കാലിഫോർണിയയിലെ മോണ്ടെറേ ബേ അക്വേറിയത്തിലേക്ക് പ്രവേശിച്ചപ്പോൾ മൂന്ന് വയസുകാരനായ എന്റെ മകൻ, സേവ്യർ, എന്റെ കയ്യിൽ പിടിച്ച് ഞെക്കി. അവിടെ തൂക്കിയിട്ടിരുന്ന ഒരു ഭീമൻ തിമിംഗലത്തിന്റെ രൂപം കണ്ട് അവൻ അതിശയിച്ച് നിന്നു. ഓരോ പ്രദർശനവും കാണുന്തോറും അവന്റെ വിടർന്ന കണ്ണുകളിലെ ആനന്ദം കാണേണ്ടതായിരുന്നു. നീർനായകളുടെ ഭക്ഷണത്തിനായുള്ള പുളച്ചിൽ കണ്ട് ഞങ്ങൾ ചിരിച്ചു പോയി. സ്വർണ്ണനിറമുള്ള ജെല്ലിഫിഷിന്റെ നീല നിറത്തിലുള്ള വെള്ളത്തിലെ മനോഹര നൃത്തം നയനാനന്ദകരമായിരുന്നു. “നിന്നെയും എന്നെയും സൃഷ്ടിച്ചതു പോലെ തന്നെ കടലിലെ എല്ലാ ജീവികളെയും ദൈവം സൃഷ്ടിച്ചതാണ്” എന്ന് ഞാൻ പറഞ്ഞപ്പോൾ സേവ്യർ ഒരു അതിശയ ശബ്ദം പുറപ്പെടുവിച്ചു.
സങ്കീർത്തനം 104 ൽ, ദൈവത്തിന്റെ അതിശയ സൃഷ്ടികളെ ഓർത്ത് സങ്കീർത്തകൻ പാടുകയാണ്:
“ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു(വാ.24). വീണ്ടും പറയുന്നു: “വലിപ്പവും വിസ്താരവുമുള്ള സമുദ്രം അതാ കിടക്കുന്നു. അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യം ജന്തുക്കൾ ഉണ്ട്” (വാ.25). താൻ സൃഷ്ടിച്ചതിനെയൊക്കെയും ഔദാര്യമായും സുഭിക്ഷമായും പരിപാലിക്കുന്നതും തുടർന്ന് വർണ്ണിക്കുന്നു (വാ. 27, 28). ഓരോ ജീവിയുടെയും ദിവസങ്ങൾ ദൈവം നിശ്ചയിച്ചിട്ടുണ്ടെന്നും അവിടെ പറഞ്ഞിരിക്കുന്നു. (വാ. 29,30).
നമുക്കും സങ്കീർത്തകനോട് ചേർന്ന് ആരാധിച്ച് പാടാം: “എന്റെ ആയുഷ്ക്കാലത്തൊക്കെയും ഞാൻ യഹോവക്ക് പാടും; ഞാൻ ഉള്ളിടത്തോളം എന്റെ ദൈവത്തിന് കീർത്തനം പാടും” (വാ. 33). ചെറുതും വലുതുമായ ഏതു ജീവജാലവും ദൈവത്തെ ആരാധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു; കാരണം അവയെയെല്ലാം സൃഷ്ടിച്ചത് ദൈവമാണ്.
ദൈവത്തിന്റെ അത്ഭുത സൃഷ്ടിയായ ലോകം അവനെ ആരാധിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നില്ലേ? ദൈവത്തിന്റെ ശക്തിയിലും പരിപാലനത്തിലും ഉള്ള നിങ്ങളുടെ വിശ്വാസത്തെ ആഴത്തിലുള്ളതാക്കാൻ ദൈവത്തിന്റെ സൃഷ്ടികൾ കാരണമാകുന്നില്ലേ?
സർവ്വശക്തനായ സ്രഷ്ടാവും സകലത്തിന്റെയും പരിപാലകനുമായ ദൈവമേ, അവിടുന്ന് സകല സ്തുതികൾക്കും യോഗ്യനാകുന്നു.