മോശം ഭാഷ എങ്ങനെ ഇല്ലാതാക്കാം? ഒരു ഹൈസ്‌കൂൾ “മോശം ഭാഷ പാടില്ല’’ എന്ന വാഗ്ദാനം നടപ്പാക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു: “[ഞങ്ങളുടെ സ്‌കൂളിന്റെ] കോമ്പൗണ്ടിനുള്ളിൽ ഒരു തരത്തിലുമുള്ള അശ്ലീല ഭാഷകൾ ഉപയോഗിക്കില്ലെന്ന് ഞാൻ ആത്മാർത്ഥമായി പ്രതിജ്ഞ ചെയ്യുന്നു.’’ ഇതൊരു മഹത്തായ ശ്രമമായിരുന്നു, പക്ഷേ, യേശുവിന്റെ അഭിപ്രായത്തിൽ, ബാഹ്യമായ ഒരു നിയമത്തിനും പ്രതിജ്ഞയ്ക്കും ഒരിക്കലും മോശമായ സംസാരത്തിന്റെ ഗന്ധം മറയ്ക്കാൻ കഴികയില്ല.
നല്ല ഫലം കായ്ക്കുന്ന വൃക്ഷത്തെ ആളുകൾ തിരിച്ചറിയുന്നതുപോലെ, നമ്മുടെ വായിൽ നിന്ന് വരുന്ന വാക്കുകളുടെ ദുർഗന്ധം അകറ്റുന്നത് നമ്മുടെ ഹൃദയത്തെ നവീകരിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത് (ലൂക്കൊസ് 6:43-44), നമ്മുടെ ഹൃദയം അവനോടും അവന്റെ വഴികളോടും യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതിന്റെ ബോധ്യപ്പെടുത്തുന്ന സൂചകമാണ് നമ്മുടെ സംസാരം എന്ന് യേശു പറഞ്ഞു. അധരഫലം ഒരു വ്യക്തിയുടെ സംസാരത്തെ സൂചിപ്പിക്കുന്നു, “ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നത്’’ (വാക്യം 45). നമ്മുടെ വായിൽ നിന്ന് വരുന്ന കാര്യങ്ങൾ മാറ്റണമെങ്കിൽ, അവൻ നമ്മെ സഹായിക്കുന്നതുപോലെ, നമ്മുടെ ഹൃദയങ്ങളെ മാറ്റുന്നതിലാണ് ആദ്യം നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ക്രിസ്തു ചൂണ്ടിക്കാണിച്ചു.
രൂപാന്തരപ്പെടാത്ത ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന അസഭ്യമായ ഭാഷയെ നിയന്ത്രിക്കാൻ ബാഹ്യ പ്രതിജ്ഞകൾ ഉപയോഗശൂന്യമാണ്. ആദ്യം യേശുവിൽ വിശ്വസിക്കുകയും (1 കൊരിന്ത്യർ 12:3) എന്നിട്ട് നമ്മെ നിറയ്ക്കാൻ പരിശുദ്ധാത്മാവിനെ ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് അസഭ്യമായ സംസാരം ഇല്ലാതാക്കാൻ കഴിയൂ (എഫെസ്യർ 5:18). ദൈവത്തിന് തുടർച്ചയായി നന്ദി അർപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കാനും സഹായിക്കാനും അവൻ നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്നു (വാക്യം 20). അപ്പോൾ നാം മറ്റുള്ളവരോട് പ്രോത്സാഹജനകവും ഉത്സാഹിപ്പിക്കുന്നതുമായ വാക്കുകൾ സംസാരിക്കാൻ തുടങ്ങും (4:15, 29; കൊലൊസ്യർ 4:6).
എന്റെ വാക്കുകളും സംസാരവും എന്റെ ഹൃദയത്തെക്കുറിച്ച് എന്താണ് പറയുന്നത്? ഈ ദിവസങ്ങളിൽ എന്റെ സംസാരം രൂപാന്തരപ്പെടുത്താൻ ഞാൻ എങ്ങനെയാണ് പരിശുദ്ധാത്മാവിനെ ക്ഷണിക്കുന്നത്?
പ്രിയ യേശുവേ, അങ്ങയെ ബഹുമാനിക്കുന്നതും മറ്റുള്ളവരെ ഉണർത്തുന്നതുമായ വാക്കുകൾ സംസാരിക്കാൻ എന്നെ സഹായിക്കണമേ.