ഹെവിവെയ്റ്റ് ചാമ്പ്യനാകാൻ അസംഭവ്യമായ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്ന ഒരു ബോക്‌സറുടെ കഥയാണ് റോക്കി സിനിമകൾ പറയുന്നത്. റോക്കി III-ൽ, വിജയിയായ റോക്കിക്ക് സ്വന്തം നേട്ടങ്ങളിൽ മതിപ്പുതോന്നുന്നു. ടെലിവിഷൻ പരസ്യങ്ങൾ ജിമ്മിലെ അവന്റെ സമയത്തെ തടസ്സപ്പെടുത്തുന്നു. ചാമ്പ്യൻ മയപ്പെടുകയും, ഒരു എതിരാളി അവനെ തോല്പിക്കുകയും ചെയ്തു. തന്റെ പോരാട്ട വീര്യം വീണ്ടെടുക്കാനുള്ള റോക്കിയുടെ ശ്രമമാണ് സിനിമയുടെ ബാക്കി ഭാഗം.

ഒരു ആത്മീയ അർത്ഥത്തിൽ, യെഹൂദാ രാജാവായ ആസയ്ക്ക് തന്റെ പോരാട്ടവീര്യം നഷ്ടപ്പെട്ടു. തന്റെ ഭരണത്തിന്റെ തുടക്കത്തിൽ, ഭയാനകമായ പ്രതിബന്ധങ്ങൾക്കിടയിലും അവൻ ദൈവത്തിൽ ആശ്രയിച്ചു. ശക്തരായ കൂശ്യർ ആക്രമിക്കാൻ വന്നപ്പോൾ, ആസാ പ്രാർത്ഥിച്ചു: “ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു’’ (2 ദിനവൃത്താന്തം 14:11). ദൈവം അവന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി, യെഹൂദാ അവരുടെ ശത്രുക്കളെ തോല്പിച്ചു ചിതറിച്ചുകലഞ്ഞു (വാ. 12-15).

വർഷങ്ങൾക്കുശേഷം, യെഹൂദാ വീണ്ടും ഭീഷണിയിലായി. ഇത്തവണ സ്വയം പര്യാപ്തനായ ആസാ ദൈവത്തെ അവഗണിക്കുകയും പകരം അരാം രാജാവിനോട് സഹായം ആവശ്യപ്പെടുകയും ചെയ്തു (16:2-3). അതു വിജയിച്ചതായി തോന്നി. പക്ഷേ ദൈവം തൃപ്തനായില്ല. അവൻ ദൈവത്തിൽ ആശ്രയിക്കുന്നത് നിർത്തിയതായി ഹനാനി പ്രവാചകൻ ആസയോട് പറഞ്ഞു (വാ. 7-8). എന്തുകൊണ്ടാണ് അവൻ അന്നത്തെപ്പോലെ ഇപ്പോൾ ദൈവത്തിൽ ആശ്രയിക്കാതിരുന്നത്?

നമ്മുടെ ദൈവം എക്കാലവും വിശ്വസ്തനാണ്. അവന്റെ കണ്ണുകൾ “തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു’’ (വാക്യം 9). നാം നമ്മുടെ ആത്മീയ നില നിലനിർത്തുമ്പോൾ-പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുമ്പോൾ-നാം അവന്റെ ശക്തി അനുഭവിക്കും.