“സുരക്ഷിതമായിരിക്കുക.’’ എലിവേറ്ററിൽ കുടുങ്ങുമ്പോൾ എങ്ങനെ ശാന്തത പാലിക്കാമെന്നും സുരക്ഷിതരായിരിക്കാമെന്നും ആളുകളെ ബോധവത്കരിക്കാനുള്ള “സ്‌റ്റേ സേഫ്, സ്റ്റേ പുട്ട്’’ എന്ന പേരിൽ ഒരു പരസ്യ കാമ്പെയ്ൻ വർഷങ്ങൾക്കുമുമ്പ്, ന്യൂയോർക്ക് നഗരം നടത്തുകയുണ്ടായി. എലിവേറ്റർ നിശ്ചലമായപ്പോൾ അതിന്റെ വാതിലുകൾ കുത്തിത്തുറക്കാനോ മറ്റെന്തെങ്കിലും മാർഗ്ഗത്തിലൂടെ പുറത്തേക്ക് കടക്കാനോ ശ്രമിച്ച ചിലർ മരിച്ചതായി വിദഗ്ധർ റിപ്പോർട്ട് ചെയ്തിരുന്നുു. സഹായത്തിനായി വിളിക്കാനും അടിയന്തര പ്രതികരണങ്ങൾക്കായി കാത്തിരിക്കാനും അലാറം ബട്ടൺ ഉപയോഗിക്കുക എന്നതാണ് ഏറ്റവും മികച്ച പ്രവർത്തന പദ്ധതി.

അപ്പൊസ്തലനായ പൗലൊസ് തികച്ചും വ്യത്യസ്തമായ ഒരു രക്ഷാപദ്ധതി ആവിഷ്‌കരിച്ചു – പാപത്തിൽ കുടുങ്ങിയവരെ സഹായിക്കാനുള്ള പദ്ധതിയായിരുന്നു അത്. അവൻ എഫെസ്യരെ അവരുടെ തികഞ്ഞ ആത്മീയ നിസ്സഹായാവസ്ഥയെക്കുറിച്ച് ഓർമ്മിപ്പിച്ചു – യഥാർത്ഥത്തിൽ “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവർ ആയിരുന്നു’’ (എഫെസ്യർ 2:1) അവർ. അവർ പിശാചിനെ അനുസരിക്കുകയും ദൈവത്തിനു കീഴടങ്ങാൻ വിസമ്മതിക്കുകയും ചെയ്തുകൊണ്ട് കെണിയിലകപ്പെട്ടു. ഇത് അവരെ ദൈവക്രോധത്തിനു പാത്രരാക്കി. എന്നാൽ അവൻ അവരെ ആത്മീയ അന്ധകാരത്തിൽ കുടുങ്ങിക്കിടക്കാൻ അനുവദിച്ചില്ല. യേശുവിൽ വിശ്വസിക്കുന്നവർ “കൃപയാൽ . . . രക്ഷിക്കപ്പെട്ടു’’ എന്ന് അപ്പൊസ്തലൻ എഴുതി (വാ. 5, 8). ദൈവത്തിന്റെ രക്ഷാപ്രവർത്തനത്തോടുള്ള പ്രതികരണം വിശ്വാസമായി പരിണമിക്കുന്നു. വിശ്വാസം എന്നാൽ നാം സ്വയം നമ്മെത്തന്നെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും നമ്മെ രക്ഷിക്കാൻ യേശുവിനെ വിളിക്കുകയും ചെയ്യുക എന്നതാണ്.

ദൈവകൃപയാൽ, പാപത്തിന്റെ കെണിയിൽ നിന്ന് രക്ഷനേടുന്നത് നമ്മുടെ പ്രയത്‌നത്താലല്ല. അത് യേശുവിലൂടെ മാത്രമുള്ള “ദൈവത്തിന്റെ ദാനം’’ ആണ് (വാ. 8).