1945 മാർച്ചിൽ റൈൻ നദി കടക്കാൻ “ഗോസ്റ്റ് ആർമി – Ghost Army” അമേരിക്കൻ സൈന്യത്തെ സഹായിച്ചു. ഇത് രണ്ടാം ലോക മഹായുദ്ധത്തിന്റെ പടിഞ്ഞാറെ മുന്നണിയിൽ നിന്ന് ശക്തമായ ആക്രമണം നടത്താൻ സഖ്യശക്തികൾക്ക് സഹായമായി. ഈ പട്ടാളക്കാർ തീർച്ചയായും മനുഷ്യരായിരുന്നു, പ്രേതങ്ങൾ ഒന്നുമല്ലായിരുന്നു. 23, ഹെഡ്ക്വാർട്ടേഴ്സ് സ്പെഷ്യൽ ട്രൂപ്പിലെ അംഗങ്ങളായിരുന്നു ഇവർ. 1100 പേരുള്ള ഇവർ 30000 പേരുള്ള ഒരു സൈന്യമാണെന്ന് തോന്നിപ്പിക്കാൻ ഊതി വീർപ്പിക്കുന്ന വ്യാജ ടാങ്കുകളും ഉച്ചഭാഷിണി ഉപയോഗിച്ച് കൃത്രിമമായ അധിക വാഹന ശബ്ദവും മറ്റും ഉപയോഗിച്ചു. താരതമ്യേന വളരെ ചെറിയ ഈ ഗോസ്റ്റ് ആർമി ഒരു വൻ സൈന്യമാണെന്ന വ്യാജ പ്രതീതി ജനിപ്പിച്ച് എതിരാളികളെ ഭയപ്പെടുത്തി.
മിദ്യാന്യരും അവരുടെ സഖ്യവും രാത്രിയിൽ പന്തങ്ങളുമായി വന്ന ഒരു ചെറിയ സൈന്യത്തിന്റെ മുന്നിൽ ഭയന്നു പോയി (ന്യായാ. 7:8-22). ഇസ്രായേലിന്റെ ഒരു ന്യായാധിപനും പ്രവാചകനും സൈന്യ നായകനുമായിരുന്ന ഗിദയോന്റെ നിസ്സാരമായ സൈന്യത്തെക്കൊണ്ട് ദൈവം ശത്രുസൈന്യത്തെ പരിഭ്രമിപ്പിച്ചു. വെട്ടുക്കിളി പോലെ അസംഖ്യമായിരുന്ന (വാ.12) ശത്രുസൈന്യത്തെ , തങ്ങൾ ഭീമമായ ഒരു സൈന്യത്തെയാണ് നേരിടുന്നത് എന്ന് തോന്നിപ്പിക്കാനായി, അവർ ശബ്ദമുണ്ടാക്കുന്ന വസ്തുക്കളും (കാഹളം, മൺകുടം, മനുഷ്യന്റെ അലർച്ച) പ്രകാശം പരത്തുന്നതിന് പന്തങ്ങളും ഉപയോഗിച്ചു. 32000 പേരുള്ള ആ സൈന്യത്തെ ദൈവം പറഞ്ഞ 300 പേർ ഉള്ള സൈന്യം കൊണ്ട് ഇസ്രായേൽ തോല്പിച്ചു (വാ. 2-8). ഇതെങ്ങനെ സാധിച്ചു? ആരാണ് യഥാർത്ഥത്തിൽ യുദ്ധം ജയിച്ചത് എന്ന് ഇതിലൂടെ കാണാൻ കഴിയും. ദൈവം ഗിദയോനോട് പറഞ്ഞു:” ഞാൻ അത് നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” (വാ. 9).
നാം ബലഹീനരും എളിയവരും ആണെന്ന് കരുതുമ്പോൾ ദൈവത്തെ അന്വേഷിക്കാം, അവന്റെ ശക്തിയിൽ ആശ്രയിക്കാം. കാരണം, അവന്റെ ശക്തി നമ്മുടെ ബലഹീനതയിൽ തികഞ്ഞു വരുന്നു (2 കൊരി.12:9).
ഏതു വലിയ സൈന്യത്തെയും പ്രതിസന്ധിയെയും ആണ് നിങ്ങൾ അഭിമുഖീകരിക്കുന്നത്? ഇത് നേരിടുന്നതിന് ദൈവശക്തിയിൽ എങ്ങനെ ആശ്രയിക്കാനാകും?
പ്രിയ യേശുവേ, എന്റെ ബലഹീനതയിൽ അവിടുത്തെ ശക്തി അനുഭവിക്കാൻ എനിക്ക് ഇടയാക്കണമേ.