ഒന്നാം ലോകമഹായുദ്ധത്തിന്റെ സമാപനമായി നടന്ന പാരീസ് സമാധാന സമ്മേളനത്തിനുശേഷം, ഫ്രഞ്ച് മാർഷൽ ഫെർഡിനാൻഡ് ഫോക്ക് കയ്പോടെ നിരീക്ഷിച്ചു, “ഇത് സമാധാനമല്ല. ഇത് ഇരുപത് വർഷത്തേക്കുള്ള ഒരു യുദ്ധവിരാമമാണ്.’’ “എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള യുദ്ധം’’ ആയിരിക്കും ഈ ഭയാനക യുദ്ധം എന്ന ജനകീയ അഭിപ്രായത്തിന് വിരുദ്ധമായിരുന്നു ഫോക്കിന്റെ വീക്ഷണം. ഇരുപത് വർഷവും രണ്ട് മാസവും കഴിഞ്ഞ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഫോക്ക് പറഞ്ഞത് ശരിയായിരുന്നു.
വളരെക്കാലം മുമ്പ്, അക്കാലത്ത് ആ ദേശത്തെ ദൈവത്തിന്റെ ഏക യഥാർത്ഥ പ്രവാചകനായിരുന്ന മീഖായാവ്, യിസ്രായേൽ യുദ്ധത്തിൽ കഠിനമായി പരാജയപ്പെടുമെന്നു പ്രവചിച്ചു (2 ദിനവൃത്താന്തം 18:7). നേരെമറിച്ച്, ആഹാബ് രാജാവിന്റെ നാനൂറോളം കള്ളപ്രവാചകന്മാർ വിജയം മുൻകൂട്ടിപ്പറഞ്ഞു: “മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോടു: നോക്കു, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു’’ (വാക്യം 12).
മീഖായാവ് പ്രതികരിച്ചു, “യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും’’ (വാക്യം 13). “ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു’’ എന്ന് അവൻ പ്രവചിച്ചു (വാക്യം 16). മീഖായാവ് പറഞ്ഞത് ശരിയായി. അരാമ്യർ ആഹാബിനെ കൊന്നു, അവന്റെ സൈന്യം ഓടിപ്പോയി (വാ. 33-34; 1 രാജാക്കന്മാർ 22:35-36).
മീഖായാവിനെപ്പോലെ, യേശുവിനെ അനുഗമിക്കുന്ന നമ്മൾ ജനകീയ അഭിപ്രായത്തിന് വിരുദ്ധമായ ഒരു സന്ദേശം പങ്കിടുന്നു. യേശു പറഞ്ഞു, “ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്’’’ (യോഹന്നാൻ 14:6). വളരെ ഇടുങ്ങിയതായി തോന്നുന്നതിനാൽ പലരും ആ സന്ദേശം ഇഷ്ടപ്പെടുന്നില്ല. ചിലരെ പുരത്തുനിർത്തുന്ന സന്ദേശമാണത്, ആളുകൾ പറയുന്നു. എന്നിട്ടും ക്രിസ്തു എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ആശ്വാസകരമായ സന്ദേശം നൽകുന്നു. തന്നിലേക്ക് തിരിയുന്ന എല്ലാവരെയും അവൻ സ്വാഗതം ചെയ്യുന്നു.
എന്തെങ്കിലും പറയാനോ ചെയ്യാനോ ആത്മാവ് നിങ്ങളെ നയിക്കുമ്പോൾ, നിങ്ങൾക്കതെങ്ങനെ സ്നേഹത്തിൽ ചെയ്യാൻ കഴിയും? എപ്പോഴാണ് നിങ്ങളുടെ സ്വന്തം അനുമാനങ്ങളെക്കാൾ ദൈവത്തിന്റെ വചനങ്ങൾക്കു മുൻതൂക്കം നൽകേണ്ടത്?
പിതാവേ, അങ്ങയുടെ സത്യം വിവേചിച്ചറിയാനുള്ള ജ്ഞാനം എനിക്കു തരേണമേ.