തനിക്ക് മരണകരമായ കാൻസർ ആണെന്ന് സമ്മതിക്കാൻ വിസമ്മതിച്ച ഒരു സ്ത്രീയെക്കുറിച്ചുള്ള ഒരു നോവൽ ഈയിടെ ഞാൻ വായിച്ചു. യാഥാർത്ഥ്യം അംഗീകരിച്ച് പ്രവർത്തിക്കാൻ നിക്കോളായുടെ സുഹൃത്തുക്കൾ അവളെ നിർബന്ധിച്ചെങ്കിലും അവൾ സമ്മതിച്ചില്ല. ധാരാളം കഴിവുകളും സമ്പത്തും ഉണ്ടായിരുന്നെങ്കിലും അവൾ പരിതപിച്ചു: “ഞാൻ എന്റെ ജീവിതം നഷ്ടമാക്കി. ഒന്നും നേടാനായില്ല. വെറുതെ സമയം പാഴാക്കി. ഒന്നും ചെയ്തില്ല” എന്നൊക്കെ. ഒന്നും നേടാനായില്ല എന്ന് തോന്നുന്നതിനാൽ ഈ ലോകം വിട്ടു പോകുന്നു എന്ന ചിന്ത അവൾക്ക് ഉൾക്കൊള്ളാനാകാത്ത വേദനയായി.
ഈ സമയത്ത് തന്നെ ഞാൻ സഭാപ്രസംഗി വായിച്ചപ്പോൾ ഇതിനെതിരായ ആഹ്വാനം കണ്ട് ഞാൻ സ്തബ്ധനായി. മരണമെന്ന യാഥാർത്ഥ്യത്തെ അത് ശക്തമായി ബോധ്യപ്പെടുത്തുന്നു. എല്ലാവരും പോകുന്ന പാതാളം എന്ന യാഥാർത്ഥ്യം (9:10) നമുക്ക് പ്രയാസകരമെങ്കിലും അഭിമുഖീകരിച്ചേ മതിയാകൂ (9:2). അതുകൊണ്ട് ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും വിലയേറിയതായി കാണണം (വാ.4). ഭക്ഷണവും കുടുംബ സൗഹൃദവും ഒക്കെ ബോധപൂർവ്വം ആസ്വദിക്കണം (വാ. 7-9). ചെയ്യാവുന്ന പ്രവൃത്തിയൊക്കെ ചെയ്യണം (വാ.10). പറ്റുന്ന എല്ലാ സംരഭവും സാഹസപൂർവം ഏറ്റെടുക്കണം (11:1,6). ഒരു ദിവസം ദൈവത്തിന്റെ മുമ്പിൽ കണക്ക് കൊടുക്കേണ്ടതാണ് എന്ന ബോധ്യത്തിൽ എല്ലാം ചെയ്യണം (11: 9; 12:13-14).
നിക്കോളാ വളരെ വിശ്വസ്തയും ഔദാര്യമുള്ളവളും ആയിരുന്നതുകൊണ്ട് അവളുടെ ജീവിതം ഒരിക്കലും നഷ്ടമായിരുന്നില്ല എന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചു. സഭാപ്രസംഗിയുടെ വാക്കുകൾ നമ്മുടെ ജീവിതാന്ത്യത്തിലും ഇങ്ങനെയൊരു സംഘർഷം വരാതെ സഹായിക്കും; സ്രഷ്ടാവിനെ ഓർക്കുക(12:1), അവന്റെ വഴികളെ അനുഗമിക്കുക, ജീവിക്കാനും ദൈവം നല്കുന്നതിനെയെല്ലാം സ്നേഹിക്കാനും ഉള്ള ഏത് അവസരവും ആസ്വദിക്കുക.
ഇന്ന് ദൈവം നല്കുന്ന ചെറിയ സന്തോഷങ്ങളെ എങ്ങനെ ആസ്വദിക്കുന്നു? ഇന്ന് ഇനി ചെയ്യാൻ കഴിയുന്ന ഒരു നല്ല കാര്യം എന്താണ്?
സ്നേഹമുള്ള ദൈവമേ, ഇന്ന് നന്മകളുള്ള ഒരു ദിവസമായി നല്കിയതിന് നന്ദി. ഇന്നിന്റെ ഏത് സന്തോഷവും അങ്ങയോടുള്ള ആരാധനയായി ഞാൻ ആസ്വദിക്കും.