എന്റെ സുഹൃത്തുക്കളായ അൽ ഷിഫറും കാത്തിയും അവരുടെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഐക്കണിക് വിമാനം എയർഷോകൾക്കായി പറത്തിയപ്പോൾ, പ്രായമായ യുദ്ധവിദഗ്ദ്ധരുടെ പ്രതികരണങ്ങളാണ് അവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്. അവർ പങ്കെടുത്ത യുദ്ധങ്ങളെക്കുറിച്ചും അവർ പറത്തിയ വിമാനങ്ങളെക്കുറിച്ചും സംസാരിക്കാൻ അവർ മുന്നോട്ടുവന്നു. അവരുടെ മിക്ക യുദ്ധക്കഥകളും കണ്ണീരോടെയാണവർ പങ്കുവെച്ചത്. തങ്ങളുടെ രാജ്യത്തെ സേവിക്കുമ്പോൾ ലഭിച്ച ഏറ്റവും നല്ല വാർത്ത, “യുദ്ധം അവസാനിച്ചു, കുട്ടികളേ. വീട്ടിലേക്ക് പോകാനുള്ള സമയമായി’’ എന്നതായിരുന്നുവെന്ന് മിക്കവരും പറഞ്ഞു.

മുൻ തലമുറയിൽ നിന്നുള്ള ഈ വാക്കുകൾ യേശുവിലുള്ള വിശ്വാസികൾ ഏർപ്പെട്ടിരിക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ യുദ്ധം ആത്മാക്കളുടെ ശത്രുവായ പിശാചിനെതിരായ നമ്മുടെ വിശ്വാസ പോരാട്ടമാണ്. അപ്പൊസ്തലനായ പത്രൊസ് നമുക്ക് മുന്നറിയിപ്പ് നൽകുന്നു: “നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.’’ യേശുവിലുള്ള നമ്മുടെ വിശ്വാസത്തിൽ നിന്ന് നമ്മെ അകറ്റാൻ അവൻ നമ്മെ പലവിധത്തിൽ പ്രലോഭിപ്പിക്കുകയും കഷ്ടതകളിലൂടെയും പീഡനങ്ങളിലൂടെയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. പത്രൊസ് തന്റെ ആദ്യ വായനക്കാരെയും ഇന്നത്തെ നമ്മെയും “ഉണർന്നിരിക്കുവാനും നിർമ്മദരായിരിക്കുവാനും’’ ആഹ്വാനം ചെയ്തു (1 പത്രൊസ് 5:8). നാം പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതിനാൽ യുദ്ധത്തിൽ കീഴടങ്ങാനും ശത്രു നമ്മെ വീഴ്ത്തുവാനും അവൻ അനുവദിക്കില്ല.

ഒരു ദിവസം യേശു മടങ്ങിവരുമെന്ന് നമുക്കറിയാം. അവൻ വരുമ്പോൾ, അവന്റെ വാക്കുകൾ ലോകമഹായുദ്ധകാലത്തെ സൈനികർക്ക് അനുഭവപ്പെട്ടതിനു സമാനമായ ഫലമാണുണ്ടാക്കുക – നമ്മുടെ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീരും ഹൃദയങ്ങളിൽ സന്തോഷവും അതു വരുത്തും: “യുദ്ധം അവസാനിച്ചു, കുട്ടികളേ. വീട്ടിലേക്ക് പോകാനുള്ള സമയമായി.’’