വർഷങ്ങളോളം മയക്കുമരുന്നിനടിമയായിരുന്ന എന്റെ മകൻ ജ്യോഫിനെ യേശു മോചിപ്പിച്ചതിനു ശേഷവും അവനെച്ചൊല്ലി ഞാൻ ആശങ്കപ്പെട്ടിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരുപാട് കഷ്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതിനാൽ, ദൈവം അവനുവേണ്ടി ഒരുക്കിയിരിക്കുന്ന ഭാവിയിലേക്കു നോക്കുന്നതിനു പകരം അവന്റെ വിഷമകരമായ ഭൂതകാലത്തിൽ തന്നെ ഞാൻ എന്റെ ശ്രദ്ധ ചെലുത്തുന്നതു തുടർന്നു. ആസക്തിക്കടിമപ്പെട്ടവരുടെ മാതാപിതാക്കൾ പലപ്പോഴും ഇനിയും അത് ആവർത്തിക്കപ്പെട്ടാലോ എന്നോർത്തു വിഷമിക്കുന്നു. ഒരു ദിവസം ഒരു കുടുംബ സമ്മേളനത്തിൽ വച്ച് ഞാൻ ജ്യോഫിനെ മാറ്റി നിർത്തിയിട്ടു പറഞ്ഞു, “ഓർക്കുക, നമുക്കൊരു എതിരാളിയുണ്ട്, അവൻ ശക്തനാണ്.’’ “എനിക്കറിയാം, ഡാഡീ,’’ അവൻ മറുപടി പറഞ്ഞു. “അവന് ശക്തിയുണ്ട്, പക്ഷേ അവന് അധികാരമില്ല.’’

ആ നിമിഷത്തിൽ, നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ വിടുവിക്കാനും നാം അവനിലേക്ക് നോക്കുമ്പോൾ നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താനുമുള്ള യേശുവിന്റെ അതുല്യമായ അധികാരത്തെക്കുറിച്ച് ഞാൻ ബോധവാനായി. യേശു സ്വർഗ്ഗസ്ഥനായ തന്റെ പിതാവിന്റെ അടുക്കലേക്കു മടങ്ങിപ്പോകുന്നതിനു തൊട്ടുമുമ്പ് ശിഷ്യന്മാരോടു പറഞ്ഞ വാക്കുകൾ എന്റെ ഓർമ്മയിലെത്തി: “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ട്. . .’’ (മത്തായി 28:18-19).

നമ്മുടെ ഭൂതകാലം എന്തുതന്നെ ആയിരുന്നാലും, ക്രൂശിക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റ യേശു, നമുക്കു തന്റെ അടുക്കലേക്കു വരാനുള്ള വഴിയൊരുക്കി. നമ്മുടെ ഭൂതകാലവും ഭാവിയും അവന്റെ കൈയിലാണ്. അവൻ എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്ദത്തം ചെയ്തിരിക്കുന്നതിനാൽ (വാക്യം 20), അവൻ തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുമെന്നും നമ്മുടെ ജീവിതം അവന്റെ പരാജയപ്പെടാത്ത കരങ്ങളിലാണെന്നും നമുക്ക് ഉറപ്പുള്ളവരാകാം. യേശു നമുക്ക് സമാനതകളില്ലാത്ത പ്രത്യാശ നൽകുന്നു, നമ്മിൽത്തന്നെ ഒതുക്കിവയ്ക്കാൻ കഴിയാത്തത്ര നല്ല പ്രത്യാശയാണത്. പിശാചിനും ലോകത്തിനും കുറച്ച് സമയത്തേക്ക് കുറച്ച് ശക്തി ഉണ്ടായിരിക്കാം, എന്നാൽ “സകല അധികാരവും’’ എന്നെന്നേക്കും യേശുവിനാണ്.