സേവനത്തിന്റെ ഹൃദയം
എന്റെ "അമ്മാവൻ" എമറി അന്തരിച്ചപ്പോൾ, അദ്ദേഹത്തെക്കുറിച്ച് പലരും വ്യത്യസ്തമായ ഓർമ്മകൾ പങ്കുവച്ചു. എന്നാൽ, എല്ലാവരുടെയും ഓർമ്മകളിൽ പൊതുവായിട്ടുണ്ടായിരുന്ന ഒരു കാര്യം ഇതായിരുന്നു—മറ്റുള്ളവരെ സേവിക്കുന്നതിലൂടെ എമറി ദൈവത്തോടുള്ള തന്റെ സ്നേഹം പ്രകടമാക്കി. മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ഏറ്റവും അധികം പ്രകടമായത് രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ അദ്ദേഹം 'കോർമെൻ' (യുദ്ധത്തിൽ മുറിവേറ്റവരെ പരിചരിക്കുന്ന ആൾ) ആയിരുന്നപ്പോഴാണ്. ആയുധമില്ലാതെ യുദ്ധത്തിനിറങ്ങുന്ന ഒരു വൈദ്യനാണ് കോർമെൻ. ധീരതയ്ക്ക് ഉയർന്ന സൈനിക ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു, എന്നാൽ യുദ്ധകാലത്തും അതിനുശേഷവും എമറിയെ ആളുകൾ ഏറ്റവും കൂടുതൽ ഓർക്കുന്നത് അദ്ദേഹത്തിന്റെ അനുകമ്പയുള്ള സേവനത്തിന്റെ പേരിലാണ്.
പൗലോസ് ഗലാത്യരോട് ആഹ്വാനം ചെയ്ത കാര്യം എമറി തന്റെ നിസ്വാർത്ഥതയിലൂടെ പ്രാവർത്തികമാക്കി. പൗലോസ് എഴുതി, “സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.” (ഗലാത്യർ 5:13). പക്ഷെ എങ്ങനെ? നമ്മുടെ തകർന്ന അവസ്ഥയിൽ, മറ്റുള്ളവരെക്കാൾ നമുക്കുതന്നെ ഒന്നാം സ്ഥാനം നൽകാൻ നാം കഠിനമായി ശ്രമിക്കുന്നു. അപ്പോൾ നമ്മുടെ സ്വഭാവത്തിൽ ഇല്ലാത്ത ഈ നിസ്വാർത്ഥത എവിടെ നിന്ന് വരും?
പൗലോസ് നമ്മെ പ്രബോധിപ്പിക്കുന്നു: “ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ” (ഫിലിപ്പിയർ 2:4-5). നമ്മോടുള്ള അവന്റെ വലിയ സ്നേഹത്താൽ ക്രൂശിൽ മരിക്കാൻ പോലും ക്രിസ്തു തയ്യാറായതിനെ പൗലോസ് വിവരിക്കുന്നു. പരിശുദ്ധാത്മാവ്, ക്രിസ്തുവിന്റെ ഭാവം നമ്മിൽ ഉളവാക്കുമ്പോൾ മാത്രമേ നാം മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യാൻ പ്രാപ്തരാകുകയുള്ളൂ. അപ്പോൾ, യേശു നമുക്കുവേണ്ടി സ്വയം സമർപ്പിച്ചതുവഴി ചെയ്ത പരമ ത്യാഗത്തെ പ്രതിഫലിപ്പിക്കാൻ നമുക്ക് കഴിയും. നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് നമുക്ക് കീഴടങ്ങാം.
ആശയക്കുഴപ്പങ്ങളും ആഴത്തിലുള്ള വിശ്വാസവും
ശനിയാഴ്ച രാവിലെ ഒരു ബൈബിൾ പഠനം നടക്കുന്നു. അതിൽ സംബന്ധിച്ച ഒരു പിതാവ് തന്റെ പ്രിയപ്പെട്ട, എന്നാൽ വഴിപിഴച്ച മകൾ നഗരത്തിലേക്ക് മടങ്ങിയെത്തിയതിനാൽ ആശയക്കുഴപ്പത്തിലായിരുന്നു. അവളുടെ മോശം പെരുമാറ്റം കാരണം തന്റെ വീട്ടിൽ അവൾ താമസിക്കുന്നതിൽ അയാൾ അസ്വസ്ഥനായിരുന്നു. പഠനത്തിൽ സംബന്ധിച്ച മറ്റൊരു വ്യക്തി, ദീർഘകാല രോഗവും വാർദ്ധക്യവും മൂലം ക്ഷീണിതയായിരുന്നു. നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും കാര്യമായ രോഗശമനം അവർക്ക് ലഭിച്ചിക്കാത്തതിനാൽ അവർ നിരാശയിലായിരുന്നു. ദൈവത്തിന്റെ ഹിതപ്രകാരം, അവർ അന്ന് പഠിച്ചത് മർക്കോസ് അഞ്ചാം അദ്ധ്യായം ആയിരുന്നു. ആ ബൈബിൾ പഠനം കഴിഞ്ഞപ്പോൾ അവർക്ക് എല്ലാം പ്രത്യാശയും സന്തോഷവും അനുഭവിച്ചറിയാൻ കഴിഞ്ഞു.
മർക്കോസ് 5:23-ൽ, അത്യാസന്ന നിലയിലുള്ള ഒരു കുട്ടിയുടെ പിതാവായ യായീറൊസ് യേശുവിന്റെ കാൽക്കൽ വീണു, "എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു." പെൺകുട്ടിയെ സന്ദർശിക്കാൻ പോകുന്ന വഴിയിൽ, പേര് എഴുതപ്പെടാത്ത ഒരു സ്ത്രീയുടെ ദീർഘകാലമായ രോഗം യേശു സുഖപ്പെടുത്തി, "മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു" (വാക്യം 34). യേശുവിലുള്ള വിശ്വാസത്താൽ പ്രേരിതരായ യായീറൊസും, സ്ത്രീയും അവനെ അന്വേഷിച്ചു, അവർ നിരാശരാക്കപ്പെട്ടില്ല. എന്നാൽ, യേശുവിനെ കണ്ടുമുട്ടി പ്രശ്നം പരിഹരിക്കപ്പെടുന്നതിന് മുമ്പ്
ആ രണ്ടുപേരുടെയും കാര്യങ്ങൾ കൂടുതൽ കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു.
ജീവിതത്തിലെ പ്രതിസന്ധികൾ ആരെയും വെറുതെ വിടുന്നില്ല. സ്ത്രീ പുരുഷ വർഗ വർണ്ണ ഭേദമെന്യേ നാമെല്ലാം നമ്മെ വലക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം തേടുന്നു. എന്നാൽ നാം നേരിടുന്ന വെല്ലുവിളികൾ നമ്മെ യേശുവിൽ നിന്ന് അകറ്റരുത്, മറിച്ച്, വിശ്വാസത്തിൽ ഉറപ്പിക്കുകയാണ് വേണ്ടത്. കാരണം നാം സ്പർശിക്കുന്നത് അറിഞ്ഞ് (വാ. 30)നമ്മെ സൗഖ്യമാക്കുന്നവനാണ് യേശു.
യേശുവിനെ പ്രതീക്ഷിച്ചുകൊണ്ട്
എന്റെ സുഹൃത്ത് പോൾ തന്റെ റഫ്രിജറേറ്റർ നന്നാക്കാൻ ഒരു ടെക്നീഷ്യന്റെ വരവും കാത്തുനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ഫോണിലേക്ക് ഗൃഹോപകരണ കമ്പനിയുടെ ഒരു സന്ദേശം വന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “യേശു യാത്രയിലാണ്, ഏകദേശം 11:35 ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.” ടെക്നീഷ്യന്റെ പേര് യഥാർത്ഥത്തിൽ യേശു (സ്പാനിഷ് ഭാഷയിൽ, hay-SOOS) ആണെന്ന് പോളിന് ഉടനെ മനസ്സിലായി.
എന്നാൽ ദൈവപുത്രനായ യേശു എപ്പോൾ വരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്? രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് അവൻ ഒരു മനുഷ്യനായി വന്ന് നമ്മുടെ പാപത്തിന്റെ ശിക്ഷ അനുഭവിച്ചപ്പോൾ, താൻ മടങ്ങിവരുമെന്ന് അവൻ പറഞ്ഞു—എന്നാൽ അവന്റെ മടങ്ങിവരവിന്റെ കൃത്യമായ "നാളും നാഴികയും" പിതാവിന് മാത്രമേ അറിയൂ (മത്തായി 24:36). നമ്മുടെ രക്ഷകൻ ഭൂമിയിലേക്ക് മടങ്ങിവരുന്ന നിമിഷം അറിയുകയാണെങ്കിൽ അത് നമ്മുടെ ദൈനംദിന മുൻഗണനകളിൽ എന്ത് വ്യത്യാസം വരുത്തും? (യോഹന്നാൻ 14:1-3).
യേശുവിന്റെ മടങ്ങിവരവിനായി ഒരുങ്ങിയിരിക്കാൻ യേശു നിർദ്ദേശം നൽകി: "നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരും" (മത്തായി 24:44). അവൻ നമ്മെ ഓർമ്മിപ്പിച്ചു, "നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ" (വാക്യം 42).
ക്രിസ്തുവിന്റെ മടങ്ങിവരവിന്റെ ദിവസം, നമുക്ക് ഒരു മുന്നറിയിപ്പ് നൽകാൻ നമ്മുടെ ഫോണിൽ ഒരു അലർട്ട് ലഭിക്കില്ല. അതിനാൽ, നമ്മിലൂടെ പ്രവർത്തിക്കുന്ന ആത്മാവിന്റെ ശക്തിയിലൂടെ, നമുക്ക് നിത്യതയുടെ വീക്ഷണത്തോടെ ഓരോ ദിവസവും ജീവിക്കാം. ദൈവത്തെ സേവിക്കുകയും അവന്റെ സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം മറ്റുള്ളവരുമായി പങ്കിടാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യാം.
ദൈവത്തിന്റെ ഏറ്റവും ഉൽകൃഷ്ടമായ സൃഷ്ടി
മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിൽ ന്യൂറോ സയൻസ് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, തങ്ങൾ ഇപ്പോഴും അത് മനസ്സിലാക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു. മസ്തിഷ്ക രൂപകല്പന, അതിന്റെ പ്രവർത്തനത്തിന്റെ ചില വശങ്ങൾ, പരിസ്ഥിതിയോട് പ്രതികരിക്കുന്ന, നമ്മുടെ ഇന്ദ്രിയങ്ങളെ സജീവമാക്കുന്ന, ചലനങ്ങൾ സൃഷ്ടിക്കുന്ന, വികാരങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ എന്നിവ അവർ മനസ്സിലാക്കുന്നു. എന്നാൽ ഈ ഇടപെടലുകളെല്ലാം പെരുമാറ്റം,സംവേദനം, ഓർമ്മ എന്നിവയെ എങ്ങനെ ഉളവാക്കുന്നുവെന്ന് അവർക്ക് ഇപ്പോഴും കണ്ടെത്താൻ കഴിയുന്നില്ല. ദൈവത്തിന്റെ അവിശ്വസനീയവും, സങ്കീർണ്ണവും, ഏറ്റവും ഉൽകൃഷ്ടവുമായ സൃഷ്ടി—മനുഷ്യൻ—ഇപ്പോഴും ഒരു സമസ്യയാണ്.
മനുഷ്യശരീരത്തിലെ അത്ഭുതങ്ങളെ ദാവീദ് ഊന്നിപ്പറയുന്നു. ആലങ്കാരിക ഭാഷ ഉപയോഗിച്ച്, അവൻ ദൈവത്തിന്റെ ശക്തിയെ പ്രകീർത്തിച്ചു, “എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു” (സങ്കീർത്തനം 139:13). അവൻ എഴുതി, “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ... നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;” (വാക്യം 14). മാതാവിന്റെ ഗർഭപാത്രത്തിനുള്ളിൽ ഒരു കുഞ്ഞ് വളരുന്നത് വിശദീകരിക്കാനാവാത്ത കാര്യമായിട്ടാണ് പഴമക്കാർ വീക്ഷിച്ചിരുന്നത് (സഭാപ്രസംഗി 11:5 കാണുക). മനുഷ്യശരീരത്തിന്റെ അത്ഭുതകരമായ സങ്കീർണ്ണതകളെക്കുറിച്ചുള്ള പരിമിതമായ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ദാവീദ് അപ്പോഴും ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തിയുടെയും സാന്നിധ്യത്തിൻ്റെയും മുമ്പിൽ ഭയഭക്തിയോടെയും, അത്ഭുതത്തോടെയും നിന്നു.
മനുഷ്യശരീരത്തിന്റെ അത്ഭുതകരവും വിസ്മയകരവുമായ സങ്കീർണ്ണത നമ്മുടെ വലിയവനായ ദൈവത്തിന്റെ ശക്തിയെയും പരമാധികാരത്തെയും പ്രതിഫലിപ്പിക്കുന്നു. സ്തുതിയും, ഭയഭക്തിയും, ആശ്ചര്യവും മാത്രമായിരിക്കും ഇതിനോടുള്ള നമ്മുടെ പ്രതികരണങ്ങൾ!
ഷെബ്നയുടെ കല്ലറ
ചെന്നൈയിലെ മറീന ബീച്ചിനടുത്ത് തന്റെ ഗുരുവായ സി എൻ അണ്ണാദുരൈയുടെ അടുത്ത് തന്നെ അടക്കം ചെയ്യാൻ തമിഴ് രാഷ്ട്രതന്ത്രജ്ഞനായ കരുണാനിധി ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ യുക്തിവാദ വിശ്വാസം മൂലം മതപരമായ ചടങ്ങുകളൊന്നും നടത്താൻ അദ്ദേഹം ആഗ്രഹിച്ചില്ല.
അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ഒരു വലിയ സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ നിരീശ്വരവാദം ഉപയോഗിച്ച് തനിക്ക് മനുഷ്യവംശത്തിന്റെ യാഥാർഥ്യങ്ങളായ ജീവിതവും മരണവും നിഷേധിക്കാൻ കഴിഞ്ഞില്ല. നമ്മുടെ വേർപാടിനെ ഗൗനിക്കാതെ, നമ്മുടെ അസാന്നിധ്യത്തിലും മനുഷ്യജീവിതം മുന്നോട്ട് പോകുമെന്നത് ഒരു നഗ്നമായ യാഥാർഥ്യമാണ്.
യഹൂദയുടെ ചരിത്രത്തിലെ ദുഷ്കരമായ ഒരു കാലഘട്ടത്തിൽ, മരണാനന്തരം തന്റെ പൈതൃകം ഉറപ്പാക്കാൻ ഷെബ്ന എന്ന "കൊട്ടാരം നടത്തിപ്പുകാരൻ" തനിക്കായി ഒരു ശവകുടീരം ഉണ്ടാക്കി. എന്നാൽ ദൈവം തന്റെ പ്രവാചകനായ യെശയ്യാവ് മുഖേന അവനോട് പറഞ്ഞു, "നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആർക്കായിട്ടു? ഉയർന്നോരു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു." (യെശയ്യാവു 22:16). പ്രവാചകൻ അവനോട് പറഞ്ഞു, “[ദൈവം] നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും;” (വാക്യം 18).
ഷെബ്നക്ക് കാര്യം തെറ്റി. നമ്മൾ എവിടെ അടക്കം ചെയ്യപ്പെടുന്നു എന്നതല്ല പ്രധാനം; നമ്മൾ ആരെ സേവിക്കുന്നു എന്നതാണ് പ്രധാനം. യേശുവിനെ സേവിക്കുന്നവർക്ക് ഈ അളവറ്റ ആശ്വാസമുണ്ട്: "ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ;" (വെളിപാട് 14:13). നമ്മുടെ "വിട്ടുപോകലിനോട്" ഒരിക്കലും നിസ്സംഗത പുലർത്താത്ത ഒരു ദൈവത്തെ നാം സേവിക്കുന്നു. അവൻ നമ്മുടെ വരവ് പ്രതീക്ഷിക്കുകയും നമ്മെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു!