Month: ജനുവരി 2024

തുള്ളി തുള്ളിയായി

"എല്ലാത്തിലും / ഞങ്ങൾ ദൈവത്തെ സേവിക്കുന്നതിനുള്ള മനോഹരമായ വഴികൾ തേടുന്നു," പതിനാറാം നൂറ്റാണ്ടിലെ അവിലയിലെ തെരേസ എഴുതുന്നു. ദൈവത്തോടുള്ള സമ്പൂർണ്ണ സമർപ്പണത്തേക്കാൾ എളുപ്പവും, കൂടുതൽ "സുഖകരവുമായ" വഴികളിലൂടെ നാം കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുന്ന രീതികളെക്കുറിച്ച് അവർ ശക്തമായി വിവരിക്കുന്നു. നാം സാവധാനം, താൽക്കാലികമായി, മനസ്സില്ലാമനസ്സോടെ പോലും അവനിൽ ആശ്രയിക്കാൻ പഠിക്കുകയാണ്. അതിനാൽ, തെരേസ ഏറ്റുപറയുന്നു, "അൽപ്പാൽപ്പമായി, / ഞങ്ങൾ ഞങ്ങളുടെ ജീവിതം നിനക്കായ് അളന്നു തരുമ്പോഴും / ഞങ്ങൾ ഞങ്ങളുടെ ജീവിതം പൂർണ്ണമായും നിനക്ക് സമർപ്പിക്കുന്നതുവരെ / നിന്റെ ദാനങ്ങൾ തുള്ളി തുള്ളിയായി സ്വീകരിക്കാൻ / ഞങ്ങൾക്ക് തൃപ്തിയുണ്ടാകണം." 

മനുഷ്യരെന്ന നിലയിൽ, നമ്മിൽ പലർക്കും വിശ്വാസം സ്വാഭാവികമായി വരുന്നതല്ല. അതുകൊണ്ട് വിശ്വസിക്കാനും സ്വീകരിക്കാനുമുള്ള നമ്മുടെ കഴിവിനെ ആശ്രയിച്ചാണ് ദൈവകൃപയും സ്നേഹവും അനുഭവിക്കാൻ കഴിയുന്നതെങ്കിൽ നമ്മൾ കുഴപ്പത്തിലാകും! 

എന്നാൽ, 1 യോഹന്നാൻ 4-ൽ നാം വായിക്കുന്നതുപോലെ, ദൈവമാണ് ആദ്യം നമ്മെ സ്നേഹിച്ചത് (വാക്യം 19). നാം അവനെ സ്നേഹിക്കുന്നതിന് വളരെ മുമ്പുതന്നെ അവൻ നമ്മെ സ്നേഹിച്ചു, നമുക്കുവേണ്ടി തന്റെ പുത്രനെ ബലിയർപ്പിക്കാൻ അവൻ തയ്യാറായി. ഇത് "സാക്ഷാൽ സ്നേഹം ആകുന്നു." യോഹന്നാൻ അത്ഭുതത്തോടെയും നന്ദിയോടെയും എഴുതുന്നു (വാ. 10).

ക്രമേണ, ശാന്തമായി, അൽപ്പാൽപ്പമായി, ദൈവം തന്റെ സ്നേഹം സ്വീകരിക്കാൻ നമ്മുടെ ഹൃദയങ്ങളെ സുഖപ്പെടുത്തുന്നു. തുള്ളി തുള്ളിയായി, നമ്മുടെ ഭയം അവന് സമർപ്പിക്കാൻ അവന്റെ കൃപ നമ്മെ സഹായിക്കുന്നു (വാക്യം 18). അവന്റെ സമൃദ്ധമായ സൗന്ദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രവാഹം നാം അനുഭവിക്കുന്നത് വരെ, തുള്ളി തുള്ളിയായി അവന്റെ കൃപ നമ്മുടെ ഹൃദയത്തിൽ എത്തുന്നു.

സഹായത്തിനായി ദൈവത്തോടുള്ള നിലവിളി

അഡോപ്റ്റഡ് ഫോർ ലൈഫ് എന്ന തന്റെ പുസ്തകത്തിൽ, ഡോ. റസ്സൽ മൂർ ഒരു കുട്ടിയെ ദത്തെടുക്കാൻ തന്റെ കുടുംബം ഒരു അനാഥാലയത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് വിവരിക്കുന്നു. അവർ നഴ്സറിയിൽ പ്രവേശിച്ചപ്പോൾ അവിടത്തെ നിശബ്ദത അവരെ ഞെട്ടിച്ചുകളഞ്ഞു. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുങ്ങൾ ആരും കരയുന്നില്ല. അവർക്ക് ഒന്നും ആവശ്യമില്ലാത്തതുകൊണ്ടല്ല, മറിച്ച്, കരഞ്ഞാലും ആരും ശ്രദ്ധിക്കുകയില്ലെന്ന് അവർ മനസ്സിലാക്കിയതുകൊണ്ടാണ്.

ആ വാക്കുകൾ വായിച്ചപ്പോൾ എന്റെ ഹൃദയം വേദനിച്ചു. ഞങ്ങളുടെ കുട്ടികൾ ചെറുതായിരുന്നപ്പോളുള്ള അനേകം രാത്രികൾ ഞാൻ ഓർക്കുന്നു. ഞാനും ഭാര്യയും നല്ല ഉറക്കത്തിലായിരിക്കും. അപ്പോൾ, "ഡാഡീ, എനിക്ക് സുഖമില്ല!" അല്ലെങ്കിൽ, "മമ്മീ, എനിക്ക് പേടിയാകുന്നു!" എന്ന നിലവിളി കേട്ട് ഞങ്ങൾ ഞെട്ടി ഉണർന്ന്, ഞങ്ങളിൽ ഒരാൾ പെട്ടെന്ന് അവരുടെ ബെഡ്റൂമിലേക്ക് ഓടിച്ചെന്ന് അവരെ ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യും. അവരുടെ മാതാപിതാക്കൾ അവരെ സ്നേഹിക്കുന്നു എന്ന് അവർക്ക് അറിയാവുന്നതുകൊണ്ടാണ് അവർ കരയുന്നത്.

സങ്കീർത്തനങ്ങളിൽ അധികവും ദൈവത്തോടുള്ള നിലവിളികൾ, അല്ലെങ്കിൽ വിലാപങ്ങളാണ്. ദൈവത്തിന് തങ്ങളോടുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ തങ്ങളുടെ വിലാപങ്ങൾ അവന്റെ അടുക്കൽ കൊണ്ടുവന്നത്. ദൈവം തന്റെ "ആദ്യജാതൻ" (പുറപ്പാട് 4:22) എന്ന് വിളിച്ചിരുന്ന ഒരു ജനമായിരുന്ന ഇവർ, അതനുസരിച്ച് പ്രവർത്തിക്കാൻ അവർ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. അത്തരം പൂർണ്ണമായ ആശ്രയം സങ്കീർത്തനം 25-ൽ കാണാം: “എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ;... എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.” (വാ. 16-17). പരിപാലകന്റെ സ്നേഹത്തിൽ ആത്മവിശ്വാസമുള്ള കുട്ടികൾ കരയുന്നു. യേശുവിൽ വിശ്വസിക്കുന്ന ദൈവമക്കൾ എന്ന നിലയിൽ അവനെ വിളിക്കാനുള്ള അവകാശം അവൻ നമുക്ക് നൽകിയിട്ടുണ്ട്. അവന്റെ മഹാസ്നേഹത്താൽ അവൻ കേൾക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

സംരക്ഷണം നല്കുന്ന ദൈവസ്നേഹം

ഒരു വേനൽക്കാല രാത്രിയിൽ, ഞങ്ങളുടെ വീടിനടുത്തുള്ള പക്ഷികൾ പെട്ടെന്ന് കലപില ശബ്ദം ഉണ്ടാക്കുവാൻ തുടങ്ങി. വൃക്ഷങ്ങളിൽ നിന്ന് പക്ഷികളുടെ കരച്ചിൽ കൂടുതൽ കൂടുതൽ ഉച്ചത്തിലായി. അതിന്റെ കാരണം ഞങ്ങൾ ഒടുവിൽ മനസ്സിലാക്കി. സൂര്യൻ അസ്തമിച്ചപ്പോൾ, ഒരു വലിയ പ്രാപ്പിടിയൻ ഒരു മരത്തിൽ നിന്ന് പറന്നുവന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ പരിഭ്രമത്തോടെ കറകറശബ്ദം ഉണ്ടാക്കിക്കൊണ്ട് പക്ഷികൾ പറന്നകന്നു.

നമ്മുടെ ജീവിതത്തിൽ, തിരുവെഴുത്തുകളിലുടനീളം ആത്മീയ മുന്നറിയിപ്പുകൾ കേൾക്കാൻ കഴിയും— ഉദാഹരണത്തിന് തെറ്റായ പഠിപ്പിക്കലുകൾക്കെതിരായ മുന്നറിയിപ്പ്. നമ്മോടുള്ള അവന്റെ സ്‌നേഹം നിമിത്തം, നമ്മുടെ സ്വർഗീയ പിതാവ് അത്തരം ആത്മീയ അപകടങ്ങൾ നമുക്ക് തിരുവെഴുത്തുകളിലൂടെ വ്യക്തമാക്കിത്തരുന്നു.

യേശു പഠിപ്പിച്ചു, “കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു." (മത്തായി 7:15). അവൻ തുടർന്നു, “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം. . . .  നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു." അവൻ നമുക്ക് മുന്നറിയിപ്പ് നൽകി, "അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും" (വാ. 16-17; 20).

“വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു,” സദൃശവാക്യങ്ങൾ 22:3 നമ്മെ ഓർമിപ്പിക്കുന്നു. അത്തരം മുന്നറിയിപ്പുകളിൽ അടങ്ങിയിരിക്കുന്നത് ദൈവത്തിന്റെ സംരക്ഷണവും സ്നേഹവുമാണ്.

പക്ഷികൾ തങ്ങളുടെ ജീവൻ അപകടത്തിലായതിനെ കുറിച്ച് പരസ്പരം മുന്നറിയിപ്പ് നൽകിയതുപോലെ, ആത്മീയ അപകടത്തിൽ നിന്ന് ദൈവത്തിന്റെ അഭയസ്ഥാനത്തിലേക്ക് പറക്കാനുള്ള ബൈബിളിന്റെ മുന്നറിയിപ്പുകൾ നമുക്ക് ആവശ്യമാണ്.

കാലുകൾ കഴുകുക...പാത്രങ്ങളും

ചാർലിയുടെയും ജാന്റെയും അമ്പതാം വിവാഹ വാർഷികത്തിൽ, അവർ തങ്ങളുടെ മകൻ ജോണിനൊപ്പം ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ചു. അന്ന് ആ റസ്റ്റോറന്റിൽ ഒരു മാനേജരും, പാചകക്കാരിയും, അവരോടൊപ്പം, ആതിഥേയയും വിളമ്പുകാരിയും തൂപ്പുകാരിയും ആയി ജോലി ചെയ്യുന്ന ഒരു കൗമാരക്കാരിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവർ പ്രഭാതഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ, ചാർലി തന്റെ ഭാര്യയോടും മകനോടും പറഞ്ഞു, "ഇനി ഉടനെ നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യമുണ്ടോ?" അവർക്ക് ഒന്നും ഇല്ലായിരുന്നു.

അതിനാൽ, മാനേജരുടെ അനുമതിയോടെ, ചാർലിയും ജാനും ഭക്ഷണശാലയുടെ പിൻഭാഗത്ത് പാത്രങ്ങൾ കഴുകാൻ തുടങ്ങി. ജോൺ അലങ്കോലമായ മേശകൾ വൃത്തിയാക്കാനും തുടങ്ങി. ജോണിന്റെ അഭിപ്രായത്തിൽ, അന്ന് സംഭവിച്ചത് ശരിക്കും അസാധാരണമായിരുന്നില്ല. ശുശ്രൂഷ ചെയ്യിക്കുവാനല്ല, ശുശ്രൂഷിക്കുവാനായി (മർക്കോസ് 10:45) വന്ന യേശുവിനെ അവന്റെ മാതാപിതാക്കൾ എപ്പോഴും മാതൃകയാക്കിയിരുന്നു.

യോഹന്നാൻ 13-ൽ ക്രിസ്തു തന്റെ ശിഷ്യന്മാരുമായി പങ്കുവെച്ച അവസാനത്തെ ഭക്ഷണത്തെക്കുറിച്ച് നാം വായിക്കുന്നു. അന്നു രാത്രി, ആ ഗുരു അവരുടെ അഴുക്കുപുരണ്ട കാലുകൾ കഴുകികൊണ്ട് താഴ്മയോടെ സേവിക്കുവാൻ അവരെ പഠിപ്പിച്ചു (വാ. 14-15). പന്ത്രണ്ട് പേരുടെ പാദങ്ങൾ കഴുകുന്ന താഴ്ന്ന ജോലി ചെയ്യാൻ അവൻ തയ്യാറായെങ്കിൽ, അവരും സന്തോഷത്തോടെ മറ്റുള്ളവരെ സേവിക്കണം.

സേവനത്തിനായി നമുക്ക് ലഭിക്കുന്ന അവസരങ്ങൾ വ്യത്യസ്തങ്ങൾ ആയിരിക്കാം. എന്നാൽ അതിന്റെ ഫലം എപ്പോഴും ഒന്നാണ്: സേവിക്കുന്നത് വളരെ സന്തോഷം നൽകുന്നു. സേവനം ചെയ്യുന്നവരെ സ്തുതിക്കുക എന്നല്ല,  മറിച്ച് എല്ലാ സ്തുതികളും നമ്മുടെ താഴ്മയുള്ള, ആത്മത്യാഗിയായ ദൈവത്തിന് അർപ്പിക്കുക എന്നതാണ് സേവനത്തിന്റെ ലക്‌ഷ്യം. 

ദൈവത്തെ പിന്തുടരാൻ തീരുമാനിക്കുക

“ഒരു സാധാരണ വ്യക്തി ജീവിതകാലത്ത് 7,73,618 തീരുമാനങ്ങൾ എടുക്കും,” ഒരു ബ്രിട്ടീഷ് പത്രം അവകാശപ്പെടുന്നു, “അവയിൽ 1,43,262 എണ്ണത്തിൽ നാം ഖേദിക്കേണ്ടി വരും.” എങ്ങനെയാണ് ആ പത്രം ഈ കണക്ക് കണ്ടുപിടിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ നമ്മുടെ ജീവിതത്തിലുടനീളം എണ്ണമറ്റ തീരുമാനങ്ങൾ നാം അഭിമുഖീകരിക്കുന്നു എന്നത് വ്യക്തമാണ്. അവയുടെ എണ്ണം കേട്ടാൽ നാം തളർന്നുപോകും, പ്രത്യേകിച്ചും നമ്മുടെ എല്ലാ തീരുമാനങ്ങൾക്കും അനന്തരഫലങ്ങൾ ഉണ്ടെന്ന് കണക്കിലെടുക്കുമ്പോൾ. ചിലത് മറ്റുള്ളവയേക്കാൾ വളരെ പ്രധാനമാണ്.

നാൽപ്പതു വർഷം മരുഭൂമിയിൽ അലഞ്ഞുനടന്ന ശേഷം, യിസ്രായേൽ മക്കൾ അവരുടെ പുതിയ മാതൃരാജ്യത്തിന്റെ അതിർത്തിയിൽ കാൽവച്ചു. പിന്നീട്, ദേശത്ത് പ്രവേശിച്ച ശേഷം, അവരുടെ നേതാവായ യോശുവ അവർക്ക് ഒരു വെല്ലുവിളി നൽകി: “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ.” അവൻ പറഞ്ഞു. "നിങ്ങളുടെ പിതാക്കന്മാർ ... സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ." (യോശുവ 24:14). യോശുവ അവരോട് പറഞ്ഞു, “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോർയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” (വാക്യം 15).

ഓരോ പുതിയ ദിവസവും ആരംഭിക്കുമ്പോൾ, സാധ്യതകൾ നമ്മുടെ മുൻപിൽ നിരന്നുനിൽക്കുന്നു, ഇത് നിരവധി തീരുമാനങ്ങളിലേക്ക് നയിക്കുന്നു. ദൈവത്തിന്റെ നടത്തിപ്പിനായി നാം പ്രാർത്ഥിക്കണം. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, എല്ലാ ദിവസവും അവനെ അനുഗമിക്കാൻ നമുക്ക് തീരുമാനിക്കാം.