മാഗിയുടെ യുവ സുഹൃത്ത് വളരെ മോശമായ രീതിയിൽ വസ്ത്രം ധരിച്ച് പള്ളിയിൽ എത്തി. അവൾ ഒരു വേശ്യയായിരുന്നതിനാൽ അതിൽ ആർക്കും ആശ്ചര്യം തോന്നിയതുമില്ല. മാഗിയുടെ ആ സുഹൃത്ത് അവളുടെ ഇരിപ്പിടത്തിൽ അസ്വസ്ഥതയോടെ ഇരിക്കുകയും, വളരെ ഇറക്കം കുറഞ്ഞ അവളുടെ പാവാടയുടെ അറ്റം താഴോട്ട് വലിക്കുകയും, കൈകെട്ടി ബോധപൂർവ്വം ശരീരം മറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.
“ഓ, നിനക്ക് തണുക്കുന്നുണ്ടോ?” അവൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിച്ചുകൊണ്ട് മാഗി സുഹൃത്തിനോട് ചോദിച്ചു. “ഇതാ! എന്റെ ഷാൾ എടുത്തോളൂ”.
ആൾക്കാരെ പള്ളിയിലേക്ക് ക്ഷണിക്കുകയും അവർക്ക് ആശ്വാസം നൽകുകയും ചെയ്തുകൊണ്ട് മാഗി യേശുവിനെ നിരവധി ആളുകളുമായി പങ്കിട്ടു. അവളുടെ നല്ല ഇടപെടലുകളിലൂട സുവിശേഷത്തിനു മാറ്റു കൂടി. അവൾ എല്ലാവരോടും മാന്യമായി പെരുമാറി.
വ്യഭിചാരത്തിന്റെ കഠിനമായ ആരോപണവുമായി മതനേതാക്കൾ ഒരു സ്ത്രീയെ യേശുവിൻറെ മുമ്പിലേക്ക് വലിച്ചിഴച്ചപ്പോൾ, കുറ്റാരോപിതരെ പറഞ്ഞയയ്ക്കുന്നതുവരെ ക്രിസ്തു അവളെ ശ്രദ്ധിച്ചില്ല. അവർ പോയിക്കഴിഞ്ഞപ്പോൾ അവന് അവളെ ശാസിക്കാമായിരുന്നു. പകരം, യേശു രണ്ട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചു: “സ്ത്രീയേ, അവർ എവിടെ?” “നിനക്ക് ആരും ശിക്ഷവിധിച്ചില്ലയോ? (യോഹന്നാൻ 8:10). അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം, തീർച്ചയായും, “ഇല്ല” എന്നായിരുന്നു. അതിനാൽ യേശു ചുരുക്കമായി അവളോട് സുവിശേഷം പറഞ്ഞു. “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് എന്ന് യേശു പറഞ്ഞു.” (വാ. 11).
മറ്റുള്ളവരോടുള്ള ആത്മാർത്ഥമായ സ്നേഹത്തിന്റെ ശക്തിയെ ഒരിക്കലും വിലകുറച്ച് കാണരുത്—വിമർശന മനോഭാവം ഇല്ലാത്ത എല്ലാവർക്കും ക്ഷമയും മാന്യതയും നൽകുന്ന തരത്തിലുള്ള സ്നേഹം.
പരുഷമായ ജീവിതശൈലി നയിക്കുന്ന ഒരാളെ കാണുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു? ഈ ആഴ്ച നിങ്ങൾക്ക് ആരെയാണ് പള്ളിയിലേക്ക് ക്ഷണിക്കാൻ കഴിയുക? അവരെ എങ്ങനെ അവിടേക്കു ആനയിക്കും?
കൃപയുള്ള ദൈവമേ, വിമർശന സ്വഭാവമുള്ള എന്നോട് ക്ഷമിക്കണമേ, മറ്റുള്ളവരോട് അങ്ങയുടെ സ്നേഹവും കൃപയും കാണിക്കാൻ എന്നെ സഹായിക്കണമേ.