ഒരു വർഷത്തിലേറെയായി ഞങ്ങൾക്ക് ഖായെ അറിയാം. ദൈവത്തെക്കുറിച്ച് ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യാൻ ആഴ്ചതോറും കൂടുന്ന പള്ളിയിൽ നിന്നുള്ള ഞങ്ങളുടെ ചെറിയ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഒരു സായാഹ്നത്തിൽ ഞങ്ങളുടെ പതിവ് മീറ്റിംഗിൽ, അദ്ദേഹം ഒളിമ്പിക്സിൽ പങ്കെടുത്തതിനെക്കുറിച്ച് ഒരു പരാമർശം നടത്തി. പരാമർശം വളരെ സാധാരണമായിരുന്നു, അത് എന്റെ ശ്രദ്ധയിൽപ്പെടാതെ പോയി. ഇതാ, വെങ്കല മെഡൽ മത്സരത്തിൽ പങ്കെടുത്ത ഒരു ഒളിമ്പ്യനെ എനിക്ക് അറിയാമെന്ന് ഞാൻ മനസ്സിലാക്കി! അദ്ദേഹം ഇത് മുമ്പ് പരാമർശിച്ചിട്ടില്ലെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല, പക്ഷേ ഖായെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ കായിക നേട്ടം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു പ്രത്യേക ഭാഗമാണെങ്കിലും, അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹത്തിന്റെ സമൂഹം, അദ്ദേഹത്തിന്റെ വിശ്വാസം എന്നിവയായിരുന്നു തനിക്ക് കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ.
ലൂക്കോസ് 10:1-23-ലെ കഥ നമ്മുടെ വ്യക്തിത്വത്തിന്റെ കേന്ദ്രം എന്തായിരിക്കണമെന്ന് വിവരിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാൻ യേശു അയച്ച എഴുപത്തിരണ്ട് പേർ അവരുടെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, “നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു” (വാക്യം 17) എന്ന് അവർ അവനോട് അറിയിച്ചു. താൻ അവർക്ക് വലിയ ശക്തിയും സംരക്ഷണവും നൽകിയിട്ടുണ്ടെന്ന് യേശു പറഞ്ഞപ്പോൾത്തന്നെ, അവർ തെറ്റായ കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അവൻ പറഞ്ഞു. “നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ” സന്തോഷിക്കേണ്ടത് എന്ന് യേശു ഊന്നിപ്പറഞ്ഞു. (വാക്യം 20).
ദൈവം നമുക്ക് നൽകിയിട്ടുള്ള നേട്ടങ്ങളും കഴിവുകളും എന്തൊക്കെ ആയിരുന്നാലും, നമ്മുടെ സന്തോഷത്തിനുള്ള ഏറ്റവും വലിയ കാരണം, നാം യേശുവിൽ നമ്മെത്തന്നെ ഭരമേൽപ്പിച്ചിട്ടുണ്ടെങ്കിൽ, നമ്മുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു, നമ്മുടെ ജീവിതത്തിൽ അവന്റെ ദൈനംദിന സാന്നിധ്യം നാം ആസ്വദിക്കുന്നു എന്നതാണ്.
നിങ്ങൾ എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്? ശാശ്വതമായ ഒരു കാഴ്ചപ്പാടിലേക്ക് നിങ്ങളുടെ ശ്രദ്ധ എങ്ങനെ മാറ്റാം?
സ്വർഗ്ഗസ്ഥനായ പിതാവേ, സ്വർഗ്ഗത്തിൽ എന്റെ നാമം എഴുതിയതിന് നന്ദി. അങ്ങയെ അറിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു.