എന്റെ ഭാര്യ മിസ്കയ്ക്ക് എത്യോപ്യയിൽ നിന്നുള്ള ഒരു നെക്ലേസും കാതിലണിയുന്ന റിങ്ങും ഉണ്ട്. അവയുടെ ഗംഭീരമായ ലാളിത്യം, തനതായ കലാചാതുര്യം വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, ഈ ആഭരണങ്ങളുടെ കഥയാണ് ഏറ്റവും വിസ്മയിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി രൂക്ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം കാരണം, എത്യോപ്യയുടെ മണ്ണ്, പീരങ്കിയുണ്ടയുടെയും വെടിയുണ്ടയുടെയും അവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുന്നു. പ്രത്യാശയുടെ ഒരു പ്രവൃത്തിയെന്ന നിലയിൽ, എത്യോപ്യക്കാർ കത്തിക്കരിഞ്ഞ സ്ഥലങ്ങൾ അടിച്ചുവാരുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. കരകൗശല വിദഗ്ധർ വെടിയുണ്ടയുടെ പുറംതോട് കൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കുന്നു.
ഈ കഥ കേട്ടപ്പോൾ, ദൈവത്തിന്റെ വാഗ്ദത്തം ധൈര്യത്തോടെ പ്രഖ്യാപിക്കുന്ന മീഖായുടെ വാക്കുകളുടെ പ്രതിധ്വനികൾ ഞാൻ കേട്ടു. ഒരു ദിവസം, പ്രവാചകൻ പ്രഖ്യാപിച്ചു, “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും;” (4:3). കൊല്ലാനും, അംഗഭംഗം വരുത്താനുമുള്ള ഉപകരണങ്ങൾ, ദൈവത്തിന്റെ ശക്തമായ പ്രവർത്തനം നിമിത്തം, ജീവനെ പരിപോഷിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി രൂപാന്തരപ്പെടും. ദൈവത്തിന്റെ വരാനിരിക്കുന്ന ദിവസത്തിൽ, “ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.” (വാക്യം 3).
മീഖായുടെ പ്രഖ്യാപനം അന്നത്തെ കാലത്ത് സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നു. പുരാതന ഇസ്രായേലിനെപ്പോലെ, നമ്മളും അക്രമത്തെയും യുദ്ധത്തെയും അഭിമുഖീകരിക്കുന്നു. ലോകത്തെ ഒരിക്കലും മാറ്റാൻ കഴിയില്ലെന്ന് തോന്നുന്നു. എന്നാൽ തന്റെ കാരുണ്യത്താലും സൗഖ്യത്താലും ഈ വിസ്മയകരമായ ദിവസം വരുമെന്ന് ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു. അതിനാൽ, ഈ സത്യം ഇപ്പോൾത്തന്നെ പ്രാവർത്തികമാക്കാൻ തുടങ്ങുക എന്നതാണ് നമ്മുടെ കാര്യം. അവശിഷ്ടങ്ങളെ മനോഹരമായ വസ്തുക്കളാക്കി മാറ്റിക്കൊണ്ട് ഇപ്പോൾത്തന്നെ അവന്റെ ജോലി ഏറ്റെടുക്കാൻ ദൈവം നമ്മെ സഹായിക്കുന്നു.
ദൈവത്തിന്റെ സ്നേഹത്താൽ തിന്മ നീങ്ങി നന്മ വരുന്നത് നിങ്ങൾ എവിടെയാണ് കണ്ടത്? അവശിഷ്ടങ്ങൾ എങ്ങനെ സൗന്ദര്യമാക്കി മാറ്റാം?
പ്രിയ ദൈവമേ, ഞങ്ങളുടെ ലോകത്തെ മാറ്റേണമേ. ഇവിടെ സൗന്ദര്യം ഉണ്ടാകുവാൻ എന്നിലൂടെ പ്രവർത്തിക്കേണമേ.