19-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ചിക്കാഗോയിൽ താമസിച്ചിരുന്ന മേരി മക്ഡവൽ ചുറ്റുപാടുമുള്ള കന്നുകാലി ശാലകളിൽ പണിയെടുക്കുന്നവരുടെ കൊടും യാതന അറിഞ്ഞിരുന്നില്ല. അവളുടെ താമസസ്ഥലത്ത് നിന്ന് 20 മൈൽ മാത്രം അകലെയായുണ്ടായിരുന്ന ഈ തൊഴിലിടങ്ങളിലെ ഭയാനകമായ സ്ഥിതിയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ സമരം ചെയ്യുക വരെയുണ്ടായി. പിന്നീട് അവരുടെ യാതനകൾ മനസ്സിലാക്കിയ മക്ഡവൽ അവരുടെ കുടുംബങ്ങളുടെയിടയിലേക്ക് താമസം മാറ്റി; അവരുടെ മെച്ചപ്പെട്ട ജീവിതത്തിനായി പ്രയത്നിച്ചു. അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ഒരു കടയുടെ പിന്നിലായി ഒരു സ്കൂളും ആരംഭിച്ചു.

മറ്റുള്ളവരുടെ നന്മക്കായി നിലപാടെടുക്കുക എന്നതാണ് – നേരിട്ടല്ലെങ്കിലും – എസ്തെറും ചെയ്തത്. അവൾ പേർഷ്യയുടെ രാജ്ഞി ആയിരുന്നു(എസ്തെർ 2:17). പേർഷ്യയിലുടനീളം ചിതറിക്കിടന്ന പ്രവാസികളായ മറ്റ് ഇസ്രയേൽക്കാരെക്കാളെല്ലാം അവകാശാധികാരങ്ങൾ എസ്തെറിനുണ്ടായിരുന്നു. എങ്കിലും അവൾ അവർക്കുവേണ്ടി, സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കി, നിലപാടെടുത്തു; “പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ” (എസ്തെർ 4:16) എന്ന് പറഞ്ഞുകൊണ്ട്. അവൾ ഒരു യഹൂദ സ്ത്രീയാണെന്ന് ഭർത്താവായ രാജാവ് അറിഞ്ഞിട്ടുണ്ടായിരുന്നില്ല(2:10); അതുകൊണ്ട് അവൾക്ക് മിണ്ടാതിരിക്കാമായിരുന്നു. എങ്കിലും സ്വജനത്തിന്റെ സഹായാഭ്യർത്ഥന തള്ളിക്കളയാതെ, യഹൂദരെ നശിപ്പിക്കാനുള്ള ദുഷ്ടമായ നീക്കം തടയാനായി അവൾ ധൈര്യം പൂണ്ട് പ്രവർത്തിച്ചു.

മേരി മക്ഡവലിനെപ്പോലെയോ എസ്തെറിനെപ്പോലെയോ വലിയ നീക്കങ്ങൾ ഒന്നും നടത്താൻ കഴിഞ്ഞില്ലെങ്കിലും മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, ദൈവം നല്കുന്ന സാധ്യതകൾക്കനുസരിച്ച് അവരെ സഹായിക്കാൻ നമുക്ക് കഴിയും.