അദ്ദേഹത്തെ എല്ലാവരും സ്നേഹിച്ചിരുന്നു—ഇറ്റലിയിലെ കാസ്നിഗോയിലെ ഡോൺ ഗ്യൂസെപ്പി ബെരാർഡെല്ലിയെ വിവരിക്കാൻ ഉപയോഗിച്ച വാക്കുകളായിരുന്നു അവ. ഒരു പഴയ മോട്ടോർബൈക്കിൽ പട്ടണത്തിൽ ചുറ്റിക്കറങ്ങുകയും എല്ലായ്പ്പോഴും “സമാധാനവും നന്മയും” എന്ന അഭിവാദ്യത്തോടെ നടക്കുകയും ചെയ്ത ഒരു പ്രിയപ്പെട്ട വ്യക്തിയായിരുന്നു ഡോൺ. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ, കൊറോണ ബാധിച്ചതോടെ വഷളായി; അപ്പോൾ, അദ്ദേഹത്തിന്റെ സ്നേഹിതർ അദ്ദേഹത്തിവേണ്ടി ഒരു ശ്വസനസഹായി വാങ്ങി. എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥ വഷളായപ്പോൾ അദ്ദേഹം ശ്വസന ഉപകരണങ്ങൾ നിരാകരിക്കുകയും പകരം ആവശ്യമുള്ള ഒരു ചെറുപ്പക്കാരനായ രോഗിക്ക് അത് ലഭ്യമാക്കാൻ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിരാകരണം കേട്ടപ്പോൾ ആരും ആശ്ചര്യപ്പെട്ടില്ല, കാരണം അത് മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ മുൻപിൽ നിന്ന ആ വക്തിയുടെ സ്വഭാവമായിരുന്നു.
സ്നേഹിച്ചതുമൂലം സ്നേഹിക്കപ്പെട്ടു, ഇതാണ് അപ്പോസ്തലനായ യോഹന്നാന്റെ സുവിശേഷത്തിലുടനീളം മുഴങ്ങുന്ന സന്ദേശം. സ്നേഹിക്കപ്പെടുന്നതും മറ്റുള്ളവരെ സ്നേഹിക്കുന്നതും ഒരു പള്ളിമണി പോലെയാണ്, അത് കാലാവസ്ഥാ ഭേദമെന്യേ രാപ്പകൽ മുഴങ്ങുന്നു. യോഹന്നാൻ 15-ൽ ഇത് വളരെ പാരമ്യത്തിലെത്തുന്നു. കാരണം എല്ലാവരാലും സ്നേഹിക്കപ്പെടുക എന്നതല്ല, എല്ലാവരെയും സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ സ്നേഹമെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. “സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.” (വാ. 13).
ത്യാഗപരമായ സ്നേഹത്തിന്റെ മാനുഷിക ഉദാഹരണങ്ങൾ എല്ലായ്പ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു. എന്നിട്ടും ദൈവത്തിന്റെ മഹത്തായ സ്നേഹവുമായി താരതമ്യപ്പെടുത്തുമ്പോൾ അവ നിറം മങ്ങിയതാകുന്നു. ദൈവസ്നേഹം നമ്മെ വെല്ലുവിളിക്കുന്നു, കാരണം യേശു കൽപിക്കുന്നു “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക” (വാ. 12). അതെ, എല്ലാവരേയും സ്നേഹിക്കുക.
എല്ലാവരാലും സ്നേഹിക്കപ്പെടുക, എല്ലാവരെയും സ്നേഹിക്കുക. ഇത് നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാറുണ്ടോ. എന്തുകൊണ്ട്? ഇന്ന് ഒരു സുഹൃത്തിന് വേണ്ടി നിങ്ങളുടെ ജീവൻ ത്യജിച്ചാൽ എങ്ങനെയിരിക്കും?
യേശുവേ, നീ എന്നെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ എന്നെ സഹായിക്കേണമേ.