തന്റെ ചീനക്കാരനായ ഭർത്താവ് സിയോ-ഹുവിനായി ഒരു പ്രത്യേക പുസ്തകം വാങ്ങാൻ ക്രിസ്റ്റീൻ ആഗ്രഹിച്ചപ്പോൾ, ചൈനീസ് ഭാഷയിൽ അവൾക്ക് കണ്ടെത്താൻ കഴിഞ്ഞത് ഒരു ബൈബിൾ മാത്രമായിരുന്നു. അവരാരും ക്രിസ്തുവിൽ വിശ്വസിച്ചിരുന്നില്ലെങ്കിലും, അദ്ദേഹം ആ സമ്മാനത്തെ വിലമതിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. ആദ്യം ബൈബിൾ കണ്ടപ്പോൾ അദ്ദേഹത്തിന് ദേഷ്യം വന്നുവെങ്കിലും ഒടുവിൽ അദ്ദേഹം അത് സ്വീകരിച്ചു. വായിക്കുമ്പോൾ, അതിന്റെ താളുകളിലെ സത്യം അദ്ദേഹത്തെ ആകർഷിച്ചു. അപ്രതീക്ഷിതമായ ഈ സംഭവവികാസത്തിൽ അസ്വസ്ഥയായ ക്രിസ്റ്റീൻ അദ്ദേഹത്തെ എതിർക്കുന്നതിനായി തിരുവെഴുത്തുകൾ വായിക്കാൻ തുടങ്ങി. അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവൾ വായിച്ച കാര്യങ്ങൾ ബോധ്യപ്പെട്ടതിലൂടെ അവളും യേശുവിലുള്ള വിശ്വാസത്തിലേക്ക് എത്തി.
പരിവർത്തനം വരുത്തുവാനുള്ള തിരുവെഴുത്തുകളുടെ കഴിവ് അപ്പൊസ്തലനായ പൌലോസിന് അറിയാമായിരുന്നു. താൻ ഉപദേശം നൽകിയ തിമൊഥെയൊസിനോട് “നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക” എന്ന് അദ്ദേഹം റോമിലെ ജയിലിൽ നിന്ന് എഴുതി, കാരണം “മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നു”. (2 തിമോത്തിയോസ് 3:14–15). മൂലഭാഷയിൽ, “തുടരുക” എന്നതിന്റെ ഗ്രീക്ക് പദത്തിന് ബൈബിൾ വെളിപ്പെടുത്തുന്ന കാര്യങ്ങളിൽ “നിലനിൽക്കുക” എന്ന അർത്ഥമുണ്ട്. തിമൊഥെയൊസിന് എതിർപ്പും പീഡനവും നേരിടേണ്ടിവരുമെന്ന് അറിഞ്ഞ പൌലോസ്, വെല്ലുവിളികളെ നേരിടാൻ അവൻ സജ്ജനായിരിക്കണമെന്ന് ആഗ്രഹിച്ചു; ബൈബിളിലെ സത്യങ്ങൾ ധ്യാനിക്കുമ്പോൾ തന്റെ ശിഷ്യൻ ശക്തിയും ജ്ഞാനവും കണ്ടെത്തുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ദൈവം തന്റെ ആത്മാവിലൂടെ തിരുവെഴുത്തുകളെ നമുക്ക് ജീവസുറ്റതാക്കുന്നു. നാം അതിൽ വസിക്കുമ്പോൾ, അവൻ നമ്മെ അവനോട് അനുരൂപരാക്കി മാറ്റുന്നു. സിയോ-ഹു, ക്രിസ്റ്റീൻ എന്നിവരുടെ കാര്യത്തിൽ അവൻ ചെയ്തതുപോലെ.
ബൈബിൾ വായിക്കുന്നതിലും ധ്യാനിക്കുന്നതിലും സമയം ചെലവഴിച്ചതിലൂടെ നിങ്ങൾക്ക് എന്തെല്ലാം മാറ്റങ്ങളുണ്ടായി? എപ്പോഴാണ് തിരുവെഴുത്തുകൾ നിങ്ങളോട് സംസാരിച്ചത്?
ജീവനുള്ള സകലത്തിന്റെയും സൃഷ്ടാവെ, ജീവദായകമായ വേദപുസ്തകം നൽകിയതിന് നന്ദി. തിരുവെഴുത്തുകൾ വായിക്കുമ്പോൾ ഞാൻ എന്നെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.