ദൈവത്തോടും ജനങ്ങളോടുമുള്ള സ്നേഹമാണ് കാതറിന്റെ ബൈബിൾ വിവർത്തന ശുശ്രൂഷയുടെ മുഖ്യ പ്രേരണ. ഇന്ത്യയിലെ സ്ത്രീകൾ അവരുടെ മാതൃഭാഷയിൽ തിരുവെഴുത്തുകൾ വായിക്കുകയും അത് ആഴത്തിൽ മനസ്സിലാക്കുകയും ചെയ്യുമ്പോൾ അവൾ സന്തോഷിക്കുന്നു. അവർ അങ്ങനെ ചെയ്യുമ്പോൾ, “അവർ പലപ്പോഴും ആഹ്ലാദിക്കാനോ കൈയടിക്കാനോ തുടങ്ങും. അവർ യേശുവിനെക്കുറിച്ച് വായിക്കുകയും ‘അത്ഭുതകരം!’ എന്ന് അവർ പറയുകയും ചെയ്യുന്നു.’’
കൂടുതൽ ആളുകൾ സ്വന്തം ഭാഷയിൽ തിരുവെഴുത്തുകൾ വായിക്കണമെന്ന് കാതറിൻ ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തിൽ, അവൾ പത്മോസ് ദ്വീപിൽ വൃദ്ധനായ അപ്പൊസ്തലൻ യോഹന്നാന്റെ ദർശനത്തെ അവളുടെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. ആത്മാവിലൂടെ, ദൈവം അവനെ സ്വർഗ്ഗത്തിന്റെ സിംഹാസന മുറിയിലേക്ക് ആനയിച്ചു, അവിടെ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു’’ അവൻ കണ്ടു (വെളിപ്പാട് 7:9). “രക്ഷ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം’’ (വാക്യം 10) എന്ന് പറഞ്ഞുകൊണ്ട് എല്ലാവരും ഒരുമിച്ച് ദൈവത്തെ ആരാധിച്ചു.
തന്നെ പുകഴ്ത്തുന്ന ആളുകളുടെ എണ്ണം കൂട്ടുന്നത് ദൈവം ഇപ്പോഴും തുടരുന്നു. ബൈബിൾ വിവർത്തകരുടെയും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നവരുടെയും മാത്രമല്ല, യേശുവിന്റെ സുവാർത്തയുമായി സ്നേഹത്തോടെ അയൽക്കാരെ സമീപിക്കുന്നവരെയും അവൻ ഉപയോഗിക്കുന്നു. “നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും’’ (വാ. 12) ഉണ്ടാകട്ടെ.
ദൈവത്തെ സ്തുതിക്കാനും ബഹുമാനിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നതിനെ നിങ്ങൾ എങ്ങനെ കാണുന്നു? യേശുവിനെക്കുറിച്ചുള്ള സുവാർത്ത പ്രചരിപ്പിക്കാനുള്ള അവന്റെ ദൗത്യത്തിൽ പങ്കുചേരാൻ അവൻ നിങ്ങളെ എങ്ങനെയാണ് ക്ഷണിക്കുന്നത്?
രക്ഷകനായ ദൈവമേ, യേശു എന്ന ദാനത്തിന് നന്ദി പറയുന്നു. അങ്ങയുടെ അത്ഭുതകരമായ സ്നേഹത്തെ മറ്റുള്ളവരുമായി പങ്കിടാൻ എന്നെ സഹായിക്കണമേ.