Month: ജനുവരി 2024

ദൈവത്തിന്റെ വേലക്കാരൻ

മദ്ധ്യപൂർവ്വ ദേശത്തെ ഒരു അഭയാർത്ഥി ക്യാമ്പിൽ, റേസയ്ക്ക് ഒരു ബൈബിൾ ലഭിച്ചപ്പോൾ, അവൻ യേശുവിനെ അറിയുകയും വിശ്വസിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ നാമത്തിലുള്ള അവന്റെ ആദ്യ പ്രാർത്ഥന, "എന്നെ അങ്ങയുടെ വേലക്കാരനായി ഉപയോഗിക്കേണമേ" എന്നായിരുന്നു. പിന്നീട്, ക്യാമ്പ് വിട്ടശേഷം, അപ്രതീക്ഷിതമായി ഒരു ദുരിതാശ്വാസ ഏജൻസിയിൽ ജോലി ലഭിച്ച്, താൻ അറിയുന്നവരും സ്നേഹിക്കുന്നവരുമായ ആളുകളെ സേവിക്കാൻ ക്യാമ്പിലേക്ക് മടങ്ങിയപ്പോൾ ദൈവം ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി. സ്‌പോർട്‌സ് ക്ലബ്ബുകൾ, ഭാഷാ ക്ലാസുകൾ, നിയമോപദേശം—“ആളുകൾക്ക് പ്രതീക്ഷ നൽകുന്ന എന്തും” അവൻ സംഘടിപ്പിച്ചു. മറ്റുള്ളവരെ സേവിക്കുന്നതിനും, ദൈവത്തിന്റെ ജ്ഞാനവും സ്നേഹവും പങ്കിടുന്നതിനുമുള്ള ഒരു മാർഗ്ഗമായാണ് അവൻ ഈ പരിപാടികളെ കാണുന്നത്.

തന്റെ ബൈബിൾ വായിക്കുമ്പോൾ, ഉല്പത്തിയിലെ യോസേഫിന്റെ കഥയുമായി റേസയ്ക്ക് ഒരു ബന്ധം തോന്നി. ജയിലിൽ ആയിരുന്നപ്പോൾ ദൈവം യോസേഫിനെ തന്റെ ജോലി തുടരാൻ ഉപയോഗിച്ചതെങ്ങനെയെന്ന് അവൻ ശ്രദ്ധിച്ചു. ദൈവം യോസേഫിനോടൊപ്പം ഉണ്ടായിരുന്നതിനാൽ, അവൻ അവനോട് ദയ കാണിക്കുകയും അവന് കൃപ നൽകുകയും ചെയ്തു. കാരാഗൃഹപ്രമാണി യോസേഫിനെ വിചാരകനാക്കി. ദൈവം യോസേഫിന് "അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട്" കാരാഗൃഹപ്രമാണിക്ക് അവിടത്തെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വന്നില്ല. (ഉല്പത്തി 39:23).

ദൈവം നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. നാം യാഥാർത്ഥത്തിലോ, മാനസികമായോ ജയിൽവാസം അഭിമുഖീകരിക്കുകയാണെങ്കിലും—ഞെരുക്കമോ, ഏകാന്തയോ, ഹൃദയവേദനയോ, ദുഃഖമോ എന്തുമാകട്ടെ, അവൻ നമ്മെ വിട്ടുപോകില്ലെന്ന് നമുക്ക് വിശ്വസിക്കാം. ക്യാമ്പിലുള്ളവരെ സേവിക്കാൻ റേസയെയും, കാരാഗൃഹത്തിൽ പ്രവർത്തിക്കാൻ യോസേഫിനെയും ശക്തിപ്പെടുത്തിയതുപോലെ,, അവൻ എപ്പോഴും നമ്മോട് ചേർന്നുനിൽക്കും.

ഒരു ലളിതമായ അഭ്യർത്ഥന

"കിടക്കാൻ പോകുന്നതിന് മുമ്പ് മുൻവശത്തെ മുറി ഒന്ന് വൃത്തിയാക്ക്," ഞാൻ എന്റെ മകളോട് പറഞ്ഞു. ഉടനെ മറുപടി വന്നു, "എന്തുകൊണ്ടാണ് അവൾ അത് ചെയ്യാത്തത്?"

ഞങ്ങളുടെ പെൺകുട്ടികൾ ചെറുപ്പമായിരുന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ ഇത്തരം നേരിയ എതിർപ്പുകൾ പതിവായിരുന്നു. എന്റെ പ്രതികരണം എപ്പോഴും ഒന്നുതന്നെയായിരുന്നു: “അവരുടെ കാര്യം പറയേണ്ട; ഞാൻ നിന്നോടാണ് പറഞ്ഞത്."

യോഹന്നാൻ 21-ൽ, ശിഷ്യന്മാരുടെ ഇടയിലും ഈ മാനുഷിക പ്രവണത ഉള്ളതായി നാം കാണുന്നു. മൂന്നു പ്രാവശ്യം യേശുവിനെ തള്ളിപ്പറഞ്ഞതിന് ശേഷം യേശു പത്രോസിനെ യഥാസ്ഥാനപ്പെടുത്തി. (യോഹന്നാൻ 18:15-18, 25-27 കാണുക). ഇപ്പോൾ യേശു പത്രോസിനോടു പറയുന്നു, “എന്നെ അനുഗമിക്കുക!” (21:19)—ലളിതവും എന്നാൽ വേദനാജനകവുമായ ഒരു കൽപ്പന. പത്രോസ് മരണം വരെ തന്നെ അനുഗമിക്കുമെന്ന് യേശു വിശദീകരിച്ചു (വാ. 18-19).

യേശു പറഞ്ഞ കാര്യം ശരിയായിട്ട് മനസ്സിലാക്കുന്നതിന് മുമ്പുതന്നെ പത്രോസ് ചോദിച്ചു, "ഇവന്നു എന്തു ഭവിക്കും?" (വാ. 21). യേശു മറുപടി പറഞ്ഞു, "ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക." (വാ. 22).

നാം പലപ്പോഴും പത്രോസിനെപ്പോലെ പെരുമാറുന്നവരല്ലേ! മറ്റുള്ളവരുടെ ആത്മീയ ജീവിതത്തെക്കുറിച്ചാണ് നാം ആശ്ചര്യപ്പെടുന്നത്, അല്ലാതെ ദൈവം നമ്മിലൂടെ ചെയ്യുന്ന  കാര്യങ്ങളെക്കുറിച്ചല്ല. യോഹന്നാൻ 21-ൽ യേശു പത്രോസിനെക്കുറിച്ച് പ്രവചിച്ച മരണം വളരെ അടുത്തെത്തിയപ്പോൾ, അവൻ ക്രിസ്തുവിന്റെ ലളിതമായ കൽപ്പനയെക്കുറിച്ച് വിശദീകരിച്ചു: “പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ." (1 പത്രോസ് 1:14-15). നാമെല്ലാവരും ചുറ്റുമുള്ളവരിലല്ല, യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് മതിയാകും.

പ്രാർത്ഥനയ്ക്കുള്ള ഒരു ആഹ്വാനം

എബ്രഹാം ലിങ്കൺ ഒരു സുഹൃത്തിനോട് തുറന്നു പറഞ്ഞു, "എനിക്ക് പോകാൻ മറ്റൊരിടവുമില്ലെന്ന ശക്തമായ ബോധ്യത്താൽ ഞാൻ പലതവണ മുട്ടുകുത്തി. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരമായ വർഷങ്ങളിൽ, പ്രസിഡന്റ് ലിങ്കൺ തീക്ഷ്ണമായ പ്രാർത്ഥനയിൽ സമയം ചെലവഴിക്കുക മാത്രമല്ല, തന്നോടൊപ്പം ചേരാൻ രാജ്യത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു. 1861-ൽ അദ്ദേഹം "താഴ്മയുടെയും, പ്രാർത്ഥനയുടെയും, ഉപവാസത്തിന്റെയും ദിനം" പ്രഖ്യാപിച്ചു. 1863-ൽ അദ്ദേഹം വീണ്ടും അങ്ങനെ പ്രസ്താവിച്ചു, "ദൈവത്തിന്റെ മേൽക്കോയ്മയെ ആശ്രയിക്കുന്നത് ജനതകളുടെയും മനുഷ്യരുടെയും കടമയാണ്: തങ്ങളുടെ പാപങ്ങളും ലംഘനങ്ങളും എളിയ ദുഃഖത്തോടെയും, യഥാർത്ഥ പശ്ചാത്താപം  കരുണയിലേക്കും ക്ഷമയിലേക്കും നയിക്കും എന്ന ഉറപ്പുള്ള പ്രത്യാശയുടെയും ഏറ്റുപറയുക.

യിസ്രായേല്യർ എഴുപത് വർഷത്തോളം ബാബിലോണിൽ പ്രവാസത്തിൽ കഴിഞ്ഞതിനുശേഷം, യെരൂശലേമിലേക്ക് മടങ്ങാൻ കോരെശ് രാജാവ് യിസ്രായേല്യരെ അനുവദിച്ചു, ഒരു ശേഷിപ്പ് അത് ചെയ്തു. യിസ്രായേല്യനും (നെഹെമ്യാവ് 1:6) ബാബിലോൺ രാജാവിന്റെ പാനപാത്രവാഹകനുമായ നെഹെമ്യാവ് (വാക്യം 11) മടങ്ങിയെത്തിയവർ "മഹാകഷ്ടത്തിലും അപമാനത്തിലും" ആണെന്ന് അറിഞ്ഞപ്പോൾ (വാ. 3), അവൻ "ഇരുന്ന് കരഞ്ഞു.” ദുഃഖിച്ചും ഉപവസിച്ചും പ്രാർത്ഥിച്ചും ദിവസങ്ങൾ ചെലവഴിച്ചു (വാക്യം 4). തന്റെ രാജ്യത്തിനുവേണ്ടിയുള്ള പ്രാർത്ഥനയിൽ അവൻ മല്ലു പിടിച്ചു (വാ. 5-11). പിന്നീട്, അവനും തന്റെ ജനത്തെ ഉപവസിക്കാനും പ്രാർത്ഥിക്കാനും വിളിച്ചു (9:1-37).

നൂറ്റാണ്ടുകൾക്കുശേഷം, റോമൻ സാമ്രാജ്യത്തിന്റെ നാളുകളിൽ, അപ്പോസ്തലനായ പൗലോസും അധികാരസ്ഥന്മാർക്കുവേണ്ടി പ്രാർത്ഥിക്കാൻ തന്റെ വായനക്കാരെ പ്രേരിപ്പിച്ചു (1 തിമോത്തി 2:1-2). മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രാർത്ഥനകൾ നമ്മുടെ ദൈവം ഇപ്പോഴും കേൾക്കുന്നു.

അളക്കാവുന്നതിലും അപ്പുറമുള്ള സ്നേഹം

"ഞാൻ നിന്നെ എങ്ങനെ സ്നേഹിക്കുന്നു? ഞാൻ വഴികൾ എണ്ണട്ടെ." എലിസബത്ത് ബാരറ്റ് ബ്രൗണിങ്ങിന്റെ സോണറ്റ്സ് ഫ്രം ദ് പോർച്ചുഗീസ് -ൽ നിന്നുള്ള ആ വാക്കുകൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും അറിയപ്പെടുന്ന കവിതകളിൽ ഒന്നാണ്. അവർ വിവാഹിതരാകുന്നതിന് മുമ്പ് റോബർട്ട് ബ്രൗണിങ്ങിന് അവൾ അവ എഴുതി. അവൻ അവളുടെ മുഴുവൻ കവിതാസമാഹാരവും പ്രസിദ്ധീകരിക്കാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ ആ ചെറുകവിതകളുടെ ഭാഷ വളരെ വൈകാരികമായതിനാൽ, വ്യക്തിപരമായ സ്വകാര്യതയ്ക്കായി ബാരറ്റ് അവ ഒരു പോർച്ചുഗീസ് എഴുത്തുകാരന്റെ വിവർത്തനം പോലെ പ്രസിദ്ധീകരിച്ചു.

മറ്റുള്ളവരോടുള്ള സ്‌നേഹം തുറന്നു പറയുമ്പോൾ ചിലപ്പോൾ നമുക്ക് അസ്വസ്ഥത തോന്നാം. എന്നാൽ ബൈബിളിൽ, ദൈവസ്നേഹം പ്രകടിപ്പിക്കുന്നത് മൂടിവയ്ക്കുന്നില്ല. തന്റെ ജനത്തോടുള്ള ദൈവത്തിന്റെ വാത്സല്യം ഈ ആർദ്രമായ വാക്കുകളിലൂടെ യിരെമ്യാവ് വിവരിച്ചു: “നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.” (യിരേമ്യാവു 31:3). അവന്റെ ജനം അവനിൽ നിന്ന് പിന്തിരിഞ്ഞെങ്കിലും, അവരെ പുനഃസ്ഥാപിക്കുമെന്നും വ്യക്തിപരമായി അവരെ അടുപ്പിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തു. "ഞാൻ യിസ്രായേലിന്നു വിശ്രാമം വരുത്തുവാൻ പോകുന്നു," അവൻ അവരോട് പറഞ്ഞു (വാക്യം 2).

തന്നിലേക്ക് തിരിയുന്ന ഏവർക്കും സമാധാനവും സ്വസ്ഥതയും നൽകുന്ന ദൈവത്തിന്റെ സ്നേഹത്തിന്റെ ആത്യന്തിക പ്രകടനമാണ് യേശു— പുൽത്തൊട്ടിയിൽ നിന്ന് കുരിശിലേക്കും, അവിടെനിന്ന് ശൂന്യമായ കല്ലറയിലേക്കും. വഴിതെറ്റിയ ലോകത്തെ തന്നിലേക്ക് വിളിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹത്തിന്റെ ആൾരൂപമാണ് അവൻ. ബൈബിൾ ആദിയോടന്തം വായിക്കുക, നിങ്ങൾ വീണ്ടും വീണ്ടും ദൈവസ്നേഹത്തിന്റെ "വഴികൾ എണ്ണും"; എന്നാൽ അവ ശാശ്വതമായതിനാൽ, നിങ്ങൾ ഒരിക്കലും അവ എണ്ണിത്തീരുകയില്ല.

സന്നദ്ധനായ രക്ഷകൻ

രാത്രി ഏറെ വൈകി വാഹനമോടിക്കുന്നതിനിടെയാണ് ഒരു വീടിന് തീപിടിക്കുന്നത് നിക്കോളാസ് കണ്ടത്. അവൻ ഇടവഴിയിൽ പാർക്ക് ചെയ്തു, കത്തുന്ന വീട്ടിലേക്ക് ഓടി, നാല് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചു. ഒരു സഹോദരൻ ഇപ്പോഴും ഉള്ളിലുണ്ടെന്ന് കുഞ്ഞുങ്ങളെ നോക്കുന്ന കൗമാരക്കാരി മനസ്സിലാക്കിയപ്പോൾ അവൾ നിക്കോളാസിനോട് പറഞ്ഞു. ഒരു മടിയും കൂടാതെ അവൻ വീണ്ടും വീടിനുള്ളിലെക്ക് പ്രവേശിച്ചു. ആറുവയസ്സുകാരിക്കൊപ്പം രണ്ടാം നിലയിൽ കുടുങ്ങിയ നിക്കോളാസ് ജനൽ തകർത്തു. എമർജൻസി ടീം സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടിയെ കൈയ്യിൽ പിടിച്ച് സുരക്ഷിതസ്ഥാനത്തേക്ക് ചാടി. തന്നേക്കാൾ മറ്റുള്ളവരുടെ താൽപ്പര്യം കണക്കിലെടുത്ത് അവൻ എല്ലാ കുട്ടികളെയും രക്ഷിച്ചു.

മറ്റുള്ളവർക്ക് വേണ്ടി തന്റെ സുരക്ഷിതത്വം ത്യജിക്കാനുള്ള സന്നദ്ധതയിലൂടെ നിക്കോളാസ് ധീരത പ്രകടിപ്പിച്ചു. പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മെ വിടുവിക്കാൻ ത്യാഗപൂർവ്വം തന്റെ ജീവൻ നൽകിയ, രക്ഷകനായ യേശുക്രിസ്തുവിനെ ഈ സംഭവത്തിലൂടെ ഓർക്കുന്നു. "നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു." (റോമർ 5:6). പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയ യേശു നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി തന്റെ ജീവൻ അർപ്പിക്കാൻ സന്നദ്ധനായ കാര്യം അപ്പോസ്തലനായ പൗലോസ് ഊന്നിപ്പറഞ്ഞു. അത് നമുക്കൊരിക്കലും സ്വന്തമായി നൽകാൻ കഴിയാത്ത വിലയാണ് . "ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു." (വാക്യം 8).

നമ്മുടെ മനസ്സൊരുക്കമുള്ള രക്ഷകനായ യേശുവിനെ നാം വിശ്വസിക്കുകയും സ്തുതിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മറ്റുള്ളവരെ ത്യാഗപൂർവ്വം സ്നേഹിക്കാൻ അവൻ നമ്മെ പ്രാപ്തരാക്കും.