2020-ൽ കൊറോണ വൈറസ് പടരാൻ തുടങ്ങിയ സമയത്ത് എന്റെ സ്‌നേഹിത ജോവാൻ ഒരു സ്‌ട്രോക്ക് മൂലം മരിച്ചു. അവളുടെ അനുസ്മരണ ചടങ്ങ് അവളുടെ പള്ളിയിൽ വെച്ചായിരിക്കുമെന്ന് അവളുടെ കുടുംബം ആദ്യം അറിയിച്ചു, എങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ചടങ്ങ് വീട്ടിൽ വെച്ചു നടത്തുന്നതാണ് നല്ലതെന്ന് പിന്നീട് തീരുമാനിച്ചു. ഓൺലൈനിൽ വന്ന പുതിയ അറിയിപ്പ് ഇങ്ങനെ ആയിരുന്നു: ജോവാൻ വാർണേഴ്‌സ്-വേദി മാറ്റം.

അതേ, അവളുടെ വേദി മാറ്റിയിരിക്കുന്നു! അവൾ ഭൂമിയിലെ വേദിയിൽ നിന്ന് സ്വർഗ്ഗത്തിലെ വേദിയിലേക്ക് പോയി. വർഷങ്ങൾക്ക് മുമ്പ് ദൈവം അവളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തി. ഏകദേശം അമ്പത് വർഷക്കാലം അവൾ അവനെ സ്‌നേഹപൂർവ്വം സേവിച്ചു. ഹോസ്പിറ്റലിൽ മരണം കാത്ത് കിടക്കുമ്പോൾ പോലും, താൻ സ്‌നേഹിക്കുന്നവരിൽ കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവരെക്കുറിച്ച് അവൾ ചോദിക്കുമായിരുന്നു. ഇപ്പോൾ അവൾ അവന്റെ കൂടെയാണ്; അവൾ സ്ഥലങ്ങൾ മാറി.

അപ്പൊസ്തലനായ പൗലൊസിന് ക്രിസ്തുവിനോടൊപ്പം മറ്റൊരു സ്ഥലത്ത് ആയിരിക്കാൻ ആഗ്രഹമുണ്ടായിരുന്നു (2 കൊരിന്ത്യർ 5:8), എന്നാൽ താൻ സേവിക്കുന്ന ആളുകൾ നിമിത്തം ഭൂമിയിൽ തുടരുന്നതാണ് നല്ലതെന്ന് അവനും തോന്നി. അവൻ ഫിലിപ്പിയർക്ക് എഴുതി, “എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം’’ (ഫിലിപ്പിയർ 1:24). ജോവാനെപ്പോലെയുള്ള ഒരാളെ ഓർത്ത് നാം ദുഃഖിക്കുമ്പോൾ, ഇതുപോലെ നാമും ദൈവത്തോട് നിലവിളിച്ചേക്കാം: എനിക്കും അവർ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്ത മറ്റ് പലർക്കും അവരെ ഇവിടെ ആവശ്യമുണ്ട്. എന്നാൽ അവരുടെയും നമ്മുടെയും സ്ഥലങ്ങൾ മാറ്റുന്നതിനുള്ള ഏറ്റവും നല്ല സമയം ദൈവത്തിനറിയാം.

നാം അവനെ മുഖാമുഖം കാണുന്നതുവരെ – അത് അത്യന്തം കാമ്യമാണ് – ആത്മാവിന്റെ ശക്തിയിൽ, നാം ഇപ്പോൾ “'[ദൈവത്തെ] പ്രസാദിപ്പിക്കുന്നവർ ആകുന്നതിൽ അഭിമാനിക്കുന്നു’’ (2 കൊരിന്ത്യർ 5:9).