ഗാൻഡൽഫ് ദി ഗ്രേ, സരുമാൻ ദി വൈറ്റിനെ അഭിമുഖീകരിച്ചപ്പോൾ, അവൻ ചെയ്യുമെന്ന് കരുതിയിരുന്ന കാര്യങ്ങളിൽ നിന്ന് സരുമാൻ വ്യതിചലിച്ചുവെന്ന് വ്യക്തമായി – അതായത് ദുഷ്ടനായ സൗരോണിന്റെ അധികാരത്തിൽ നിന്ന് മധ്യ-ഭൂമിയെ രക്ഷിക്കുന്നതിൽ സഹായം ചെയ്യുന്നതിൽനിന്ന്. എന്തിനധികം, സരുമാൻ സൗരോണുമായി സഖ്യമുണ്ടാക്കുകകൂടി ചെയ്തു! JRR ടോൾകീയന്റെ ക്ലാസിക് കൃതിയെ അടിസ്ഥാനമാക്കിയുള്ള The Fellowship of the Ring എന്ന സിനിമയിലെ ഈ രംഗത്തിൽ, രണ്ട് മുൻ സുഹൃത്തുക്കൾ നന്മയും തിന്മയും തമ്മിലുള്ള ഒരു ഐതിഹാസിക യുദ്ധത്തിൽ ഏർപ്പെടുന്നു. സരുമാൻ പഴയ ബന്ധത്തിൽ തുടരുകയും ശരിയെന്ന് അറിയാവുന്ന കാര്യം ചെയ്യുകയും ചെയ്തിരുന്നെങ്കിൽ!

ശൗൽ രാജാവിനും തന്റെ സ്ഥിതിയിൽ തുടരുന്നതിൽ പ്രശ്‌നമുണ്ടായിരുന്നു. ഒരു വേദഭാഗത്ത്, അവൻ ശരിയായ രീതിയിൽ “[യിസ്രായേലിൽ] നിന്ന് വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു’’ (1 ശാമൂവേൽ 28:3). നല്ല നീക്കം, കാരണം മന്ത്രവാദം യഹോവയ്ക്കു “വെറുപ്പാകുന്നു’’ (ആവർത്തനം 18:9-12). പക്ഷേ, വലിയൊരു ഫെലിസ്ത്യ സൈന്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള ശൗലിന്റെ അപേക്ഷയ്ക്ക് – അവന്റെ മുൻപരാജയങ്ങൾ നിമിത്തം – ദൈവം ഉത്തരം നൽകാതെ വന്നപ്പോൾ, ശൗൽ പറഞ്ഞു: “എനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്നു ചോദിക്കും’’ (1 ശമുവേൽ 28:7) എന്നു പറഞ്ഞു. ഒരു പൂർണ്ണമായ തിരിച്ചുപോക്കിനെക്കുുറിച്ച് സംസാരിക്കുന്നു! ശൗൽ ഒരിക്കൽക്കൂടി പരാജയപ്പെട്ടു, അവൻ തന്റെ സ്വന്തം കൽപ്പനയ്ക്ക് എതിരായി പ്രവർത്തിച്ചു – ശരിയായത് അവന് അറിയാമായിരുന്നിട്ടും.

ഒരു സഹസ്രാബ്ദത്തിനു ശേഷം, യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു, “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു’’ (മത്തായി 5:37). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ക്രിസ്തുവിനെ അനുസരിക്കാൻ നാം സ്വയം പ്രതിജ്ഞാബദ്ധരാണെങ്കിൽ, നാം നമ്മുടെ പ്രതിജ്ഞകൾ പാലിക്കുകയും സത്യസന്ധരായിരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ദൈവം നമ്മെ സഹായിക്കുന്നതനുസരിച്ച് ആ കാര്യങ്ങൾ ചെയ്യുന്നതിൽ നമുക്ക് മുമ്പോട്ടു പോകാം.