വിവാഹദിനത്തിൽ, ഗ്വെൻഡോലിൻ സ്റ്റൾഗിസ് താൻ സ്വപ്നം കണ്ടതുപോലെ തന്റെ വിവാഹ വസ്ത്രം ധരിച്ചു. എന്നിട്ട് തന്റെ ആവശ്യത്തിന് ശേഷം അവൾ അത് അപരിചിതയായ ഒരാൾക്ക് സമ്മാനിച്ചു. അലമാരയ്ക്കകത്തിരുന്ന് പൊടി പിടിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് അതാണെന്ന് സ്റ്റൾഗിസ് വിശ്വസിച്ചു. മറ്റ് നവവധുക്കൾ ഇത് ഏറ്റെടുത്തു. ഇപ്പോൾ നിരവധി സ്ത്രീകൾ അവളുടെ സോഷ്യൽ മീഡിയ സൈറ്റിൽ തങ്ങളുടെ വിവാഹ വസ്ത്രങ്ങൾ സംഭാവന ചെയ്യാനും ചിലർ അവ കൈപ്പറ്റുവാനും ബന്ധപ്പെട്ടിരിക്കുന്നു. ഒരു ദാതാവ് പറഞ്ഞതുപോലെ, “ഈ വസ്ത്രം വധുവിൽ നിന്ന് വധുവിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും, അതിന്റെ അവസാനം, എല്ലാ ആഘോഷങ്ങളും കാരണം, അത് ജീർണ്ണിച്ചുപോകുകയും ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
ദാനധർമ്മം ഒരു ആഘോഷമായി തോന്നാം, തീർച്ചയായും. സാദൃശ്യവാക്യത്തിൽ എഴുതിയിരിക്കുന്നതുപോലെ, “ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ. ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും.” (സദൃശവാക്യങ്ങൾ 11:24-25).
അപ്പോസ്തലനായ പൗലോസ് പുതിയ നിയമത്തിൽ ഈ തത്ത്വം പഠിപ്പിച്ചു. എഫേസോസിലെ വിശ്വാസികളോട് യാത്ര പറയുമ്പോൾ, അവൻ അവർക്ക് ഒരു അനുഗ്രഹം നൽകുകയും (അപ്പ. പ്രവ 20:32) ഔദാര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു. അവർ പിന്തുടരേണ്ട ഒരു മാതൃകയായി പൗലോസ് തന്റെ സ്വന്തം തൊഴിലിന്റെ നീതിശാസ്ത്രം ചൂണ്ടിക്കാട്ടി. പൗലോസ് പറഞ്ഞു, “ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.” (വാക്യം 35).
ഉദാരമനസ്കത ദൈവത്തെ പ്രതിഫലിപ്പിക്കുന്നു. “… ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16). അവൻ നമ്മെ നയിക്കുമ്പോൾ നമുക്ക് അവന്റെ മഹത്തായ മാതൃക പിന്തുടരാം.
ഈയിടെ ഏതെല്ലാം നല്ല സമ്മാനങ്ങളാണ് നിങ്ങൾ നൽകിയിരിക്കുന്നത്? നിങ്ങളുടെ സമ്മാനം മറ്റൊരാൾക്ക് എങ്ങനെ പ്രയോജനപ്പെടുകയുണ്ടായി?
പ്രിയ പിതാവേ, അങ്ങയുടെ ഹൃദയത്തിൽ ഉള്ള സ്നേഹത്തോടെ മറ്റുള്ളവർക്ക് നൽകാൻ എന്റെ കൈകൾ തുറക്കണമേ.