എല്ലാ വസന്തകാലത്തും അതിമനോഹരമായ ഇളം പിങ്ക് നിറത്തിലുള്ളതും സുഗന്ധമുള്ളതുമായ പൂക്കൾ ജപ്പാനെ നിറയ്ക്കുന്നു, ഇത് അവിടുത്തെ താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും മനസ്സിനെ ഒരുപോലെ ആനന്ദിപ്പിക്കുന്നു. അധികം ആയുസ്സില്ലാത്ത ഈ പൂക്കളുടെ സ്വഭാവം, അവ വിരിയുമ്പോൾ അവയുടെ സൗന്ദര്യവും ഗന്ധവും ആസ്വദിക്കാനുള്ള തീക്ഷ്ണമായ അവബോധം ജപ്പാൻകാരിൽ വളർത്തുന്നു; അനുഭവത്തിന്റെ ക്ഷണികത അതിന്റെ മനോഹാരിതയെ വർദ്ധിപ്പിക്കുന്നു. പെട്ടെന്ന് മാറുന്ന ഒന്നിന്റെ ഈ ബോധപൂർവമായ ആസ്വാദനത്തെ അവർ “മോണോ-നോ-അവേർ’’ എന്ന് വിളിക്കുന്നു.
മനുഷ്യരെന്ന നിലയിൽ, സന്തോഷം തേടാനും അതിന്റെ സമയം ദീർഘിപ്പിക്കാനും നാം ആഗ്രഹിക്കുന്നു എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിട്ടും ജീവിതം കഷ്ടപ്പാടുകളാൽ നിറഞ്ഞതാണ് എന്ന യാഥാർത്ഥ്യം അർത്ഥമാക്കുന്നത് സ്‌നേഹവാനായ ദൈവത്തിലുള്ള വിശ്വാസത്തിന്റെ ലെൻസിലൂടെ വേദനയെയും സന്തോഷത്തെയും വീക്ഷിക്കാനുള്ള കഴിവ് നാം വളർത്തിയെടുക്കണം എന്നാണ്. നാം അമിതമായ അശുഭാപ്തി വിശ്വാസികളാകേണ്ടതില്ല; ജീവിതത്തെക്കുറിച്ച് എല്ലാം ശുഭകരമാണ് എന്ന ചിന്താഗതിയും പാടില്ല.
സഭാപ്രസംഗിയുടെ പുസ്തകം നമുക്ക് സഹായകമായ ഒരു മാതൃക വാഗ്ദാനം ചെയ്യുന്നു. ഈ പുസ്തകം ചിലപ്പോൾ നിഷേധാത്മക പ്രസ്താവനകളുടെ പുസ്തകം ആണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, “എല്ലാം മായ’’ (1:2) എന്ന് എഴുതിയ അതേ ശലോമോൻ രാജാവ് തന്നെ “മറ്റൊന്നും ഇല്ല’’ എന്ന് പറഞ്ഞുകൊണ്ട് ജീവിതത്തിലെ ലളിതമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ തന്റെ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. “തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ’’ (8:15).
നല്ല സമയങ്ങളിലും പ്രയാസഘട്ടങ്ങളിലും (3:11-14; 7:13-14) “ജ്ഞാനം ഗ്രഹിക്കാനും’’ “ദൈവത്തിന്റെ പ്രവൃത്തികളെ’’ നിരീക്ഷിക്കാനും പഠിക്കാനും (വാക്യം 16-17) നമ്മെ സഹായിക്കാൻ നാം ദൈവത്തോട് അപേക്ഷിക്കുമ്പോൾ സന്തോഷം ലഭിക്കുന്നു. ഇവ രണ്ടും – നല്ല സമയങ്ങളും പ്രയാസഘട്ടങ്ങളും – സ്വർഗ്ഗത്തിന്റെ ഇപ്പുറത്ത് ശാശ്വതമല്ലെന്ന് നാം അറിയുന്നു.
നിങ്ങൾ ഇപ്പോൾ ഏത് ഘട്ടത്തിൽ - സന്തോഷം അല്ലെങ്കിൽ പ്രയാസം - ആണ്? അതിൽ നിങ്ങൾക്ക് എങ്ങനെ സന്തോഷം കണ്ടെത്താനാകും?
പ്രിയ പിതാവേ, എന്റെ ജീവിതത്തിലെ സൗന്ദര്യത്തിന്റെയും സന്തോഷത്തിന്റെയും ഉറവിടമായതിനു നന്ദി പറയുന്നു.