ദൈവമേ, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇത് ശരിക്കും ഞങ്ങൾക്ക് വേണ്ടിയുള്ള അങ്ങയുടെ പദ്ധതിയാണോ?
ഭർത്താവും, കൊച്ചുകുട്ടികളുടെ പിതാവും എന്ന നിലയിൽ, എനിക്ക് ഗുരുതരമായ ക്യാൻസർ രോഗമുണ്ടെന്നറിഞ്ഞപ്പോൾ ഇതുപോലെ കുറെ ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഇരച്ചുകയറി വന്നു. എന്തിനധികം, ഞങ്ങളുടെ കുടുംബം ഒരു മിഷൻ ടീമിനൊപ്പം പ്രവർത്തിച്ച് നിരവധി കുട്ടികൾ യേശുവിനെ രക്ഷകനായി സ്വീകരിക്കുന്നത് കണ്ടതേയുള്ളൂ. ദൈവം ഞങ്ങളുടെ വേലയ്ക്ക് നല്ല ഫലം തന്നുകൊണ്ടിരുന്നതാണ്. ഒരുപാട് സന്തോഷം ഉണ്ടായിരുന്നു. എന്നിട്ട് ഇപ്പോൾ എന്താണ് ഇങ്ങനെ?
സ്നേഹമുള്ള ഒരു വീട്ടിൽ നിന്ന് പറിച്ചെടുത്ത് വിചിത്രമായ ഒരു പുതിയ ലോകത്തേക്ക് തള്ളപ്പെട്ടതിന് ശേഷം എസ്ഥേർ ചോദ്യങ്ങളും, പ്രാർത്ഥനകളും ദൈവസന്നിധിയിൽ ചൊരിഞ്ഞിട്ടുണ്ടായിരിക്കാം (എസ്ഥേർ 2:8). അവളുടെ ബന്ധുവായ മൊർദ്ദെഖായി അവളെ അനാഥയായ ശേഷം സ്വന്തം മകളായി വളർത്തി (വാക്യം 7). എന്നാൽ പിന്നീട് അവളെ ഒരു രാജാവിന്റെ അന്തഃപുരത്തിൽ പാർപ്പിക്കുകയും ഒടുവിൽ രാജ്ഞിയായി ഉയർത്തുകയും ചെയ്തു (വാക്യം 17). എസ്ഥേറിന് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് മൊർദ്ദെഖായിക്ക് സ്വാഭാവികമായും കരുതൽ ഉണ്ടായിരുന്നു (വാ. 11). എന്നാൽ കാലക്രമേണ, ദൈവം അവളെ “ഇങ്ങനെയുള്ളോരു കാലത്തേക്ക്” (4:14) ഒരു വലിയ ശക്തിയുടെ സ്ഥലത്തായിരിക്കാൻ വിളിച്ചതായി ഇരുവരും മനസ്സിലാക്കി. അവളുടെ ജനത്തെ നാശത്തിൽ നിന്ന് രക്ഷിക്കാൻ ആ അധികാരസ്ഥാനം കൊണ്ട് അവൾക്ക് സാധിച്ചു (അദ്ധ്യായം 7 – 8).
ദൈവം തന്റെ വിശിഷ്ടമായ പദ്ധതിയുടെ ഭാഗമായി എസ്ഥേറിനെ ഒരു വിചിത്രമായ സ്ഥലത്ത് പ്രതിഷ്ഠിച്ചുവെന്ന് വ്യക്തമാണ്. അവൻ എന്നോടും അതുതന്നെ ചെയ്തു. കാൻസറുമായി നീണ്ട പോരാട്ടം സഹിച്ചപ്പോൾ, അനേകം രോഗികളുമായും, പരിചരിക്കുന്നവരുമായും എന്റെ വിശ്വാസം പങ്കിടാനുള്ള പദവി എനിക്ക് ലഭിച്ചു. ഏത് വിചിത്രമായ സ്ഥലത്തേക്കാണ് അവൻ നിങ്ങളെ നയിച്ചത്? അവനിൽ ആശ്രയിക്കുക. അവൻ നല്ലവനാണ്, അവന്റെ പദ്ധതികളും നല്ലതാണ്. (റോമർ 11:33-36).
എപ്പോഴാണ് ദൈവം നിങ്ങളെ ഒരു വിചിത്രമായ സ്ഥലത്തേക്ക് നയിച്ചത്? അവന്റെ പൂർണ്ണമായ പദ്ധതികളിൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
പ്രിയ ദൈവമേ, അങ്ങ് എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകാത്തപ്പോൾ പോലും അങ്ങിൽ ആശ്രയിക്കാൻ എന്നെ സഹായിക്കേണമേ.