1920-ൽ, ഒരു ചൈനീസ് പാസ്റ്ററുടെ ആറാമത്തെ കുട്ടിയായ ജോൺ സുങ്ങിന് അമേരിക്കയിലെ ഒരു സർവകലാശാലയിൽ പഠിക്കാൻ സ്കോളർഷിപ്പ് ലഭിച്ചു. അദ്ദേഹം ഏറ്റവും ഉയർന്ന ബഹുമതികളോടെ ബിരുദം നേടി, മാസ്റ്റേഴ്സ് പ്രോഗ്രാം പൂർത്തിയാക്കി, പിഎച്ച്ഡി നേടി. എന്നാൽ പഠനത്തിനിടയിൽ അവൻ ദൈവത്തിൽ നിന്ന് അകന്നുപോയിരുന്നു. പിന്നീട്, 1927-ലെ ഒരു രാത്രിയിൽ, തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിക്കുകയും ഒരു പ്രാസംഗികനാകാൻ വിളിക്കപ്പെടുകയും ചെയ്തു.
ഉയർന്ന പ്രതിഫലം ലഭിക്കുന്ന നിരവധി അവസരങ്ങൾ ചൈനയിൽ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു, എന്നാൽ കപ്പലിൽ വീട്ടിലേക്ക് പോകുമ്പോൾ തന്റെ അഭിലാഷങ്ങൾ മാറ്റിവയ്ക്കാൻ പരിശുദ്ധാത്മാവ് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. തന്റെ പ്രതിബദ്ധതയുടെ പ്രതീകമായി, മാതാപിതാക്കളോടുള്ള ബഹുമാനാർത്ഥം തന്റെ പിഎച്ച്ഡി സർട്ടിഫിക്കറ്റ് മാത്രം സൂക്ഷിച്ച്, തന്റെ എല്ലാ അവാർഡുകളും അദ്ദേഹം കടലിലെറിഞ്ഞു.
തന്റെ ശിഷ്യനാകുന്നത് സംബന്ധിച്ച് യേശു പറഞ്ഞത് ജോൺ സുങ്ങിനു മനസ്സിലായി: “ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?” (മർക്കോസ് 8:36). നാം നമ്മെത്തന്നെ ത്യജിക്കുകയും ക്രിസ്തുവിനെയും അവന്റെ നേതൃത്വത്തെയും അനുഗമിക്കുന്നതിനായി നമ്മുടെ പഴയ ജീവിതം ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ (വാ. 34-35), അവനെ അനുഗമിക്കുന്നതിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കുന്ന വ്യക്തിപരമായ ആഗ്രഹങ്ങളും ഭൗതിക നേട്ടങ്ങളും നാം ത്യജിക്കണം.
തുടർന്നുള്ള പന്ത്രണ്ട് വർഷക്കാലം, ചൈനയിലും, തെക്കുകിഴക്കൻ ഏഷ്യയിലും ഉള്ള ആയിരക്കണക്കിന് ആളുകളോട് സുവിശേഷം പ്രസംഗിച്ചുകൊണ്ട് ജോൺ തനിക്ക് ദൈവം നൽകിയ ദൗത്യം പൂർണ്ണഹൃദയത്തോടെ നിർവഹിച്ചു. നമ്മുടെ കാര്യം എങ്ങനെയാണ്? പ്രാസംഗികരോ മിഷനറിമാരോ ആകാൻ നാം വിളിക്കപ്പെടണമെന്നില്ല, എന്നാൽ ദൈവം നമ്മെ എവിടെ വേല ചെയ്യാൻ വിളിക്കുന്നുവോ, അവന്റെ ആത്മാവ് നമ്മിൽ പ്രവർത്തിക്കുന്നതിനാൽ, നമ്മെ പൂർണ്ണമായും അവനു സമർപ്പിക്കാം.
യേശുവിനെ യഥാർത്ഥമായി അനുഗമിക്കുന്നതിന് നിങ്ങൾ എന്താണ് പരിത്യജിക്കേണ്ടത്? നിങ്ങൾ മുറുകെ പിടിക്കുന്ന ചില വ്യക്തിപരമായ അഭിലാഷങ്ങൾ ഏതൊക്കെയാണ്?
പിതാവേ, അങ്ങേക്ക് പൂർണ്ണമായി കീഴടങ്ങുന്നതിൽ നിന്ന് എന്നെ തടസ്സപ്പെടുത്തുന്നതെന്തും നീക്കിക്കളയുവാൻ എന്നെ സഹായിക്കേണമേ.