തന്റെ ഉപമയായ ദി വൈസ് വുമണിൽ, ജോർജ്ജ് മക്‌ഡൊണാൾഡ് രണ്ട് പെൺകുട്ടികളുടെ കഥ പറയുന്നു. അവരുടെ സ്വാർത്ഥത തങ്ങളുൾപ്പെടെ എല്ലാവരേയും ദുരിതത്തിലാക്കുന്നു. ഒടുവിൽ ഒരു ജ്ഞാനിയായ സ്ത്രീ അവരെ വീണ്ടും “സുന്ദരികൾ’’ ആകാൻ സഹായിക്കുന്നതിന് അവരെ നിരവധി പരീക്ഷണങ്ങളിലൂടെ കടത്തിവിടുന്നു.

പെൺകുട്ടികൾ ഓരോ പരീക്ഷയിലും പരാജയപ്പെടുകയും നാണക്കേടും ഒറ്റപ്പെടലും അനുഭവിക്കുകയും ചെയ്ത ശേഷം, അവരിൽ ഒരാളായ റോസാമണ്ട് തനിക്ക് സ്വയം മാറാൻ കഴിയില്ലെന്ന് ഒടുവിൽ മനസ്സിലാക്കുന്നു. “നിങ്ങൾക്കെന്നെ സഹായിക്കാൻ കഴിയുകയില്ലേ?’’ അവൾ ജ്ഞാനിയായ സ്ത്രീയോട് ചോദിക്കുന്നു. “നീ എന്നോട് ആവശ്യപ്പെട്ടാൽ ഒരുപക്ഷേ എനിക്ക് കഴിഞ്ഞേക്കും,’’ ആ സ്ത്രീ മറുപടി പറഞ്ഞു. ജ്ഞാനിയായ സ്ത്രീ പ്രതീകവല്ക്കരിക്കുന്ന ദൈവിക സഹായത്താൽ, റോസാമണ്ട് മാറാൻ തുടങ്ങുന്നു. താൻ വരുത്തിയ എല്ലാ പ്രശ്‌നങ്ങളും ആ സ്ത്രീ ക്ഷമിക്കുമോ എന്ന് അവൾ ചോദിക്കുന്നു. “ഞാൻ നിന്നോട് ക്ഷമിച്ചില്ലായിരുന്നുവെങ്കിൽ, നിന്നെ ശിക്ഷിക്കാൻ ഞാൻ ഒരിക്കലും ബുദ്ധിമുട്ടില്ലായിരുന്നു’’ എന്ന് ആ സ്ത്രീ പറയുന്നു.

ദൈവം നമ്മെ ശിക്ഷിക്കുന്ന സമയങ്ങളുണ്ട്. എന്തുകൊണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അവന്റെ തിരുത്തൽ പ്രതികാരത്തിന്റെ ഫലമല്ല, മറിച്ച് നമ്മുടെ ക്ഷേമത്തിനായുള്ള പിതൃതാൽപ്പര്യമാണ് (എബ്രായർ 12:6). “നീതിയും സമാധാനവും’’ കൊയ്തുകൊണ്ട് നാം “അവന്റെ വിശുദ്ധിയിൽ പങ്കുചേരാൻ’’ അവൻ ആഗ്രഹിക്കുന്നു (വാ. 10-11). സ്വാർത്ഥത ദുരിതം കൊണ്ടുവരുന്നു, എന്നാൽ വിശുദ്ധി നമ്മെ പൂർണ്ണരും സന്തോഷമുള്ളവരും അവനെപ്പോലെ “സുന്ദരന്മാരും’’ ആക്കുന്നു.

തന്നെപ്പോലുള്ള ഒരു സ്വാർത്ഥമതിയായ പെൺകുട്ടിയെ എങ്ങനെ സ്‌നേഹിക്കാൻ കഴിയുമെന്ന് റോസാമണ്ട് ജ്ഞാനിയായ സ്ത്രീയോട് ചോദിക്കുന്നു. അവളെ ചുംബിക്കാൻ കുനിഞ്ഞുകൊണ്ട് ആ സ്ത്രീ മറുപടി പറഞ്ഞു, “നീ എന്തായിത്തീരുമെന്ന് ഞാൻ കണ്ടു.’’ ദൈവത്തിന്റെ തിരുത്തലും, സ്‌നേഹത്തോടെയും നാം ആകണമെന്ന് അവൻ ആഗ്രഹിക്കുന്നവരായി നമ്മെ മാറ്റാനുള്ള ആഗ്രഹത്തോടെയുമാണ് വരുന്നത്.