ഞങ്ങളുടെ അയല്ക്കാരൻ ഹെൻറിയെ ആദ്യം കണ്ടപ്പോൾത്തന്നെ അദ്ദേഹം ബാഗിൽ നിന്നും തന്റെ ഉപയോഗിച്ച് തേഞ്ഞ ബൈബിൾ പുറത്തെടുത്തു. ബൈബിൾ സംബന്ധിച്ച് ചർച്ച ചെയ്താലോ എന്ന് തിളങ്ങുന്ന കണ്ണുകളോടെ അദ്ദേഹം ചോദിച്ചു. ഞങ്ങൾ സമ്മതിച്ചപ്പോൾ അദ്ദേഹം അടയാളപ്പെടുത്തിയ കുറെ വാക്യങ്ങൾ ഞങ്ങളെ കാണിച്ചു. ബൈബിൾ പഠനത്തിന്റെ ഭാഗമായി കുറിച്ച നോട്ടുകൾ കാണിച്ചു. ബൈബിൾ വിഷയങ്ങൾ കമ്പ്യൂട്ടറിൽ തയ്യാറാക്കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ബുദ്ധിമുട്ട് നിറഞ്ഞ കുടുംബ പശ്ചാത്തലവും, വീട്ടിൽ നിന്നും ഒറ്റക്ക് യേശുവിന്റെ മരണ പുനരുത്ഥാനങ്ങളെ വിശ്വസിച്ച് (അപ്പ.പ്രവൃത്തി 4:12) മാറിനിന്നതിന്റെ പ്രയാസങ്ങളും അയാൾ വിവരിച്ചു. ബൈബിളിന്റെ അനുശാസനങ്ങൾ അനുസരിക്കാൻ തുടങ്ങിയപ്പോൾ ജീവിതം രൂപാന്തരപ്പെടാൻ പരിശുദ്ധാത്മാവ് സഹായിച്ചു. വർഷങ്ങൾക്ക് മുമ്പാണ് ഹെൻറി തന്റെ ജീവിതം കർത്താവിന് സമർപ്പിച്ചതെങ്കിലും ആ തീക്ഷ്ണത ഇന്നും പുതിയതും ശക്തവും ആയി തുടരുന്നു.
ഹെൻറി – വർഷങ്ങളോളം യേശുവിനോടൊപ്പം നടന്ന അദ്ദേഹത്തിന്റെ ആത്മീയ തീക്ഷ്ണത, എന്റെ ആത്മീയ അഭിനിവേശം എത്രത്തോളമുണ്ടെന്നുള്ളത് ചിന്തിക്കാൻ എന്നെ പ്രചോദിപ്പിച്ചു. അപ്പൊസ്തലനായ പൗലോസ് എഴുതി: “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ” (റോമർ 12:11). ഇത് അപ്രായോഗികമായ ഒരു ആഹ്വാനമായി തോന്നാം. എന്നാൽ തിരുവെഴുത്തിനെ എന്റെ ഭാവങ്ങളെ രൂപപ്പെടുത്താൻ അനുവദിച്ചുകൊണ്ട് കർത്താവ് എനിക്കു വേണ്ടി ചെയ്ത നന്മകളെ നിരന്തരം നന്ദിയോടെ സ്മരിച്ചുകൊണ്ട് ജീവിച്ചാൽ ഇത് സാധിക്കുന്ന കാര്യമാണ്.
ജീവിതത്തിൽ സംഭവിക്കുന്ന വൈകാരിക ഉയർച്ച താഴ്ചകൾ പോലെയല്ല, ക്രിസ്തുവിനായുള്ള തീക്ഷ്ണത അവനോടുള്ള നിരന്തരമായ ബന്ധത്തിന്റെ ഫലമായുണ്ടാകുന്നതാണ്. അവനെ നാം അറിയുന്തോറും അവൻ വിലയേറിയവനായി മാറുകയും അവന്റെ നന്മകൾ നമ്മിൽ നിറഞ്ഞ് കവിഞ്ഞ് ലോകത്തിലേക്ക് തുളുമ്പുകയും ചെയ്യും.
നിങ്ങൾ യേശുവിനുവേണ്ടി ആവേശഭരിതനാണെന്ന് കാണുമ്പോൾ കർത്താവിന് എന്തായിരിക്കും തോന്നുക? കൃതജ്ഞതയും തീക്ഷ്ണതയും തമ്മിലുള്ള ബന്ധം എന്താണ്?
യേശുവേ, നിന്നെ അറിയുവാനുള്ള എന്റെ ആവേശത്തെ ജ്വലിപ്പിക്കേണമേ!