. 16-17; 20).
“വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു,” സദൃശവാക്യങ്ങൾ 22:3 നമ്മെ ഓർമിപ്പിക്കുന്നു. അത്തരം മുന്നറിയിപ്പുകളിൽ അടങ്ങിയിരിക്കുന്നത് ദൈവത്തിന്റെ സംരക്ഷണവും സ്നേഹവുമാണ്.
പക്ഷികൾ തങ്ങളുടെ ജീവൻ അപകടത്തിലായതിനെ കുറിച്ച് പരസ്പരം മുന്നറിയിപ്പ് നൽകിയതുപോലെ, ആത്മീയ അപകടത്തിൽ നിന്ന് ദൈവത്തിന്റെ അഭയസ്ഥാനത്തിലേക്ക് പറക്കാനുള്ള ബൈബിളിന്റെ മുന്നറിയിപ്പുകൾ നമുക്ക് ആവശ്യമാണ്.
എന്ത് ആത്മീയ മുന്നറിയിപ്പാണ് ഇപ്പോൾ നിങ്ങളുടെ ഹൃദയത്തിൽ മുഴങ്ങുന്നത്? എങ്ങനെയാണ് തിരുവെഴുത്തിലൂടെ നിങ്ങൾക്ക് അത് വ്യക്തമായത്?
പ്രിയ ദൈവമേ, തിരുവെഴുത്തുകൾ സ്നേഹത്തോടെ മുന്നറിയിപ്പ് നൽകുന്നതിന് ഞങ്ങൾ നിനക്കു നന്ദി പറയുന്നു. ഇന്ന് ആ വാക്കുകൾ അനുസരിക്കാൻ ഞങ്ങൾക്ക് ഇടയാക്കണമേ.