ദയയോ പ്രതികാരമോ? ഒരു ലിറ്റിൽ ലീഗ് റീജിയണൽ ചാമ്പ്യൻഷിപ്പ് ബേസ്‌ബോൾ ഗെയിമിനിടെ ഒരു വന്യമായ പിച്ച് ഐസയായുടെ തലയിലാണ് കൊണ്ടത്. അവൻ തലയിൽ തടവിക്കൊണ്ട് നിലത്തിരുന്നു. ഭാഗ്യവശാൽ, ഹെൽമെറ്റ് ഗുരുതരമായ പരിക്കിൽ നിന്ന് അവനെ സംരക്ഷിച്ചു. കളി പുനരാരംഭിച്ചപ്പോൾ, തന്റെ മനഃപൂർവമല്ലാത്ത പിഴവുമൂലം പിച്ചർ വിറയ്ക്കുന്നത് ഐസയാ ശ്രദ്ധിച്ചു. ആ നിമിഷം, ഐസയാ അസാധാരണമായ ഒരു കാര്യം ചെയ്തു, അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ വീഡിയോ വൈറലായി. അവൻ പിച്ചറിനരികിലേക്ക് നടന്നു, അവനെ ആശ്വസിപ്പിക്കുന്ന ഒരു ആലിംഗനം നൽകി, തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പിച്ചറിനെ ബോദ്ധ്യപ്പെടുത്തി.

കലഹത്തിൽ കലാശിക്കുമായിരുന്ന ഒരു സാഹചര്യത്തിൽ ഐസയാ ദയ തിരഞ്ഞെടുത്തു.

പഴയനിയമത്തിൽ, ഏശാവ്, തന്നെ വഞ്ചിച്ച ഇരട്ട സഹോദരനായ യാക്കോബിനോടു പ്രതികാരം ചെയ്യാനുള്ള ദീർഘകാല പദ്ധതികൾ ഉപേക്ഷിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിരുന്നെങ്കിലും, സമാനമായ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതായി നാം കാണുന്നു. ഇരുപത് വർഷത്തെ പ്രവാസത്തിനു ശേഷം യാക്കോബ് നാട്ടിലേക്ക് മടങ്ങിയപ്പോൾ, യാക്കോബ് തന്നോട് ചെയ്ത തെറ്റുകൾക്ക് പ്രതികാരം ചെയ്യുന്നതിന് പകരം ദയയും ക്ഷമയും ഏശാവ് തിരഞ്ഞെടുത്തു. ഏശാവ് യാക്കോബിനെ കണ്ടപ്പോൾ, “ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു’’ (ഉല്പത്തി 33:4). ഏശാവ് യാക്കോബിന്റെ ക്ഷമാപണം സ്വീകരിക്കുകയും ഒരു കുഴപ്പവുമില്ലെന്ന് അറിയിക്കുകയും ചെയ്തു (വാ. 9-11).

നമുക്കെതിരെ ചെയ്ത തെറ്റുകൾക്ക് ആരെങ്കിലും പശ്ചാത്താപം പ്രകടിപ്പിക്കുമ്പോൾ, നമുക്കും ദയ അല്ലെങ്കിൽ പ്രതികാരം തിരഞ്ഞെടുക്കേണ്ടിവരും. ദയയോടെ അവരെ സ്വീകരിക്കുന്നത് തിരഞ്ഞെടുക്കുമ്പോൾ നാം യേശുവിന്റെ മാതൃക പിന്തുടരുകയാണു ചെയ്യുന്നത് (റോമർ 5:8). ഒപ്പം അനുരഞ്ജനത്തിലേക്കുള്ള ഒരു വഴിയുമാണത്.