എല്ലാവരും നേരത്തെ ഉണരണമെന്ന് അലക്‌സ് സ്‌മോളി ആഗ്രഹിക്കുന്നു-അല്ലെങ്കിൽ ദിവസാവസാനം അല്പം കൂടുതൽ ശാന്തമായിരിക്കണമെന്ന്. എന്തുകൊണ്ട്? സൂര്യോദയവും അസ്തമയവും കാണാൻ. ആ ഹ്രസ്വമായ നിമിഷങ്ങൾ ദിവസത്തിലെ ഏറ്റവും മനോഹരവും വിസ്മയാവഹവുമായ സമയങ്ങളാണെന്ന്, വിസ്മയിപ്പിക്കുന്ന കാലാവസ്ഥാ സ്വാധീനങ്ങളെക്കുറിച്ചുള്ള ബ്രിട്ടീഷ് പഠനകേന്ദ്രത്തിലെ പ്രധാന ഗവേഷകനായ സ്‌മോളി അഭിപ്രായപ്പെടുന്നു. നീലാകാശത്തേക്കാളും രാത്രിയിലെ മിന്നുന്ന ആകാശത്തെക്കാളും, അതിശയകരമായ സൂര്യോദയത്തിനോ സൂര്യാസ്തമയത്തിനോ മാനസികാവസ്ഥ മെച്ചപ്പെടുത്താനും പോസിറ്റീവ് വികാരങ്ങൾ വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും കഴിയും. സ്‌മോളി പറയുന്നു, “വിശാലവും അതിശക്തവുമായ എന്തെങ്കിലും അല്ലെങ്കിൽ അത്ഭുതവും ഭക്തിയും ഉളവാക്കുന്ന എന്തെങ്കിലും നിങ്ങൾ കാണുമ്പോൾ, നിങ്ങളുടെ സ്വന്തം പ്രശ്‌നങ്ങൾ, അവയെക്കുറിച്ച് വളരെയധികം വിഷമിക്കേണ്ടതില്ലാത്ത നിലയിൽ, കുറയുന്നതായി അനുഭവപ്പെടും.’’

ദൈവസൃഷ്ടിയുടെ അത്ഭുതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ യിരെമ്യാ പ്രവാചകന്റെ അതേ കണ്ടെത്തലുകളെ പ്രതിധ്വനിപ്പിക്കുന്നു: “അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജം കൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായത് ഒന്നുമില്ല’’ (യിരെമ്യാവ് 32:17).

ദാവീദ് രാജാവും ദൈവത്തിന്റെ സൃഷ്ടിയെ കണ്ടു, “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു’’ (സങ്കീർത്തനം 19:1). സൂര്യനെ സംബന്ധിച്ചിടത്തോളം, “ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.’’ അതുപോലെ, ദാവീദ് എഴുതുന്നു, “യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു’’ (വാക്യം 6). ദൈവത്തിന്റെ മഹത്തായ സൃഷ്ടി, സർവ്വശക്തനായ സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്നു. ആകാശത്തേക്ക് നോക്കാനും അവന്റെ പ്രവൃത്തിയിൽ ആശ്ചര്യപ്പെടാനും എന്തുകൊണ്ട് ഇന്ന് സമയമെടുത്തുകൂടാ!