ഒരു സായാഹ്നത്തിൽ, എന്റെ വീടിനടുത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വൃത്തിയുള്ള മണ്ണിന്റെ വാരം ഞാൻ ശ്രദ്ധിച്ചു. ഓരോ നിരയിലും ചെറിയ മുകുളങ്ങളുള്ള ചെറിയ പച്ച ഇലകൾ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ, മനോഹരമായ ചുവന്ന ടൂലിപ്‌സ് തഴച്ചുവളരുന്നത് കണ്ടപ്പോൾ ഞാൻ നോക്കി നിന്നു.
കഴിഞ്ഞ ശരത്കാലത്ത്, ഒരു സംഘം ആളുകൾ ചിക്കാഗോയുടെ തെക്ക് ഭാഗത്ത് തരിശായ സ്ഥലങ്ങളിൽ ഒരു ലക്ഷം ടൂലിപ് വിത്തുകൾ നട്ടിരുന്നു. പ്രാഥമികമായി ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സ്ഥലങ്ങളെ റെഡ്‌ലൈനിംഗ് (ബാങ്കുകളുടെ വായ്പാ വിവേചനം) എങ്ങനെ സ്വാധീനിച്ചുവെന്ന് കാണിക്കാൻ അവർ ചുവപ്പ് ടൂലിപ് തിരഞ്ഞെടുത്തു. ടൂലിപ്‌സ് ആ സ്ഥലങ്ങളിൽ ഉണ്ടാകാവുന്ന വീടുകളുടെ പ്രതീകമായിരുന്നു.
ദൈവജനം അനേകം വെല്ലുവിളികൾ നേരിട്ടിട്ടുണ്ട് – അവരുടെ മാതൃരാജ്യങ്ങളിൽ നിന്ന് നാടുകടത്തുന്നത് മുതൽ റെഡ്‌ലൈനിംഗ് പോലെയുള്ള വിവേചനം വരെ. എന്നിരുന്നാലും, നമുക്ക് ഇപ്പോഴും പ്രത്യാശ കണ്ടെത്താൻ കഴിയും. ദൈവം അവരെ കൈവിടില്ലെന്ന് പ്രവാസ കാലത്ത് യെശയ്യാവ് യിസ്രായേലിനെ ഓർമ്മിപ്പിക്കുന്നു. അവൻ അവർക്ക് വെണ്ണീറിനു പകരം “അലങ്കാരമാല’’ നൽകും. ദരിദ്രർക്ക് പോലും “സദ്വർത്തമാനം’’ ലഭിക്കും (61:1). വിഷണ്ഡമനസ്സുകളെ “സ്തുതി എന്ന മേലാട’’ അണിയിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു. ഈ പ്രതീകങ്ങളെല്ലാം അവന്റെ മഹത്വത്തെ ഉണർത്തുകയും ജനങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യും. അവർ അപ്പോൾ നിരാശരായ പ്രവാസികൾക്ക് പകരം “നീതിവൃക്ഷങ്ങൾ’’ ആയി മാറും (വാ. 3).
മാലിന്യത്തിൽ നിന്നും വിവേചനത്തിൽ നിന്നും ദൈവത്തിന് മഹത്വം സൃഷ്ടിക്കാൻ കഴിയുമെന്ന് ആ ടൂലിപ്‌സ് കാണിക്കുന്നു. ഓരോ വസന്തകാലത്തും ടൂലിപ്‌സ് കാണാൻ – അതിലും പ്രധാനമായി എന്റെ അയൽപക്കങ്ങളിലും മറ്റ് സമൂഹങ്ങളിലും പുതിയ പ്രതീക്ഷകൾ കാണാൻ – ഞാൻ കാത്തിരിക്കുന്നു.
നിങ്ങളുടെ സമൂഹത്തിൽ എവിടെയാണ് നിരാശയ്ക്കു പകരം സൗന്ദര്യം സ്ഥാനംപിടിക്കുന്നതായി നിങ്ങൾ കണ്ടത്? നിരാശയുടെ ഇടങ്ങളിൽ സൗന്ദര്യം സൃഷ്ടിക്കാൻ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?
എന്റെ സാഹചര്യങ്ങൾ മോശമാണെന്ന് തോന്നുമ്പോൾ പോലും സൗന്ദര്യം കാണാൻ എന്നെ അനുവദിച്ച ദൈവമേ, അങ്ങേയ്ക്കു നന്ദി.