കോളേജിൽ എന്റെ സുഹൃത്തായിരുന്ന ബിൽ തോബിയാസ് അനേക വർഷങ്ങൾ ഒരു ദ്വീപിൽ മിഷനറിയായി ശുശ്രൂഷിച്ചു. ഭാഗ്യം തേടി ജന്മനാട് വിട്ടുപോയ ഒരു യുവാവിന്റെ കഥ അദ്ദേഹം പറയുന്നു. എന്നാൽ ഒരു സുഹൃത്ത് അവനെ സഭയിലേക്ക് കൊണ്ടുപോയി, അവിടെ യേശു വാഗ്ദാനം ചെയ്യുന്ന രക്ഷയുടെ സുവാർത്ത അവൻ കേൾക്കുകയും ക്രിസ്തുവിനെ തന്റെ രക്ഷകനായി വിശ്വസിക്കുകയും ചെയ്തു.

”മന്ത്രവാദത്തിൽ മുഴുകിയിരിക്കുന്ന” തന്റെ ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കാൻ ആ യുവാവ് ആഗ്രഹിച്ചു, അതിനായി അവരുടെയടുത്തേക്ക് അയയ്ക്കാനായി ഒരു മിഷനറിയെ അവൻ അന്വേഷിച്ചു. എന്നാൽ മിഷനറി അവനോട് “ദൈവം നിനക്കുവേണ്ടി എന്തു ചെയ്തെന്ന് അവരോട് പോയി പറയുക’’ എന്ന് പറഞ്ഞു (മർക്കൊസ് 5:19 കാണുക). അതവൻ ചെയ്തു. അവന്റെ ജന്മനാട്ടിൽ നിരവധി ആളുകൾ യേശുവിനെ സ്വീകരിച്ചു, എന്നാൽ ക്രിസ്തുവാണ് “വഴിയും സത്യവും ജീവനും’’ (യോഹന്നാൻ 14: 6) എന്ന് പട്ടണത്തിലെ മന്ത്രവാദി തിരിച്ചറിഞ്ഞതോടെയാണ് ഏറ്റവും വലിയ വഴിത്തിരിവ് ഉണ്ടായത്. അയാൾ യേശുവിൽ വിശ്വാസമർപ്പിച്ച ശേഷം, അവനെക്കുറിച്ച് പട്ടണം മുഴുവൻ പറഞ്ഞു. നാല് വർഷത്തിനുള്ളിൽ, ഒരു യുവാവിന്റെ സാക്ഷ്യം, ആ മേഖലയിൽ ഏഴ് സഭകൾ സ്ഥാപിക്കുന്നതിനു കാരണമായി.

2 കൊരിന്ത്യരിൽ, ക്രിസ്തുവിനെ ഇതുവരെ അറിയാത്തവർക്ക് സുവിശേഷം പരിചയപ്പെടുത്തുന്നതിനുള്ള വ്യക്തമായ പദ്ധതി പൗലൊസ് മുന്നോട്ടുവയ്ക്കുന്നു-അത് ആ മിഷനറി ആ യുവ വിശ്വാസിയോട് പറഞ്ഞതിനോട് തുല്യമാണ്. “ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു’’ (5:20). ഓരോ വിശ്വാസിക്കും തങ്ങളെ ”ഒരു പുതിയ സൃഷ്ടി ആക്കിയവനും . . . അവരെ ദൈവവുമായി നിരപ്പിച്ചവനുമായ’’ (വാ. 17-18) യേശു തങ്ങൾക്കുവേണ്ടി എന്താണ് ചെയ്തതെന്ന് മറ്റുള്ളവരോട് പറയാൻ കഴിയും.