താൻ ആർക്കെങ്കിലും ഒരു അനുഗ്രഹമായിത്തീരണമെന്ന് ഒരു യുവ പാസ്റ്റർ ദിവസവും രാവിലെ പ്രാർത്ഥിക്കുമായിരുന്നു. പലപ്പോഴും, തന്നെ വിസ്മയിപ്പിച്ചുകൊണ്ട്, അങ്ങനെയുള്ള അവസരങ്ങൾ തനിക്ക് ലഭിക്കുമായിരുന്നു. ഒരു ദിവസം, ഒരു സഹപ്രവർത്തകനോടൊപ്പം വെയിലത്ത് ഇരിക്കുമ്പോൾ, അയാൾ പാസ്റ്ററോട് യേശുവിനെക്കുറിച്ച് ചോദിച്ചു. തർക്കിക്കുകയോ, ശബ്ദമുയർത്തുകയോ ചെയ്യാതെ, മറ്റെയാളുടെ ചോദ്യങ്ങൾക്ക് പാസ്റ്റർ ലളിതമായി ഉത്തരം നൽകി. അത് ഒരു സാധാരണ സംസാരമായിരുന്നെങ്കിലും, പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് മൂലം അത് സ്നേഹപൂർവും, ഫലപ്രദവും ആയിത്തീർന്നു എന്ന് പാസ്റ്റർ അഭിപ്രായപ്പെട്ടു. ദൈവത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹമുള്ള ഒരു പുതിയ സുഹൃത്തിനെയും അതുമൂലം ലഭിച്ചു.
പരിശുദ്ധാത്മാവ് നമ്മെ നയിക്കാൻ അനുവദിച്ചാൽ, യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് ഏറ്റവും നന്നായിട്ട് പറയാൻ സാധിക്കും. യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു, “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു … എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (അപ്പോ. 1:8).
“ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം;” (ഗലാത്യർ 5:22-23). ആത്മാവിന്റെ നിയന്ത്രണത്തിൻ കീഴിൽ ജീവിച്ചുകൊണ്ട്, ആ യുവ പാസ്റ്റർ പത്രോസിന്റെ നിർദ്ദേശം പ്രാവർത്തികമാക്കി: “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രോസ് 3:15).
ക്രിസ്തുവിൽ വിശ്വസിച്ചതുമൂലം നാം കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും, അവന്റെ ആത്മാവ് നമ്മെ നയിക്കുന്നുണ്ടെന്ന് നമുക്ക് ലോകത്തെ കാണിക്കാൻ കഴിയും. അപ്പോൾ നമ്മുടെ ജീവിതം മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കും.
യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുമ്പോൾ നിങ്ങളുടെ സംഭാഷണ ശൈലി എന്താണ്? പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ സംസാരിച്ചാൽ നിങ്ങളുടെ വാക്കുകൾ കൂടുതൽ ഫലപ്രദമാകുകയില്ലേ?
പരിശുദ്ധാത്മാവേ, ഞാൻ യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുമ്പോൾ, നിന്റെ സ്നേഹത്തോടെ സംസാരിക്കാൻ എന്നെ സഹായിക്കേണമേ.