ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയതിന് ശേഷം, ക്യാൻസറിനെ നേരിടുന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ ‘ക്യാൻസറിനോട് പോരാടണം’ എന്നത് ഊന്നിപ്പറയുന്നു എന്ന്  ക്രിസ്റ്റീന കോസ്റ്റയുടെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, ആ ‘പോരാട്ടം’ തന്നെ തളർത്തിക്കളയുന്നതാണെന്ന് അവൾ വേഗം മനസ്സിലാക്കി. “[തന്റെ] ശരീരവുമായി ഒരു വർഷത്തിലധികം പോരാട്ടത്തിൽ ചെലവഴിക്കാൻ അവൾ ആഗ്രഹിച്ചില്ല.” അതിനുപകരം, അവളെ പരിചരിക്കുന്ന വിദഗ്ധരുടെ സംഘത്തിനും, അവൾക്ക് ലഭിക്കുന്ന സൗഖ്യത്തിനും വേണ്ടി എല്ലാ ദിവസവും നന്ദിയുള്ളവളായി ഇരിക്കുന്നതാണ് നല്ലത് എന്ന് അവൾക്ക് മനസ്സിലായി. പ്രതിസന്ധി എത്ര കഠിനമാണെങ്കിലും, നന്ദിയുള്ള ഹൃദയം വിഷാദത്തെ ചെറുക്കാൻ സഹായിക്കുമെന്നും, “പ്രതിരോധശേഷി വളർത്താൻ നമ്മുടെ തലച്ചോറിനെ സജ്ജമാക്കുമെന്നും” അവൾ നേരിട്ട് അനുഭവിച്ചറിഞ്ഞു.

നന്ദി പ്രകടിപ്പിക്കുന്നത് വിശ്വാസികൾ ഒരു കടമ എന്ന നിലയിൽ മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും, അത് സ്വമേധയാ ചെയ്യേണ്ട കാര്യമാണെന്നും കോസ്റ്റയുടെ കഥ എന്നെ ഓർമ്മിപ്പിച്ചു. ദൈവം നമ്മുടെ കൃതജ്ഞത അർഹിക്കുന്നു എന്നത് സത്യമാണെങ്കിലും, കൃതജ്ഞത പ്രകടിപ്പിക്കുന്നത് നമുക്കും അത്യധികം നല്ലതാണ്. “എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്.” (സങ്കീർത്തനം 103:2) എന്ന് പറയാൻ നാം നമ്മുടെ ഹൃദയം ഉയർത്തുമ്പോൾ, ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ വഴികൾ നമ്മെ ഓർമ്മിപ്പിക്കുന്നു—ക്ഷമയുടെ ഉറപ്പ് നൽകുന്നു, രോഗശാന്തിക്കായി പ്രവർത്തിക്കുന്നു; നമ്മുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നൽകുന്നു;  അവന്റെ സൃഷ്ടിയുടെ “ദയയും കരുണയും,” എണ്ണമറ്റ “നന്മയും” അനുഭവിക്കാൻ നമ്മെ അനുവദിക്കുന്നു (വാ. 3-5).

ഈ ജീവിതകാലത്ത് എല്ലാ കഷ്ടപ്പാടുകൾക്കും പൂർണ്ണമായ സൗഖ്യം ലഭിക്കില്ലെങ്കിലും, നമ്മുടെ ഹൃദയങ്ങൾ എല്ലായ്പ്പോഴും നന്ദിയാൽ പുതുക്കപ്പെടണം, കാരണം ദൈവസ്നേഹം നമ്മോടൊപ്പമുണ്ട് “എന്നും എന്നേക്കും” (വാക്യം 17).